( moviemax.in) സോഷ്യൽ മീഡിയകളിലും വാർത്തകളിലും റാപ്പര്‍ വേടന്‍ ചർച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുകയാണ് . ഇപ്പോഴിതാ പുലിപ്പല്ലുമായി റാപ്പര്‍ വേടന്‍ അറസ്റ്റിലായതിനു പിന്നാലെ വേടന് പിന്തുണയുമായി കൊല്ലം ഷാഫി. നിയമത്തിന് മുന്നിൽ തെറ്റുകാരനാണെങ്കിൽ ശിക്ഷിക്കപ്പെടണമെന്നും അല്ലാത്ത പക്ഷം വേടനെ വായടപ്പിക്കാൻ ശ്രമമാണെങ്കിൽ നടക്കില്ലെന്നുമാണ് സമൂഹമാധ്യമത്തിൽ കുറിച്ചിരിക്കുന്നത്.
പോസ്റ്റിന്റെ പൂർണരൂപം:-
വേടൻ ..വേദനിച്ചവർക്കും വേർതിരിക്കപ്പെട്ടവർക്കും വേരിട്ടുകൊടുത്തവനാണിവൻ .. നിയമത്തിനുമുന്നിൽ തെറ്റുകാരനെങ്കിൽ ശിക്ഷായാവാം തിരുത്തപ്പെടുകയും ചെയ്യും പക്ഷെ വിപ്ലവമൂർച്ചയുള്ള അവന്റെ വരികളെയും പാട്ടിനെയും ഭയക്കുന്ന ചില വംശീയ വെറിയന്മാരുടെ പൂതിക്ക് വേടനെ വായടപ്പിക്കാൻ മോഹമുണ്ടെങ്കിൽ അതിവിടെ നടക്കില്ലെന്ന് തിരിച്ചറിയുക .. കാരണം ജനലക്ഷങ്ങളുടെ ഉള്ളിലെ തീയാണവൻ മിണ്ടാൻ പേടിക്കുന്നവർക്ക് നാവായവൻ .. വേടനൊപ്പം പിന്തുണയോടെ ഷാഫികൊല്ലം
എന്നാണ് ഷാഫി ഫേസ്ബുക്കിൽ കുറിച്ചത്.
നേരത്തെ നടി സബീറ്റ ജോർജും പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ലഹരി ഉപയോഗിക്കുന്നത് മഹത്തായ കാര്യമാണ് എന്നൊന്നും താൻ പറയുന്നില്ലെന്നു പറഞ്ഞ സബീറ്റ ഇപ്പോഴാണോ വേടന്റെ മാലയിലെ പുലിപ്പല്ല് കാണുന്നതെന്നും ചോദിച്ചു. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
"'സിന്തറ്റിക് ഡ്രഗ് ഉപയോഗിക്കുന്നില്ല എന്നു പറഞ്ഞു. ഉപയോഗിച്ചതിന് തെളിവുമില്ല. എന്നുവെച്ച് റോഡിലൂടെ കഞ്ചാവുമടിച്ച് തേരാപാരാ നടക്കുന്നത് ഭയങ്കര സംഭവം ആണെന്നു വിചാരിക്കുന്ന ആളല്ല ഞാൻ. തേങ്ങാ ഉടയ്ക്കുന്ന ഒരു വെട്ടുകത്തി എന്റെ അടുക്കളയിലും ഉണ്ട്. ഇനി അതൊക്കെ പ്രശ്നമാകുമോ എന്നറിയില്ല. പിന്നെ എലീടെ പല്ലോ, പുലീടെ പല്ലോ അങ്ങനെ എന്തോ കേട്ടു.
എത്രയോ സ്റ്റേജുകളിൽ ഈ പുലിയുടെ പല്ലുള്ള ലോക്കറ്റുമായി ഈ ആർടിസ്റ്റ് പെർഫോം ചെയ്തിരിക്കുന്നു. ഞാൻ തന്നെ ഒരു പതിനഞ്ച് വീഡിയോ എങ്കിലും കണ്ടിട്ടുണ്ട്. പല സ്ഥലങ്ങളിലും പല സന്ദർഭങ്ങളിലുമായി. അന്നൊന്നും ആരും ഈ പുലിപ്പല്ലിനെപ്പറ്റിയോ എലിപ്പല്ലിനെപ്പറ്റിയോ വിഷമിക്കുകയോ പുറകേ നടന്ന് ആ വ്യക്തിയെ ക്രൂശിക്കുകയോ ഒന്നും ചെയ്തിട്ടില്ല. പെട്ടെന്ന് എന്താണ് ഇങ്ങനെ? എന്തൂട്ടാ സജീ ഇതൊക്കെ? പുച്ഛം ആണ് ഇപ്പോൾ തോന്നുന്ന വികാരം'', എന്നാണ് സബീറ്റ വീഡിയോയിൽ പറഞ്ഞത്. വീഡിയോയ്ക്കു താഴെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
അതേസമയം, പുലിപ്പല്ല് കേസിൽ ഹിരൺദാസ് മുരളി എന്ന റാപ്പർ വേടനെ തെളിവെടുപ്പിനായി തൃശൂരിലെ ജ്വല്ലറിയിലെത്തിച്ചു. വിയ്യൂർ സരസ ജ്വല്ലറിയിലാണ് എത്തിച്ചത്. പരിശോധനയിൽ വേടന്റെ കഴുത്തിൽ കിടന്നത് പുലിപ്പല്ലാണെന്ന് വ്യക്തമായതോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ വേടനെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. വേടനെതിരെ വനംവകുപ്പ് ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ശ്രീലങ്കയിലേക്ക് പോയി അവിടെനിന്ന് യുകെയിലേക്കോ ഫ്രാൻസിലേക്കോ കുടിയേറിയിട്ടുള്ള രഞ്ജിത്ത് എന്നയാളാണ് വേടന് പുലിപ്പല്ല് കൈമാറിയിട്ടുള്ളതെന്നാണ് വനംവകുപ്പ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ രഞ്ജിത്തിനായുള്ള അന്വേഷണം വനംവകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞദിവസം പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുന്നിൽ ഹാജരാക്കിയ വേടനെ ഇന്ന് വൈകിട്ട് അഞ്ച് മണിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. കഞ്ചാവ് കേസിൽ എക്സൈസ് പിടികൂടിയതിന് പിന്നാലെയാണ് വേടന്റെ കഴുത്തിലെ പുലിപ്പല്ല് ലോക്കറ്റിലേയ്ക്ക് വനംവകുപ്പിന്റെ അന്വേഷണം നീണ്ടത്.
അതേസമയം വിവാദങ്ങൾക്കിടെ റാപ്പർ വേടൻ എന്ന ഹിരൺ ദാസ് മുരളിയുടെ ആദ്യ ലവ് സോംഗ് റിലീസ് ചെയ്തു. 'മോണോലോവ' എന്നാണ് ഗാനത്തിന്റെ പേര്. സ്പോട്ടി ഫൈയിലും വേടൻ വിത്ത് വേർഡ് എന്ന യുട്യൂബ് ചാനലിലും ഗാനം ലഭ്യമാണ്. വൻ സ്വീകാര്യതയാണ് ഗാനത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. മുൻ ഗാനങ്ങളെ പോലെ തന്നെ മൂർച്ചയുള്ള വാക്കുകൾ ഉൾപ്പെടുത്തി കൊണ്ടാണ് മൗന ലോവയും വേടൻ പുറത്തിറക്കിയിരിക്കുന്നത്.
വോയിസ് ഓഫ് വോയിസ്ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പറാണ് വേടൻ. പിന്നീട് ഒട്ടനവധി ഗാനങ്ങൾ മലയാള സിനിമയ്ക്കും സമ്മാനിച്ച വേടന് ആരാധകർ ഏറെയാണ്. വേടന്‍റെ ഷോകൾക്ക് ലഭിക്കുന്ന വൻ സ്വീകാര്യത തന്നെ അതിന് തെളിവാണ്. വേടന്റെ വരികളില്‍ അടിച്ചമര്‍ത്തപ്പെട്ടവന്‍റെ പ്രതിരോധമായിരുന്നു. ഹരം കൊള്ളിക്കുന്ന താളവും സദാചാരവാദികളുടെ വാ അടപ്പിക്കുന്ന ശരീരഭാഷയും വേടന്‍റെ ശൈലിയായി മാറി. റാപ്പിന്‍റെ പൊട്ടാത്ത റോപ്പുമായി വേദികളില്‍ നിന്ന് വേദികളിലേക്ക് സഞ്ചാരത്തിനിടെ ലഹരി വലയില്‍ വേടന്‍ കുടുങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസം പുലിപ്പല്ല് കേസില്‍ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ തന്‍റെ പുതിയ ആല്‍ബം ഇന്ന് റിലീസ് ചെയ്യുമെന്ന് വേടന്‍ പറഞ്ഞിരുന്നു. അതേസമയം, പിടിച്ചെടുത്ത പുലിപ്പല്ല് വനം വകുപ്പ് ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാൻ തീരുമാനമായിട്ടുണ്ട്. വേടന്റെ ഇൻസ്റ്റഗ്രാം ചാറ്റുകളിലും പരിശോധന നടത്തും. . യഥാർത്ഥ പുലിപ്പല്ല് എന്നറിയില്ലായിരുന്നു എന്ന വേടൻ്റെ മൊഴി വനംവകുപ്പ് വിശ്വാസത്തിലെടുത്തിട്ടില്ല. കേസിൽ വേടന്റെ അടുത്ത സുഹൃത്തുക്കളെ ചോദ്യം ചെയ്യാനും തീരുമാനിച്ചതായി പൊലീസ് അറിയിച്ചു.
Singer ShafiKollam supports vedan posts Facebook