(moviemax.in) പ്രമുഖ ബംഗ്ലാദേശി നടി നുസ്രത്ത് ഫാരിയ അറസ്റ്റിൽ. ബംഗ്ലാദേശിന്റെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് മുജീബുർ റഹ്മാന്റെ ജീവചരിത്ര സിനിമയിൽ അദ്ദേഹത്തിന്റെ മകളും മുൻ പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹസീനയുടെ വേഷം അവതരിപ്പിച്ച നടിയാണ് ധാക്കയിലെ ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറസ്റ്റിലായത്. കഴിഞ്ഞ വർഷത്തെ സർക്കാർ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട ഒരു കൊലപാതക ശ്രമക്കേസിലാണ് അറസ്റ്റ്.
ബംഗ്ലാദേശി മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, 31 കാരിയായ നടി തായ്‌ലൻഡിലേക്ക് പോകാൻ ശ്രമിക്കവെ എയർപോർട്ടിലെ ഇമിഗ്രേഷൻ ചെക്ക്പോസ്റ്റിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ നേരത്തെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
കഴിഞ്ഞ വർഷം ജൂലൈയിൽ ബംഗ്ലാദേശിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിനിടെ തലസ്ഥാനമായ വതരയിൽ ഒരു വിദ്യാർത്ഥിയെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാരോപിച്ച് ഫാരിയ ഉൾപ്പെടെ 17 താരങ്ങൾക്കെതിരെ കേസെടുത്തിരുന്നു. ഈ പ്രക്ഷോഭത്തെ തുടര്‍ന്നാണ് ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനയുടെ രാജി വരെ ഉണ്ടായത്.
ഇമിഗ്രേഷൻ പൊലീസിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കോടതി അവർക്കെതിരായ കൊലപാതക ശ്രമക്കേസ് അംഗീകരിച്ചിരുന്നു. ആ കേസിലാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥൻ സുജൻ ഹഖിനെ ഉദ്ധരിച്ച് ബംഗ്ലാദേശ് മാധ്യമം റിപ്പോർട്ട് ചെയ്തു.
വിവേചന വിരുദ്ധ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ പ്രതിഷേധത്തിനിടെ വതര പൊലീസ് സ്റ്റേഷനിലാണ് കേസ് ഫയൽ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അറസ്റ്റിന് ശേഷം നടിയെ വതര പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായാണ് റിപ്പോർട്ടുകൾ. അവിടെ കസ്റ്റഡിയിൽ വെക്കുന്നതിനുപകരം ധാക്ക മെട്രോപൊളിറ്റൻ പോലീസിന്റെ ഡിറ്റക്ടീവ് ബ്രാഞ്ചിന്റെ ഓഫീസിലേക്ക് മാറ്റിയതായും മാധ്യമ റിപ്പോര്‍ട്ടുകളിൽ പറയുന്നു.
Prominent actress played Sheikhhasina movie arrested