(moviemax.in) ഒരു കാലത്ത് മലയാള സിനിമയിൽ സജീവമായി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് സംവിധായകൻ കൂടിയായ ശാന്തിവിള ദിനേശ്. പുതിയ റിലീസുകളുമായും താരങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങളിൽ തന്റെ നിലപാട് വ്യക്തിമാക്കി പലപ്പോഴും വീഡിയോകൾ ചെയ്ത് സ്വന്തം യുട്യൂബ് ചാനലിലൂടെ പങ്കിടാറുമുണ്ട്. ഇപ്പോഴിത അടുത്തിടെ റിലീസ് ചെയ്ത മലയാള സിനിമകളായ തുടരുമിനെ കുറിച്ചും പ്രിൻസ് ആന്റ് ഫാമിലിയെ കുറിച്ചും ശാന്തിവിള ദിനേശ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. തുടരും സിനിമയെ കുറിച്ച് സംസാരിച്ചുകൊണ്ടാണ് ശാന്തിവിള ദിനേശിന്റെ വീഡിയോ ആരംഭിക്കുന്നത്.
തുടരും സിനിമ വലിയ വിജയമായതോടെ സൂപ്പർ താരങ്ങളുടെയെല്ലാം ഓപ്പൺ ഡേറ്റ് തരുൺ മൂർത്തിക്ക് ലഭിച്ചതായി ദിനേശ് പറയുന്നു. പക്ഷെ ഇനിയങ്ങോട്ട് വളരെ സൂക്ഷിച്ച് നീങ്ങിയില്ലെങ്കിൽ തരുണിന്റെ കരിയറിനെ ബാധിക്കാൻ സാധ്യതയുള്ളതായും ശാന്തിവിള ദിനേശ് കൂട്ടിച്ചേർത്തു. എനിക്ക് എപ്പോഴും സിനിമയെ കുറിച്ച് തോന്നിയൊരു കാര്യമുണ്ട്. ഒരു സിനിമ വിജയിച്ചുവെന്ന് വെച്ചോളൂ. വിജയിക്കാൻ വേണ്ടിയാണ് എല്ലാവരും സിനിമ എടുക്കുന്നത്. അങ്ങനെ വലിയ വിജയമായ ഒരു സിനിമ വന്നാൽ ആ സിനിമയുമായി സഹകരിച്ചവർക്കൊക്കെ പുതിയ ഓഫറുകൾ കൊണ്ട് നിന്ന് തിരിയാൻ പറ്റാത്ത തരത്തിലാകും.
ഏത് സ്വീകരിക്കണമെന്ന് പോലും അറിയാതെ കൺഫ്യൂഷനിലാകും. ഇത്തരത്തിലുള്ള ഒരുപാട് സിനിമകളുടെ ചരിത്രം എനിക്ക് അറിയാം. അഞ്ച് സിനിമ പരാജയപ്പെട്ടിട്ട് ഒന്ന് വിജയിച്ചാലും മതി പിന്നെ നിൽക്കാൻ പറ്റില്ല ആ ആളിന്. കേരളത്തിൽ നിന്ന് മാത്രം നൂറ് കോടി നേടിയ സിനിമയായി മാറുകയാണ് തരുൺ മൂർത്തി സംവിധാനം ചെയ്ത് രഞ്ജിത്ത് നിർമ്മിച്ച തുടരും. ഇന്ത്യയെ മാറ്റി നിർത്തി മറ്റ് രാജ്യങ്ങളിൽ നിന്നെല്ലാമായി 93 കോടിയാണ് സിനിമ കലക്ഷനായി നേടിയതെന്നാണ് റിപ്പോർട്ട്. ചിത്രത്തിലെ പാട്ട് മൂന്ന് കോടിക്ക് അടുത്ത് നൽകിയാണ് സോണി ലൈവ് വാങ്ങിയത്.
അങ്ങനെ ചരിത്ര വിജയമായി മാറുകയാണ് തുടരും. പത്ത് വർഷം സംവിധാനം ചെയ്താലും തീരാത്ത അത്രത്തോളം ഓഫറുകളാണ് തരുൺ മൂർത്തിക്ക് തുടരും വിജയമായതോടെ വരുന്നതെന്നാണ് ഞാൻ അറിഞ്ഞത്. കേട്ടപ്പോൾ അതിശയം തോന്നി. മറ്റൊരു സിനിമ ചെയ്യാൻ കൂടി മോഹൻലാൽ ഓപ്പൺ ഡേറ്റ് തരുൺ മൂർത്തിക്ക് കൊടുത്തിട്ടുണ്ടെന്നാണ് അറിഞ്ഞത്. നടൻ സൂര്യയുടേയും ഓപ്പൺ ഡേറ്റ് തരുൺ മൂർത്തിക്ക് കിട്ടിയിട്ടുണ്ട്.
ദുൽഖർ സൽമാൻ, കാർത്തി, ശിവകാർത്തികേയൻ തുടങ്ങിയവരും ദിലീപ് അടക്കം മാർക്കറ്റ് വാല്യുവുള്ള മലയാളത്തിലെ ഭൂരിഭാഗം താരങ്ങളും തരുൺ മൂർത്തിക്ക് ഓപ്പൺ ഡേറ്റ് കൊടുത്തിട്ടുണ്ട്. ഇനി ഇപ്പോൾ ആര് സിനിമ പിടിക്കണമെന്ന് ചിന്തിച്ചാലും ഈ സിനിമ ചെയ്യണമെങ്കിൽ തരുൺ മൂർത്തി തന്നെ വേണമെന്ന അവസ്ഥയിൽ എത്തി നിൽക്കുകയാണ്. അതാണ് സിനിമയുടെ ശാപം എന്ന് ഞാൻ പറയുന്നത്. ഇനി ശരിക്കും സൂക്ഷിക്കേണ്ടത് തരുൺ മൂർത്തിയാണ്.
കാരണം അടുത്തതായി സംവിധാനം ചെയ്യുന്ന സിനിമ തുടരുമിന്റെ പകുതി വിജയമെങ്കിലും നേടിയില്ലെങ്കിൽ തരുൺ മൂർത്തിക്കാകും അതിന്റെ അപകടം. കാരണം ഇവരെല്ലാം മുങ്ങി കളയും. പിന്നെ വിളിച്ചാൽ ഫോൺ എടുക്കുകയില്ല. ഒരുപാട് ആലോചിച്ച് ചിന്തിച്ച് മാത്രമെ ഓരോ സിനിമയും ചെയ്യാവൂവെന്നും ശാന്തിവിള ദിനേശ് പറയുന്നു. ദിലീപ് സിനിമ പ്രിൻസ് ആന്റ് ഫാമിലിക്ക് ലഭിച്ച പ്രേക്ഷക പ്രതികരണങ്ങളെ കുറിച്ചും നെഗറ്റീവ് റിവ്യുകളോട് തനിക്കുള്ള എതിർപ്പും പുതിയ വീഡിയോയിലൂടെ ശാന്തിവിള ദിനേശ് പങ്കുവെച്ചു. ദിലീപ് സിനിമയെ കുറിച്ച് താൻ സംസാരിക്കുന്നത് പണം വാങ്ങിയിട്ടല്ലെന്നും ദിനേശ് ആവർത്തിച്ചു.
കോവലൻ വീണ്ടും പൈസ അയച്ച് തന്നോ, കോവലന്റെ കയ്യിൽ നിന്നും എത്ര ലക്ഷം കിട്ടി എന്നൊക്കെ തുടങ്ങി ദിലീപിനേയും എന്നേയും കണക്ട് ചെയ്ത് ഞാൻ ഈ വീഡിയോ ചെയ്ത് കഴിയുമ്പോൾ കുറേ പമ്പര വിഡ്ഢികൾ കമന്റ് എഴുതുമെന്ന് എനിക്ക് അറിയാം. അതിലൂടെ എന്തെങ്കിലും സുഖം എഴുതുന്നവന് കിട്ടുകയാണെങ്കിൽ കിട്ടികൊള്ളട്ടേ. എന്തായാലും ദിലീപിന്റെ നൂറ്റിഅമ്പതാമത്തെ ചിത്രം വലിയ വിജയമായിരിക്കുന്നു. ഈ വിജയം ദിലീപിന് ഒരു അനുഗ്രഹമായിയെന്ന് ഞാൻ പറയും.
ദിലീപിന്റെ അവസ്ഥ മോശമായതിനാലാണോ പറഞ്ഞ തുക കുറവായതുകൊണ്ടാണോയെന്ന് അറിയില്ല നിർമ്മാതാവ് ലിസ്റ്റിൽ സ്റ്റീഫൻ പ്രിൻസ് ആന്റ് ഫാമിലിയുടെ സാറ്റ്ലൈറ്റും ഒടിടിയും വിറ്റിരുന്നില്ല. സിനിമ സൂപ്പർഹിറ്റായതുകൊണ്ട് ഇനി ലിസ്റ്റിന് വലിയ തുക ലഭിക്കാൻ സാധ്യതയുണ്ട്. മുടക്ക് മുതലും ലാഭവും തിയേറ്റർ കലക്ഷനിലൂടെ തന്നെ പ്രിൻസ് ആന്റ് ഫാമിലിക്ക് കിട്ടിയത്രെ. അതുപോലെ ഈ സിനിമയെ ഇകഴ്ത്തിക്കൊണ്ട് റിവ്യു ചെയ്തവൻ തന്നെ പറയുന്നു എന്റെ കണക്ക് കൂട്ടലുകൾ തെറ്റിപ്പോയി ദിലീപേട്ടൻ വിജയിച്ചുവെന്ന്. അതോടെ തന്നെ ആ റിവ്യൂവറുടെ സിനിമ വിലയിരുത്തൽ പക്ഷപാതപരവും വ്യക്തിഹത്യയുടേയും ഭാഗമാണെന്ന് മനസിലായിക്കാണുമല്ലോ.
santhiviladinesh video thudarum prince and family movie success