(moviemax.in) മോഷണക്കുറ്റം ആരോപിച്ച് പോലീസ് സ്‌റ്റേഷനില്‍ ദളിത് യുവതിയെ 20 മണിക്കൂറോളം മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ പരിഹാസവുമായി നടന്‍ ഹരീഷ് പേരടി. ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം സര്‍ക്കാരിനെ കണക്കറ്റ് പരിഹസിക്കുന്നത്. കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ് പിന്നീട് മരിച്ച പുഷ്പനെക്കുറിച്ചുള്ള സിപിഎം പ്രചാരണഗാനത്തിന്റെ പാരഡി പാടിയാണ് ഹരീഷ് പേരടി സര്‍ക്കാരിനെ വിമര്‍ശിക്കുന്നത്.
പുഷ്പനെ അറിയാമോ എന്ന വരികള്‍ക്ക് പകരം, അട്ടപ്പാടിയിലെ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധുവിന്റേയും പേരൂര്‍ക്കടയിലെ ബിന്ദുവിന്റേയും പേരുകള്‍ ഉപയോഗിച്ചാണ് ഹരീഷ് പേരടിയുടെ പാട്ട്. സര്‍ക്കാരിന്റെ വാര്‍ഷികാഘോഷത്തേയും പരിപാടികളില്‍ വേടന് വേദി അനുവദിക്കുന്നതിനേയും ഹരീഷ് പേരടി പരോക്ഷമായി പരിഹസിക്കുന്നു. 'ശങ്കരാടി സാര്‍ പറഞ്ഞതുപോലെ, ഇച്ചിരി ഉളുപ്പ്', എന്ന വാക്കുകള്‍ ആവര്‍ത്തിച്ച് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.
നിരപരാധിയാണെന്നു കരഞ്ഞുപറഞ്ഞിട്ടും വിട്ടയച്ചില്ലെന്നും വനിതാ പോലീസെത്തി വിവസ്ത്രയാക്കി പരിശോധന നടത്തിയതായും പേരൂര്‍ക്കടയിലെ പരാതിക്കാരി ബിന്ദു ആരോപിച്ചിരുന്നു. കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ ശൗചാലയത്തില്‍ പോയി വെള്ളം കുടിക്കാന്‍ ആവശ്യപ്പെട്ടെന്നും പോലീസുകാര്‍ അസഭ്യംപറഞ്ഞതായും ജാതി പറഞ്ഞ് അധിക്ഷേപിച്ചതായും ബിന്ദു പറയുന്നു.
നിരപരാധിത്വം തെളിഞ്ഞിട്ടും മണിക്കൂറുകളോളം സ്റ്റേഷനില്‍ നിര്‍ത്തിയശേഷമാണ് ഫോണ്‍ തിരികെനല്‍കിയതും വീട്ടിലേക്കു പോകാന്‍ അനുവദിച്ചതും. തുടര്‍ന്ന് മുഖ്യമന്ത്രിക്കും പട്ടികജാതി വികസന വകുപ്പ് മന്ത്രിക്കും ഡിജിപിക്കും ബിന്ദു പരാതി നല്‍കിയിരുന്നു. പരാതിയുമായി സമീപിച്ചപ്പോള്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി അപമാനിച്ചതായി ബിന്ദു വെളിപ്പെടുത്തിയിരുന്നു.
hareeshperadi criticises kerala government