---
title: "വിവാഹ ജീവിതത്തെ കുറിച്ച്  മനസ്സ്  തുറന്ന് ഖുശ്ബു "
english_title: "Khushboo opened her mind about married life"
publisher: "moviemax.in"
canonical_url: "https://moviemax.in/news/27965/khushboo-opened-her-mind-about-married-life"
published_at: "2022-02-23T14:00:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6215f0febfa84_gushpu.jpg"
keywords: []
---

# വിവാഹ ജീവിതത്തെ കുറിച്ച്  മനസ്സ്  തുറന്ന് ഖുശ്ബു 

> **Lead Summary:** നടി ഖുശ്ബുവിനെ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. തോടിസി ബേവഫായി എന്ന ചിത്രമായിരുന്നു ആദ്യം ഖുശ്ബു അഭിനയിച്ച ചിത്രം.

## Article Content

നടി ഖുശ്ബുവിനെ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. തോടിസി ബേവഫായി എന്ന ചിത്രമായിരുന്നു ആദ്യം ഖുശ്ബു അഭിനയിച്ച ചിത്രം.

കന്നട സംവിധായകനായ രവിചന്ദ്രനാണ് തെന്നിന്ത്യൻ ചിത്രങ്ങളിൽ ഖുശ്‌ബുവിന് ആദ്യമായി അവസരങ്ങൾ കൊടുത്തത്. തിരുച്ചിറപ്പള്ളിയിൽ ഖുശ്‌ബുവിന്റെ ആരാധകർ അവർക്ക് വേണ്ടി ഒരു അമ്പലം പണികഴിപ്പിച്ചിട്ടുണ്ട്. തന്റെ പേരിൽ തമിഴ് നാട്ടിൽ ഖുശ്‌ബു ഇഡ്ഡലി എന്ന ഒരു ഇഡ്ഡലി തന്നെയുണ്ട്.

അതുപോലെ ഖുശ്‌ബു എന്ന പേരിൽ സാരി ബ്രാൻഡും നില നിൽക്കുന്നുണ്ട്. ഖുശ്‌ബു വിവാഹം ചെയ്തിരിക്കുന്നത് സംവിധായകനും നടനുമായ സുന്ദറിനെയാണ്. വിവാഹത്തിന് ശേഷം ഹിന്ദു മതത്തിലേക്ക് മാറുകയായിരുന്നു ഖുശ്ബു. 

2010 മെയ്‌ പതിനാലിന് ചെന്നൈയിൽ കരുണാനിധിയുൾപ്പെടെ പ്രമുഖ നേതാക്കൾ പങ്കെടുത്ത ചടങ്ങിൽ വെച്ച് ഖുശ്‌ബു ഡി.എം.കെയിൽ ചേർന്നു. അതിന് ശേഷം കോൺ​ഗ്രസിൽ ചേരുകയും പിന്നീട് ബിജെപിയിലും അംഗമായി. 2005ൽ എയ്‌ഡ്‌സ്‌ ബോധവൽക്കരണത്തിനിടെ ഖുശ്‌ബു പറഞ്ഞ ചില കാര്യങ്ങൾ വിവാദങ്ങൾക്കിടയായിരുന്നു.

പെൺകുട്ടികൾ വിവാഹത്തിന് മുമ്പ് സുരക്ഷിതമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് തെറ്റല്ല എന്നും കല്യാണം കഴിക്കുന്ന പെൺകുട്ടികൾ കന്യക ആയിരിക്കണമെന്ന് നിർബന്ധം പിടിക്കാൻ ആർക്കും അവകാശമില്ല എന്നും ഖുശ്ബു പറഞ്ഞതാണ് വിവാദമായത്. ഈ പ്രസ്താവന രണ്ട് രാഷ്ട്രീയപാർട്ടികൾ ശക്തമായി എതിർക്കുകയും പിന്നീട് ഈ വിവാദം കോടതിയിൽ എത്തുകയും ചെയ്തിരുന്നു.

ഇപ്പോൾ സുന്ദറിനൊപ്പമുള്ള വിവാഹ ജീവിതം 27 വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് ഖുശ്ബു. വിവാഹ വാർഷികത്തിൽ തന്നോട് സുന്ദർ എങ്ങനെയാണ് പ്രണയം പറഞ്ഞതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഖുശ്ബു.

പഴയ ഓർമകൾ പൊടി തട്ടിയെടുത്ത് ഖുശ്ബു ഇങ്ങനെ കുറിച്ചു. '1995ൽ ഇതേ ദിവസം സുന്ദർ എന്നോട് വിവാഹാഭ്യർത്ഥന നടത്തി. ഞാൻ അത് കൂടുതൽ ഒന്നും ചിന്തിക്കാതെ സ്വീകരിക്കുകയും വിവാഹത്തിന് സമ്മതം പറയുകയും ചെയ്തു. അപ്പോൾ എനിക്കറിയാമായിരുന്നു.... ഞാൻ നിങ്ങളോടൊപ്പം സന്തോഷവതിയായിരിക്കും എല്ലാക്കാലവുമെന്ന്.

27 വർഷം ‌പിന്നിട്ടും നിങ്ങൾ ഇപ്പോഴും എന്റെ ഹൃദയത്തെയും ആത്മാവിനെയും സ്നേഹവും സന്തോഷവും കൊണ്ട് നിറയ്ക്കുന്നു. എന്റെ പ്രണയമായ നിന്നെ‌ ഞാൻ സ്നേഹിക്കുന്നു' ഖുശ്ബു കുറിച്ചു. സുന്ദറിനൊപ്പമുള്ള ചിത്രങ്ങളും ഖുശ്ബു പങ്കുവെച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/27965/khushboo-opened-her-mind-about-married-life)