(moviemax.in) ആസിഫ് അലിയുടെ സിനിമകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ റീവാച്ച് ചെയ്യുന്ന സിനിമകളിൽ ഒന്നാണ് ഹണി ബീ. 2013ൽ പുറത്തിറങ്ങിയ സിനിമ സംവിധാനം ചെയ്തത് ലാലിന്റെ മകനും നടനുമായ ജീൻ പോൾ ലാലായിരുന്നു. ജീൻ പോളിന്റെ സിനിമ അരങ്ങേറ്റം കൂടിയായിരുന്നു ഹണി ബീയിലൂടെ സംഭവിച്ചത്. സിനിമയിൽ നായിക ഭാവനയായിരുന്നു. ലാൽ, ബാബുരാജ്, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, അർച്ചന കവി തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്.
ചിത്രത്തിലെ പാട്ടുകളും കോമഡി സീനുകളുമെല്ലാം ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. നായകനായി ആസിഫ് അലി മുൻനിരയിലേക്ക് ഉയർന്ന് വരുന്ന സമയത്ത് സംഭവിച്ച സിനിമ കൂടിയായിരുന്നു ഹണി ബീ. ഇപ്പോഴിതാ ഹണി ബിയുടെ റിലീസ് ദിവസം സിനിമ കാണാൻ ഭാര്യ സമയ്ക്കൊപ്പം തിയേറ്ററിൽ പോയപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ആസിഫ് അലി.
അടുത്തിടെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി സംസാരിക്കവെ നൽകിയ അഭിമുഖത്തിലാണ് ഹണി ബീ സിനിമയെ കുറിച്ച് ആസിഫ് അലി സംസാരിച്ചത്. ചിത്രത്തിൽ തന്റെ ലിപ് ലോക്ക് സീനുണ്ടെന്ന് പറയാതെയാണ് ഭാര്യയുമായി തിയേറ്ററിലേക്ക് പോയതെന്നും അന്ന് തന്നെക്കാൾ ടെൻഷൻ അടിച്ചത് ലാലായിരുന്നുവെന്നും ആസിഫ് അലി പറയുന്നു.
സിനിമ ക്ലൈമാക്സിൽ എത്തുമ്പോഴാണ് ബോട്ടിൽ വെച്ച് നായിക ഭാവനയെ ആസിഫ് അലി ചുംബിക്കുന്ന സീനുള്ളത്. വിവാഹം കഴിഞ്ഞശേഷം ഞാനും സമയും ആദ്യമായി തിയേറ്ററിൽ ഒരുമിച്ച് പോയി കണ്ട സിനിമ ഹണി ബീയായിരുന്നു. സിനിമയുടെ ക്ലൈമാക്സിൽ ഭാവനയെ കിസ് ചെയ്യുന്നൊരു സീക്വൻസുണ്ട്. സമയെ കല്യാണം കഴിഞ്ഞശേഷം ആദ്യമായി എന്റെ ഒരു സിനിമ കാണിക്കാൻ തിയേറ്ററിൽ കൊണ്ടുപോവുകയാണ്.
ഈ കിസ്സിങ് സീനിനെ കുറിച്ച് ആർക്കും ഒരു ഐഡിയയും ഇല്ല. ഞങ്ങൾ കുറച്ചുപേർക്ക് മാത്രമെ ഇങ്ങനൊരു സീൻ സിനിമയിലുണ്ടെന്ന് അറിയൂ. ലാൽ സാറിന് അന്ന് രണ്ട് ടെൻഷനാണ് ഉണ്ടായിരുന്നത്. ഒരു ടെൻഷൻ മകൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ എന്നതായിരുന്നു. മറ്റൊന്ന് എന്റെ കിസ്സിങ് സീൻ സിനിമയിലുണ്ടെന്നതാണ്. സിനിമയുടെ റിലീസിന്റെ തലേദിവസം മുതൽ കിസ്സിങ് സീനിനെ കുറിച്ച് സമയോട് പറയണോയെന്ന് ലാൽ സാർ എന്നോട് നിരന്തരം ചോദിക്കുന്നുണ്ട്.
അങ്ങനെ പറഞ്ഞില്ലെങ്കിൽ കുഴപ്പമുണ്ടോയെന്നാണ് ഞാൻ തിരിച്ച് ചോദിച്ചത്. കല്യാണം കഴിഞ്ഞ് അവൾ ആദ്യമായി നിനക്കൊപ്പം നിന്റെ ഒരു സിനിമ കാണാൻ വരുമ്പോൾ നീ നായികയെ സ്മൂച്ച് ചെയ്യുന്നുവെന്ന ഒരു പ്രശ്നമുണ്ടല്ലോയെന്നാണ് ലാൽ സാർ എന്നോട് ചോദിച്ചത്. ഈ സീക്വൻസ് എത്താറായപ്പോൾ ലാൽ സാർ സമയുടെ മുഖത്തേക്കാണ് നോക്കിയത്.
പക്ഷെ സീൻ കണ്ടിട്ട് സമയുടെ മുഖത്ത് വലിയ ഭാവ വ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല. ശേഷം ലാൽ സാർ വന്ന് മോളെ ഇത് ശരിക്കും ഫിലിം അടുപ്പിക്കുന്നതാണ് അല്ലാതെ കിസ് ചെയ്തതല്ലെന്ന് സമയോട് പറഞ്ഞു. എന്നോടുള്ള കെയറിങ്ങിന്റെയും ഇഷ്ടത്തിന്റേയും പേരിലാണ് അന്ന് ലാൽ സാർ സമയോട് അങ്ങനെ പറഞ്ഞത്. എനിക്ക് ഇതൊക്കെ അറിയാം എന്നായിരുന്നു സമയുടെ മറുപടിയെന്നും ആസിഫ് അലി പറയുന്നു.
വെറും സിനിമാ സൗഹൃദം എന്നതിലുപരി സഹോദരങ്ങളേയും കുടുംബാംഗങ്ങളേയും പോലെയാണ് ആസിഫ് അലി ജീൻ പോളുമായും ബാലു വർഗീസുമായും ലാലിന്റെ കുടുംബവുമായെല്ലാം അടുപ്പം സൂക്ഷിക്കുന്നത്. സുഖത്തിലും ദുഖത്തിലും ആസിഫ് അലിക്കൊപ്പം എപ്പോഴും നിന്നിട്ടുള്ളതും ഇവർ തന്നെയാണ്.
asifali shared experience watching movie honeybee wife sama