May 18, 2025 06:49 AM

ബ്ലെസിയുടെ സംവിധാനത്തില്‍ 2005-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'തന്മാത്ര'. മറവിരോഗം ബാധിച്ച രമേശന്‍ നായര്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിച്ചത്. മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളെടുത്താല്‍ ആദ്യ ആദ്യസ്ഥാനങ്ങളില്‍ വരുന്നവയില്‍ ഒന്നാണ് 'തന്മാത്ര'യിലെ രമേശന്‍ നായര്‍. 'തന്മാത്ര'യ്ക്കുപുറമേ, 'ഭ്രമരം', 'പ്രണയം' എന്നീ ചിത്രങ്ങളും മോഹന്‍ലാല്‍- ബ്ലെസി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയിട്ടുണ്ട്.

'തന്മാത്ര'യുടെ തിരക്കഥ ആദ്യം വായിച്ചുകേട്ടപ്പോള്‍ മോഹന്‍ലാലിനെപ്പോലൊരു നടനെവെച്ച് അങ്ങനെയൊരു ചിത്രം നിര്‍മിക്കാന്‍ കഴിയില്ലെന്നായിരുന്നു പലരുടേയും പ്രതികരണം എന്ന് പറയുകയാണ് സംവിധായകന്‍ ബ്ലെസി. മോഹന്‍ലാല്‍ തിരക്കഥയില്‍ അര്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്നുകാണുന്ന 'തന്മാത്ര'യുണ്ടായതെന്നും സംവിധായകന്‍ പറഞ്ഞു.

'തന്മാത്ര' എഴുതി നിര്‍മാതാക്കളെ വായിച്ചു കേള്‍പ്പിച്ചപ്പോള്‍ ഇതൊരു സിനിമ ചെയ്യാന്‍ പറ്റില്ല എന്നായിരുന്നു പ്രതികരണമെന്ന് ബ്ലെസി ഓര്‍ത്തു. മോഹന്‍ലാലിനെപ്പോലെയൊരാളെ വെച്ച് ഇങ്ങനെയൊരു സിനിമ ചെയ്യാന്‍ പറ്റില്ലെന്നായിരുന്നു പറഞ്ഞത്. വലിയൊരു സമരം പോകുന്നു, അതിന്റെ ഏറ്റവും പുറകില്‍ ഇക്വിലാബ് വിളിച്ചുപോകുന്ന ആളായിട്ടായിരുന്നു മോഹന്‍ലാലിന്റെ ഇന്‍ട്രോ സീന്‍.

സാധാരണ ചിത്രങ്ങളില്‍ നായകനാണ് മുന്നില്‍നിന്ന് ജാഥ നയിക്കുക. ചിത്രത്തിലെ ഇത്തരം കാര്യങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെട്ടതെന്ന് ബ്ലെസി പറയുന്നു. 'ഇത് കേട്ട് ഞാന്‍ സങ്കടത്തിലായി. അങ്ങനെ, 'നരന്റെ' ലൊക്കേഷനില്‍ ലാലേട്ടനെ നേരില്‍പ്പോയി കണ്ടു. വായിച്ചുകേട്ടിട്ട് അദ്ദേഹം പറഞ്ഞു, ഇതില്‍നിന്ന് ഒരക്ഷരം മാറ്റിയാല്‍ ഞാന്‍ അഭിനയിക്കില്ല എന്ന്.

അദ്ദേഹം തന്നെ നിര്‍മാതാക്കളെ വിളിച്ചുപറഞ്ഞു. നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍ ഞാനത് ചെയ്‌തോളാം എന്ന് പറഞ്ഞു. ലാലിന് ഓക്കേയാണെങ്കില്‍ എനിക്ക് ഓക്കേയാണെന്ന് നിര്‍മാതാവ് പറഞ്ഞു', ബ്ലെസി പറഞ്ഞു. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബ്ലെസി ഇക്കാര്യം തുറന്നുപറഞ്ഞത്.

'ഒരിക്കല്‍ ലാലേട്ടന്‍ എന്റെ അടുത്ത് ചോദിച്ചിട്ടുണ്ട്, ഞാന്‍ ഇങ്ങനെയൊക്കെ ചെയ്യുമെന്ന് ഇതെഴുതുമ്പോള്‍ എന്തെങ്കിലും ഉറപ്പുണ്ടോയെന്ന്. 'തന്മാത്ര'യില്‍ കഥാപാത്രം ഭാര്യയുടെ കൂടെ കിടക്കുമ്പോള്‍ കിടക്കയില്‍നിന്ന് എഴുന്നേറ്റ് നഗ്നനായി ഒരു പല്ലിയെ കണ്ട് പോകുന്ന സീനുണ്ട്. ലാലേട്ടന്‍ ചോദിച്ചു, 'എന്റടുത്ത് ചോദിച്ചോ ഇങ്ങനെ ചെയ്യുമെന്ന്'?. ഞാന്‍ പറഞ്ഞു 'ഇല്ല, എന്റെ കഥാപാത്രം അങ്ങനെ ചെയ്യണം എന്നുള്ളതാണ് എന്റെ കാഴ്ചപ്പാട്', എന്ന്.

ഭ്രമരത്തില്‍ തലകുത്തി ശീര്‍ഷാസനത്തില്‍ നില്‍ക്കുന്ന സീനുണ്ട്, അതിനെക്കുറിച്ചും ചോദിച്ചിട്ടുണ്ട്. 'എനിക്ക് ഇങ്ങനെ ചെയ്യാന്‍ പറ്റുമെന്ന് വല്ല ധാരണയുമുണ്ടോയെന്ന്'. പക്ഷേ, പുള്ളിയത് ചെയ്തു', ബ്ലെസി പറഞ്ഞു. 'ഞാനിതൊന്നും ചെയ്തിട്ടുള്ളതല്ല, എന്നെക്കൊണ്ട് ഇതെല്ലാം ചെയ്യിക്കാമെന്ന് എങ്ങനെ തോന്നിയെന്ന് അദ്ദേഹം പലപ്പോഴും ചോദിച്ചിട്ടുണ്ട്. ഡെഡിക്കേറ്റഡായിട്ടുള്ള നടനോടുള്ള കോണ്‍ഫിഡന്‍സാണ് അത് എന്ന് ഞാന്‍ പറഞ്ഞു. അത് മനസിലാക്കാനുള്ള പ്രാപ്തി അവര്‍ക്കുള്ളതുകൊണ്ടാണ് അവര്‍ നല്ല നടന്മാരാവുന്നത്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.





After listening Thanmatra read Lalettan said If you change single letter from this I won't act Blessy

Next TV

Top Stories










News Roundup