(moviemax.in) മർദ്ദിച്ചെന്ന മാനേജരുടെ പരാതിയിൽ നടൻ ഉണ്ണി മുകുന്ദനെതിരെ കേസെടുത്തു. കൊച്ചി ഇൻഫോ പാർക്ക് പൊലീസാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ പരാതിക്കാരനായ വി വിപിൻ കുമാറിൻ്റെ മൊഴി ഇൻഫോപാർക്ക് പൊലീസ് രേഖപ്പെടുത്തിയിരുന്നു.
ഉണ്ണി മുകുന്ദൻ്റെ ഒടുവിൽ ഇറങ്ങിയ സിനിമ പരാജയപ്പെട്ട സാഹചര്യത്തിൽ മാനേജർ നരിവേട്ട സിനിമയെ പുകഴ്ത്തി സോഷ്യൽ മീഡിയ പോസ്റ്റ് ഇട്ടതാണ് നടനെ പ്രകോപിച്ചത് എന്നാണ് പരാതിയിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് അസഭ്യം പറഞ്ഞ് മർദ്ദിക്കാനുള്ള കാരണം എന്നും പരാതിയിൽ പറയുന്നു.
തന്‍റെ ഫ്ലാറ്റിൽ വന്ന് പാർക്കിംഗ് ഏരിയയിലേക്ക് വിളിച്ച് വരുത്തിയാണ് മർദ്ദിച്ചത്. മാർകോയ്ക്ക് ശേഷം പുതിയ പടങ്ങൾ കിട്ടാത്തതിന്‍റെ നിരാശയാണ് ഉണ്ണി മുകുന്ദനെന്നും അത് പലരോടും തീർക്കുകയാണെന്നും മാനേജർ പറഞ്ഞു. പലതരം ഫ്രസ്ട്രേഷനുണ്ട് ഉണ്ണി മുകുന്ദനെന്ന് വിപിൻ പറയുന്നു. സംവിധാനം ചെയ്യാനിരുന്ന പടത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്‍മാറി. കൂടെയുള്ളവരോടാണ് ഉണ്ണി ഫ്രസ്ട്രേഷൻ തീർക്കുന്നതെന്നും വിപിൻ പറഞ്ഞു. ആറ് വർഷമായി താൻ ഉണ്ണിയുടെ മാനേജരാണ്. നരിവേട്ടയെ കുറിച്ച് പോസ്റ്റ് ഇട്ടതിന് പിന്നാലെ ഫോണിൽ അസഭ്യം പറഞ്ഞു. പിന്നാലെ ഫ്ലാറ്റിലെത്തി മർദ്ദിക്കുകയായിരുന്നുവെന്നും വിപിൻ പറഞ്ഞു.
താനൊരു സിനിമാ പ്രവർത്തകനാണെന്നും പല സിനിമകൾക്ക് വേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും വിപിൻ ചൂണ്ടിക്കാണിച്ചു. ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. അതൊക്കെ പിന്നീട് പറയുമെന്നും പൊലീസിന് വിശദമനായ മൊഴിനൽകിയിട്ടുണ്ടെന്നും വിപിൻ മാധ്യമങ്ങളോട് പ്രതികരിച്ചു. എഎംഎംഎ, ഫെഫ്ക അടക്കമുള്ള സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ടെന്ന് വിപിൻ കൂട്ടിച്ചേർത്തു.
case filed against actor unnimukundan based managers complaint