( moviemax.in ) ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നശേഷമാണ് മലയാള സിനിമയിൽ ഭാഗമായതിന്റെ പേരിൽ നിരവധി സ്ത്രീകൾ അനുഭവിച്ച മാനസീകവും ശാരീരികവുമായ പീഡനങ്ങൾ പുറം ലോകം അറിയുന്നത്. അതുവരെ പരാതിപ്പെടാൻ പോലും മടിച്ച് നിന്നിരുന്ന സ്ത്രീകൾ ധൈര്യസമേതം മുന്നോട്ട് വന്നതും ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നശേഷമാണ്. അതേസമയം വർഷങ്ങൾക്ക് മുമ്പ് പീഡനം അനുഭവിച്ച കാര്യം ഇപ്പോൾ വന്ന് വെളിപ്പെടുത്തുന്നത് നാണക്കേടാണെന്ന് പറയുകയാണ് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ലീല പണിക്കർ.
തന്നേയും പലരും മുറികളിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും എന്നാൽ ഒരിക്കൽ പോലും വഴങ്ങി കൊടുക്കാൻ തയ്യാറായിട്ടില്ലെന്നും ലീല പറയുന്നു. മാസ്റ്റർ ബിൻ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. നക്കാപ്പിച്ച തരാമെന്ന് പറയുമ്പോൾ വഴങ്ങി കൊടുക്കുകയാണെങ്കിൽ പിന്നെ എന്തിന് വിളിച്ച് പറയുന്നുവെന്നും ലീല പണിക്കർ ചോദിച്ചു.
വർഷങ്ങൾക്ക് മുമ്പ് പീഡനം അനുഭവിച്ച കാര്യം ഇപ്പോൾ വന്ന് വെളിപ്പെടുത്തുന്നത് നാണക്കേടാണ്. പീഡനത്തിന് നിന്ന് കൊടുത്താൽ കിട്ടുന്ന നേട്ടങ്ങൾ വേണ്ടായെന്ന് തീരുമാനമെടുത്ത് പുറകോട്ട് മാറിയിരുന്നുവെങ്കിൽ അവരെ ആരും പീഡിപ്പിക്കുമായിരുന്നില്ല. എന്റെ അടുത്തേക്ക് വരുന്നൊരാൾ എവിടെ നിൽക്കണമെന്ന് ഞാനാണ് തീരുമാനിക്കേണ്ടത്. ഓപ്പോസിറ്റ് നിൽക്കുന്നയാൾ മുന്നോട്ട് വരാൻ ശ്രമിച്ചാൽ നീ ഇവിടെ വരേണ്ടവനല്ലെന്ന് ഒറ്റ നോട്ടത്തിലൂടെ പറഞ്ഞ് നിർത്താൻ പറ്റും എനിക്ക്.
പിന്നെ അയാൾ ഒരു സ്റ്റെപ്പ് പോലും മുന്നോട്ട് വരില്ല. വഴങ്ങി കൊടുക്കുമ്പോൾ കിട്ടുന്ന നേട്ടങ്ങൾ വേണമെന്നുള്ളതുകൊണ്ടാണല്ലോ വഴങ്ങുന്നത്. എല്ലാത്തിനും വഴങ്ങിയ ശേഷം പിന്നീട് അത് തുറന്ന് പറയുന്നത് മോശമാണ്. അതും നേടേണ്ടതെല്ലാം നേടിയിട്ട് വർഷങ്ങൾക്കുശേഷമാണ് പറയുന്നത്. ഗുരുവായി കണ്ട് വിശ്വസിച്ച് പെരുമാറിയാൽ ആരിൽ നിന്നും മോശമായ പെരുമാറ്റമുണ്ടാകില്ല.
അങ്ങനെ ഉണ്ടാവുകയാണെങ്കിൽ നേട്ടങ്ങൾ വേണ്ടെന്ന് വെച്ച് അവിടെ നിന്ന് പിന്മാറൂ. എന്നോട് അത്തരത്തിൽ ആളുകൾ പെരുമാറാൻ വരുമ്പോൾ അത് മുൻകൂട്ടി മനസിലാക്കി ഞാൻ അവിടെ നിന്ന് മാറിയിട്ടുണ്ട്. ആരും അറിയാതെ സോൾവ് ചെയ്തിട്ടുമുണ്ട്. ഇന്നും കാണുമ്പോൾ ഞങ്ങൾ സൗഹൃദത്തിൽ പെരുമാറുന്നുമുണ്ട്. അങ്ങനെ ചെയ്യുമ്പോൾ ഇത് നടക്കില്ലെന്ന് അവർക്കും മനസിലാകും. നേടേണ്ടതെല്ലാം നേടിയിട്ട് വിളിച്ച് പറയുന്നത് നാണക്കേടാണ്.
മലന്ന് കിടന്ന് തുപ്പുന്നതിന് സമമല്ലേ?. ആണും പെണ്ണും ഒരുമിച്ച് വർക്ക് ചെയ്യുന്ന ഏത് മേഖലയിലാണ് ഇങ്ങനെയൊന്നും ഇല്ലാത്തത്?. ഐടി, മെഡിക്കൽ ഫീൽഡ്, കൂലിവേല ചെയ്യുന്നിടത്ത് അടക്കം ഇതുണ്ട്. കിട്ടുന്നെങ്കിൽ കിട്ടട്ടേയെന്ന് കരുതി ആണുങ്ങൾ നോക്കും. അവർ നക്കാപ്പിച്ച തരാമെന്ന് പറയുമ്പോൾ വഴങ്ങി കൊടുക്കുകയാണെങ്കിൽ പിന്നെ എന്തിന് വിളിച്ച് പറയണം?.
അങ്ങനെ ചെയ്യുന്നത് അവനവന് തന്നെയാണ് നാണക്കേട്. അവനവന്റെ കുടുംബത്തിനും മക്കൾക്കും എല്ലാം നാണക്കേടാകും. സംവിധായകൻ വിളിക്കുമ്പോൾ മുറിയിലേക്ക് പോകുന്നത് എന്തിന്?. നിങ്ങൾക്ക് തന്നിട്ടുള്ള മുറി പൂട്ടി ഇരിക്കൂ. അതിന്റെ കുറ്റി മുറിക്കുള്ളിലാണല്ലോ. എന്നേയും ഇതുപോലെ മുറിയിലേക്ക് വിളിച്ചിട്ടുണ്ട്. തലവേദനയാണെന്ന് കാരണം പറഞ്ഞ് ഫോണും മാറ്റിവെച്ച് വാതിലും അടച്ച് ഞാൻ കിടന്നുറങ്ങി.
അങ്ങനെ പോകാതിരുന്നതുകൊണ്ട് എന്റെ പാട്ട് സീൻ ഒഴിവാക്കി. എനിക്കും അതിൽ പ്രശ്നമില്ല. കുശലം പറയാൻ ചെന്നിരുവെങ്കിൽ നല്ല വേഷം കിട്ടിയേനെ. പക്ഷെ എനിക്ക് അത് വേണ്ട. കതകിൽ മുട്ടുന്നവർ മുട്ടിക്കൊണ്ടിരിക്കും. കതകടച്ച് കിടന്നുറങ്ങണം. അല്ലെങ്കിൽ ഇറങ്ങിപ്പോരണം. വിചാരിച്ചത് എളുപ്പത്തിൽ കിട്ടണമെന്ന് ചിന്തിച്ചാൽ ഇതൊക്കെ അനുഭവിക്കേണ്ടി വരും. അനുഭവങ്ങൾ ഉണ്ടാകുമെന്ന് അറിയാവുന്നതുകൊണ്ട് ആദ്യമെ തന്നെ സ്ട്രിക്ടായി നിൽക്കും.
അതുകൊണ്ട് തന്നെ ഒരുപാട് ചാൻസുകൾ പോയിട്ടുണ്ട്. ഒരു സംവിധായകൻ അയാൾ ഉദ്ദേശിച്ച രീതിയിൽ ഞാൻ പ്രവർത്തിക്കാതിരുന്നതുകൊണ്ട് പറഞ്ഞുവെച്ച നായികയുടെ അമ്മ വേഷം തന്നില്ല. മലയാളം സംവിധായകനായിരുന്നു എന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചും തന്റെ അനുഭവങ്ങളും പങ്കുവെച്ച് ലീല പണിക്കർ പറഞ്ഞു.
#dubbing #artist #leelapanicker #openup #about #her #opinion #hema #committee #report