May 21, 2025 02:41 PM

41 വര്‍ഷക്കാലം അങ്കണവാടി ഹെല്‍പ്പര്‍ ആയിരുന്ന അമ്മയെക്കുറിച്ച് അവര്‍ വിരമിച്ചതിന്‍റെ പശ്ചാത്തലത്തില്‍ നടന്‍ വിജിലേഷ് എഴുതിയ കുറിപ്പ് ശ്രദ്ധ നേടുന്നു. നാല് പതിറ്റാണ്ട് തന്‍റെ ജീവിതത്തിന്‍റെ ഏറ്റവും പ്രധാന ഭാഗമായി ഈ ജോലിയെ അമ്മ കൊണ്ടുനടന്നത് എങ്ങനെയെന്ന് വിജിലേഷ് വിവരിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് വിജിലേഷിന്‍റെ കുറിപ്പ്.

നടന്‍ വിജിലേഷിന്‍റെ കുറിപ്പ്

'നാല്പത്തിയൊന്ന് വര്‍ഷത്തെ സര്‍വീസിന് ശേഷം അമ്മ അങ്കണവാടി ഹെല്‍പ്പര്‍ ജോലിയില്‍ നിന്ന് വിരമിച്ചു. നാല് പതിറ്റാണ്ടായി തുടരുന്ന അമ്മയുടെ ദിനചര്യയില്‍ നിന്നും ഇനി വിശ്രമജീവിതത്തിലേക്ക്. അമ്പതു രൂപ ശമ്പളത്തില്‍ തുടങ്ങിയ ജോലിയാണ്. പിരിയുമ്പോള്‍ ഒമ്പതിനായിരം രൂപയായി അത് മാറി. പണ്ട്, ആരും ഏറ്റെടുക്കാന്‍ മടിച്ചിരുന്ന ജോലിയായിരുന്നു.

കുഞ്ഞുങ്ങളെ നോക്കുക എന്ന ഉത്തരവാദിത്വം നിറഞ്ഞ ജോലിയെ ഏറ്റവും സന്തോഷത്തോടെയാണ് അമ്മ സ്വീകരിച്ചത്. പുലര്‍ച്ചെ 4.30 ന് എഴുന്നേറ്റ് വീട്ട് ജോലികളൊക്കെ തീര്‍ത്ത് തിരക്ക് പിടിച്ചു അങ്കണവാടിയിലേക്കു ഓടുന്ന അമ്മയെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. കുഞ്ഞുങ്ങള്‍ക്കരികിലേക്കുള്ള ആ ഓട്ടത്തിന്റെ നേരത്ത് അമ്മയുടെ മുഖത്ത് നിറയുന്ന ഗൗരവം ഞാന്‍ കണ്ടിട്ടുണ്ട്. ഡിഗ്രിക്കു ഞാൻ തിരഞ്ഞെടുത്തത് സംസ്‌കൃതമായിരുന്നു.

തുടര്‍ന്ന് പിജിക്ക് തീയേറ്ററും. തീയേറ്റര്‍ പഠിച്ചിട്ട് എന്ത് ചെയ്യാനാണ് എന്ന് എല്ലാവരും ചോദിച്ചപ്പോഴും എന്റെ ഇഷ്ടം അതാണെന്ന് മനസ്സിലാക്കി എല്ലാ പിന്തുണയും നല്‍കി അമ്മ കൂടെ നിന്നു. വളരെ തുച്ഛമായ വരുമാനത്തിലാണ് അമ്മ ജോലിയാരംഭിച്ചത്. കിട്ടിയ പ്രതിഫലത്തേക്കാള്‍, നൂറുക്കണക്കിന് കുഞ്ഞുങ്ങളുടെ ചിരിയും സ്‌നേഹവും കുസൃതിയുമൊക്കെ അമ്മയില്‍ നിറച്ചത് മനുഷ്യത്വത്തിന്റെ തീരാത്ത തുളുമ്പലുകളാണ്.

അമ്മയിൽ നിന്ന് ഞങ്ങള്‍ മക്കള്‍ക്കും കിട്ടിയിട്ടുണ്ട് അലിവിന്റെ ഒരിക്കലും മങ്ങാത്ത വെളിച്ചം. 40 വര്‍ഷം കൊണ്ട് വരുമാനത്തില്‍ സാരമായ വ്യത്യാസങ്ങള്‍ വരുന്നില്ലെങ്കിലും ജോലിഭാരം കൂടുതലും ഉത്തരവാദിത്വം അതില്‍ കൂടുതലുമാണ്. അമ്മ ഒരു മടുപ്പും കൂടാതെയാണ് ഇക്കാലമത്രയും ജോലി ചെയ്തത്.

അമ്മയുടെ ഓരോ ദിവസത്തെ ആനന്ദവും പ്രതീക്ഷയുമെല്ലാം. അമ്മയുടെ ഈ ജോലിയാണ് എന്നെ, ഞങ്ങളെ വളര്‍ത്തിയത്. ഇക്കാലമത്രയുമുള്ള ആത്മാര്‍ത്ഥ സേവനത്തിലൂടെ ഒരായിരം കുഞ്ഞുങ്ങളെ സ്‌നേഹിച്ചു ഊട്ടി വളര്‍ത്തിയ സമ്പാദ്യമാണ് അമ്മക്ക് കൈമുതല്‍. അമ്മ എനിക്കെന്നും ആശ്ചര്യവും പ്രചോദനവുമാണ്'...

പൂക്കള്‍ക്കിടയില്‍ നിന്നും അമ്മ വീടണഞ്ഞെങ്കിലും ഓര്‍ത്തെടുക്കാന്‍ ഒരു വസന്തമത്രയും അമ്മയ്‌ക്കൊപ്പമുണ്ട്തന്നെ ആയിരുന്നു. ഇത്രയും കൂടി: അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് കേരള സര്‍ക്കാര്‍ ഇപ്പോള്‍ ഒരു പാട് പരിഗണന നല്‍കുന്നുവെന്നത് സന്തോഷം പകരുന്നതാണ്. സര്‍ക്കാര്‍ അഭിനന്ദനമര്‍ഹിക്കുന്നതുമാണ്. ഇനിയും കൂടുതല്‍ ശ്രദ്ധ അവര്‍ക്ക് നല്‍കി അവരുടേയും നമ്മുടെ കുഞ്ഞുങ്ങളുടെയും മുഖത്തെ പുഞ്ചിരി മായാതെ കാത്തു പോരേണ്ടതുണ്ട്.

vijilesh karayad mother valsala anganwadi helper retirement emotional post

Next TV

Top Stories










News Roundup