ഗേ മോഡൽ അഭിഷേക് ജയ്ദീപ് മലയാളികൾക്ക് സുപരിചിതനാകുന്നത് ബിഗ് ബോസ് മലയാളം സീസൺ ആറിൽ മത്സരാർത്ഥിയായി എത്തിയശേഷമാണ്. തൃശൂർ സ്വദേശിയായ അഭിഷേക് പ്രൊഫഷണലി ഒരു ഐടി എഞ്ചിനീയർ കൂടിയാണ്.
സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ എന്ന രീതിയിലും ശ്രദ്ധ നേടിയ അഭിഷേക് ഒരു ജാതി ജാതകം എന്ന വിനീത് ശ്രീനിവാസൻ സിനിമയെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ.
ഒരുപാട് നല്ല സിനിമകൾ തയ്യാറാക്കിയിട്ടുള്ള വിനീതിൽ നിന്നും ഇത്തരമൊരു സിനിമ പ്രതീക്ഷിച്ചില്ലെന്നും സിനിമ പാതി വഴിയിൽ നിർത്തി താനും കുടുംബവും ഇറങ്ങിപ്പോന്നുവെന്നുമാണ് അഭിമുഖത്തിൽ അഭിഷേകും അമ്മയും പറഞ്ഞത്. ഒരു ജാതി ജാതകം സിനിമ കണ്ടപ്പോൾ വല്ലാതെ വിഷമമായിയെന്ന് പറഞ്ഞുകൊണ്ട് അഭിഷേകിന്റെ അമ്മയാണ് സംസാരിച്ച് തുടങ്ങിയത്.
വിനീത് ശ്രീനിവാസന്റെ ഒരു സിനിമ അടുത്തിടെ വന്നിരുന്നുവല്ലോ. ആ സിനിമയെ കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. ഞാനും അമ്മയും മോനും കൂടിയാണ് കാണാൻ പോയത്. പകുതിക്ക് വെച്ച് ഇറങ്ങിപ്പോന്നു. ഞാൻ ഇനി തുടർന്ന് കാണാൻ ഇരിക്കുന്നില്ലെന്ന് പറഞ്ഞാണ് ഇറങ്ങിപ്പോന്നത്.
സോഷ്യൽമീഡിയയിൽ വരുന്ന കമന്റ്സുകളുണ്ടല്ലോ... അത് പച്ചയ്ക്ക് പറഞ്ഞ് കൊണ്ടിരിക്കുകയാണ് ആ സിനിമ മുഴുവൻ. വിനീത് ശ്രീനിവാസന്റെ കഥാപാത്രത്തെ ഗേ ആയിട്ടുള്ളവരെ പരിഹസിക്കാൻ ഉപയോഗിക്കുന്ന ആ പേര് ആവർത്തിച്ച് വിളിക്കുന്നുണ്ട് സിനിമയിൽ.
വളരെ മോശം തീമായിരുന്നു ആ സിനിമയുടേത്. എന്റെ അമ്മയ്ക്ക് പോലും ആ സിനിമ കണ്ട് വിഷമമായി എന്നാണ് അഭിഷേകിന്റെ അമ്മ പറഞ്ഞത്. കോമഡി എന്ന പേരിൽ എന്ത് അരോചകവും അടിച്ച് വിടാൻ പറ്റുമോ?.
അതും വിനീത് ശ്രീനിവാസനെപ്പോെലാരു നടനിൽ നിന്ന് ഞങ്ങൾ ഇത് പ്രതീക്ഷിച്ചില്ല. എത്ര നല്ല സിനിമകൾ ചെയ്തിട്ടുള്ള വ്യക്തിയാണ്. എല്ലാം പറഞ്ഞിട്ട് അവസാനം ഇതൊന്നും ഒന്നുമല്ലെന്ന രീതിയിൽ ഒരു മെസേജ് കൊടുത്തു. നമ്മുടെ സമൂഹത്തിൽ ഇത് കൊണ്ട് ഒരു കാര്യവുമില്ല.
കാരണം അവസാനത്തെ മെസേജ് ഒന്നും അവർ കാണില്ല. അത്രയധികം നെഗറ്റീവ് അതുവരെ ആ സിനിമയിൽ പറഞ്ഞിട്ടുണ്ട്. മെസേജ് കൊടുക്കണമെന്ന് കരുതിയായിരിക്കാം അവർ ആ സിനിമ ചെയ്തത്. പക്ഷെ അതല്ല അവിടെ നടന്നത്.
മഴവില്ലെന്ന് പുച്ഛിച്ചുകൊണ്ട് ഇടയ്ക്ക് പറയുന്നുണ്ട്. റെയിൻബോ എന്നത് ഒരു പ്രൈഡാണ് ഫ്ലാഗാണ്. അതിനെ അവർ പുച്ഛിച്ച് എന്തിനാണ് പറയുന്നതെന്ന് എനിക്ക് മനസിലായില്ലെന്നുമാണ് അഭിഷേക് പ്രതികരിച്ച് പറഞ്ഞത്. സൂക്ഷ്മദർശിനി എന്ന നസ്രിയ-ബേസിൽ സിനിമയെ കുറിച്ചും അഭിഷേക് സംസാരിച്ചു.
സൂക്ഷ്മദർശിനിയിൽ ലെസ്ബിയൻ കപ്പിളിന്റെ കഥയാണ് പറയുന്നത്. അതിൽ ഒരാളെ ആസിഡ് ഒഴിച്ച് കൊല്ലുന്നതും അത് ചെയ്ത അമ്മച്ചി അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്യുന്നതുമെല്ലാം കാണിച്ചാണ് സിനിമ അവസാനിക്കുന്നത്. എന്നാൽ സിനിമ നൽകിയ സന്ദേശം ഇൻസ്റ്റയിൽ വന്നപ്പോൾ മാറി.
കൊന്നേക്കാൻ അമ്മച്ചി പറയുന്ന ഭാഗം പ്രൊജക്ട് ചെയ്ത് അമ്മച്ചിക്ക് കയ്യടിയാണ് ഇൻസ്റ്റയിൽ ലഭിക്കുന്നത്. അത് മാത്രമല്ല ബിഗ് ബോസിലുണ്ടായിരുന്ന ഒരു കണ്ടസ്റ്റന്റും അത് ആഘോഷിച്ചു. അമ്മച്ചി റോക്ക്സ് എന്നാണ് കമന്റിട്ടത്. ആ സിനിമ എന്താണോ ലക്ഷ്യം വെച്ചത് അതിന്റെ ഓപ്പോസിറ്റാണ് ഇൻസ്റ്റഗ്രാമിൽ എത്തിയപ്പോൾ നടന്നത്. അതുകൊണ്ട് തന്നെ മാറ്റം വരും എന്നതിൽ എനിക്ക് ഹോപ്പില്ല. കാതൽ സിനിമ വന്നപ്പോൾ സോഷ്യൽമീഡിയയിൽ നല്ലൊരു ഡിസ്കഷൻ ഉണ്ടായിരുന്നു.
പക്ഷെ എല്ലാത്തിന്റെ നെഗറ്റീവ് വശങ്ങളാണ് കൂടുതൽ പ്രൊജക്ട് ചെയ്യപ്പെടുന്നത്. മൂത്തോനും നല്ലൊരു സിനിമയായിരുന്നു. അത് വേണ്ടത്ര ഡിസ്കസ് ചെയ്യിപ്പെട്ടില്ല. പക്ഷെ സൂക്ഷ്മദർശിനിയിലെ അമ്മച്ചി ഡിസ്കസ് ചെയ്യപ്പെട്ടു എന്നും അഭിഷേക് പറഞ്ഞു.
#abhishekjayadeep #criticized #didnt #expect #from #vineethsreenivasan