May 23, 2025 11:23 AM

പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്നാരോപിച്ച് റാപ്പര്‍ വേടനെതിരെ എന്‍.ഐ.എക്കും ആഭ്യന്തരവകുപ്പിനും പരാതി. പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാറാണ് പരാതി നല്‍കിയത്. മോദിയെ കപട ദേശീയ വാദിയെന്ന് വേടൻ അവഹേളിച്ചെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നാല് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ‘വേടന്റെ വോയ്‌സ് ഓഫ് വോയ്‌സ് ലെസ്’ എന്ന പാട്ടില്‍ മോദിയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളുണ്ടെന്നാണ് ആരോപണം. പൊതു വ്യക്തിത്വങ്ങളെ അധിക്ഷേപിക്കല്‍, വിദ്വേഷം വളര്‍ത്തല്‍, ജാതി വിവേചനം പ്രോത്സാഹിപ്പിക്കുന്ന ജാതി അധിഷ്ടിത അപകീര്‍ത്തിപ്പെടുത്തല്‍, അക്രമവും വിദ്വേഷവും വളര്‍ത്തുന്നതിന് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗം തുടങ്ങിയവ ആരോപിച്ചാണ് പരാതി.

‘വേടന് എത്രതന്നെ ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ടെങ്കിലും അയാള്‍ ഒരു ഇന്ത്യന്‍ പൗരനാണ്. ഇന്ത്യയുടെ ഭരണഘടന അനുശാസിക്കുന്ന രീതിയില്‍ നില്‍ക്കണം’ -മിനി കൃഷ്ണകുമാർ പറഞ്ഞു. ഇന്നത്തെ ആധുനിക കാലഘട്ടത്തിനും സര്‍ക്കാറിന്റെ വിശ്വാസ്യതക്കും പറ്റിയ കാര്യമല്ല വേടന്റെ വരികളില്‍ ഉള്ളതെന്നും അവർ കുറ്റപ്പെടുത്തി. ക‍ഴിഞ്ഞ ദിവസം വേടനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ഹിന്ദു ഐക്യ വേദി നേതാവ് കെ.പി. ശശികല രംഗത്തുവന്നിരുന്നു. വേടന്റെ പ്രമോട്ടർമാർ തീവ്ര ഇസ്‍ലാമിക സംഘടനകളും ഹിന്ദു വിരുദ്ധ ശക്തികളുമാണെന്നും ശശികല ആരോപിച്ചിരുന്നു.

‘പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങൾക്ക്‌ തനതായ എന്തെല്ലാം കലാരൂപങ്ങളുണ്ട്? റാപ്പ് സംഗീതമാണോ ഇവിടുത്തെ പട്ടികജാതി- പട്ടികവിഭാഗക്കാരുടെ തനതായ കലാരൂപം? ഗോത്രസംസ്‌കൃതി അതാണോ?’ എന്നും പാലക്കാട് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പരിപാടിയിൽ ശശികല ചോദിച്ചിരുന്നു. താൻ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തിനെ ഭയക്കുന്നത് കൊണ്ടാണ് ശശികല ഇങ്ങനെ ചോദിച്ചതെന്നും റാപ്പ്‌ ചെയ്യുന്നത് എന്തിനാണ് എന്ന ചോദ്യം തന്നെ ജനാധിപത്യവിരുദ്ധമാണെന്നും ഇതിന് മറുപടിയായി വേടൻ പ്രതികരിച്ചു. ഇതിന് പിന്നാലെ, ഞാനൊരമ്മയും അമ്മൂമ്മയും റിട്ട അധ്യാപികയുമായതിനാൽ വേടന്റെ രാഷ്ട്രീയത്തെ ഭയക്കുന്നുവെന്ന് ശശികല ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

Complaint filed against rapper Vedan allegedly insulting PrimeMinister Narendramodi

Next TV

Top Stories










News Roundup