(moviemax.in) മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മ്മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ദാക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു. ഷോണ്‍ ആന്റണി, ബാബു ഷാഹിര്‍, നടൻ സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്. കേസില്‍ പൊലീസിന് അന്വേഷണം തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ലാഭവിഹിതം നൽകിയില്ലെന്ന മരട് സ്വദേശിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സിനിമയുടെ ലാഭവിഹിതം പങ്കുവച്ചില്ലെന്നായിരുന്നു പരാതിക്കാരനായ സിറാജ് വലിയ തറ നല്‍കിയ കേസ്. എന്നാൽ സിറാജ് വലിയതറ എന്ന പരാതിക്കാരൻ സിനിമക്ക് വേണ്ടി നൽകേണ്ടിയിരുന്ന പണം കൃത്യ സമയത്ത് നൽകാതിരിക്കുകയും, അത് മൂലം കനത്ത നഷ്ടം സഹിക്കേണ്ടി വന്നു എന്നും ആയിരുന്നു കുറ്റാരോപിതരുടെ വാദം. കൃത്യ സമയത്ത് പണം ലഭിക്കാത്തതിനാൽ ഷൂട്ട് ഷെഡ്യൂളുകൾ മുടങ്ങുകയും, ഷൂട്ടിംഗ് നീണ്ടു പോകുകയും ചെയ്‌തെന്നും നിർമാതാക്കളും വാദിച്ചിരുന്നു.
ഇരുന്നൂറ് കോടിയോളം രൂപ നേടി ഇൻഡസ്ട്രിയൽ ഹിറ്റ് ആയി മാറിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ചിദംബരം സംവിധാനം ചെയ്ത ചിത്രം കേരളത്തിനകത്തും പുറത്തും വലിയ രീതിയിലുള്ള സ്വീകാര്യത നേടി. ഫെബ്രുവരി 22 നാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്.
manjummalboys film financial fraud case highcourt rejects producers demand quash case