സ്റ്റേജ് പ്രോഗ്രാമുകളിലും അഭിമുഖങ്ങളിലുമെല്ലാം കൗണ്ടറടിച്ച് ആളുകളെ കയ്യിലെടുക്കാൻ മിടുക്കനാണ് സുരാജ് വെഞ്ഞാറമൂട്. ഇപ്പോഴിതാ, നടൻ വിക്രമും സുരാജിന്റെ കൗണ്ടറുകളുടെ ആരാധകനായി മാറിയിരിക്കുകയാണ്.
വിക്രത്തിന്റെ പുതിയ ചിത്രം ‘വീര ധീര സൂരൻ’ പ്രമോഷൻ അഭിമുഖമാണ് സുരാജിന്റെ കൗണ്ടറുകളിൽ മുങ്ങി പൊട്ടിച്ചിരിയുടെ വേദിയായി മാറിയത്.
"എനിക്കു സിനിമയിൽ വരാൻ വലിയ ആഗ്രഹമായിരുന്നു. അച്ഛൻ സൈന്യത്തിലാണ് ജോലി ചെയ്യുന്നത്. അവർക്ക് ഞാൻ ആ ജോലി ചെയ്യണമെന്നാണ് ആഗ്രഹം. എനിക്ക് പക്ഷേ അതിൽ താല്പര്യം ഉണ്ടായിരുന്നില്ല. എന്റെ അച്ഛൻ മിലിട്ടറി, സഹോദരൻ മിലിട്ടറി, ഞാൻ വന്ന് മിമിക്രി," എന്നാണ് ചിരിയോടെ സുരാജ് പറഞ്ഞത്.
സുരാജിന്റെ ഡയലോഗുകൾ കേട്ട് ചിരിയടക്കാനാവാതെയിരിക്കുന്ന വിക്രമിനെ വീഡിയോയിൽ കാണാം. സുരാജിന്റെ അഭിമുഖങ്ങളിൽ ഞങ്ങൾ എല്ലാം പ്രേക്ഷകരാണെന്നും വിക്രം പറയുന്നു.
വിക്രം സഹതാരങ്ങളോടൊക്കെ എത്രത്തോളം എളിമയോടെയാണ് ഇടപെടുക എന്നതിനെ കുറിച്ചും അഭിമുഖത്തിൽ സുരാജ് പറയുന്നുണ്ട്.
"എന്നെ ഏറെ പ്രചോദിപ്പിച്ച നടനാണ് വിക്രം സാർ. സിനിമയിലെ അഭിനയം കണ്ട് ആരാധന തോന്നിയയാൾ. പക്ഷേ, വിക്രം സാർ ലൊക്കേഷനിൽ വേറെയൊരാളാണ്. നൈറ്റാണ് ഞങ്ങളുടെ ഷൂട്ട്. 6:30 ആവുമ്പോൾ സാർ വരും. ഏഴു മണി ആവുമ്പോൾ കാരവാനിൽ നിന്നിറങ്ങി കഴിഞ്ഞാൽ പിന്നെ തിരിച്ചുകയറുന്നത് ഏറ്റവും അവസാനമാണ്.
എല്ലാ ഹീറോകളും വരുമ്പോൾ ആളുകൾ അൽപ്പം ആദരവോടെയൊക്കെ മാറിനിൽക്കുമല്ലോ. പക്ഷേ സാറ് വരുമ്പോ തേനീച്ചക്കൂടിളകി വരുംപോലെയാണ്, ചുറ്റും ആളുകൾ. കൂടെയുള്ള ഓരോരുത്തരെയും പേരെടുത്ത് വിശേഷങ്ങൾ ചോദിക്കും. ഇനി ആരെങ്കിലും അടുത്തേക്ക് വന്നില്ലെങ്കിൽ "ഹേ, കുമാരാ... എങ്ങനെയിരിക്കുന്നു സുഖമല്ലേ എന്നൊക്കെ വിളിച്ചുചോദിക്കും."
"എല്ലാവരെയും ഹെൽപ്പ് ചെയ്യും. ഇവരുടെ മേക്കപ്പ് മാൻ വന്ത് ബോംബൈ, എനിക്ക് വന്ത് വിക്രം സാർ. എനിക്ക് മാത്രമല്ല, എല്ലാവർക്കും മേക്കപ്പ് ചെയ്തു കൊടുക്കും. ഇത്രയേറെ എനർജെറ്റിക്കായൊരു ആളെ ഞാൻ കണ്ടിട്ടില്ല," സുരാജ് പറഞ്ഞു.
‘ചിത്ത’യ്ക്കു ശേഷം എസ്.യു. അരുൺകുമാർ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘വീര ധീര സൂരൻ’. എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
തേനി ഈശ്വർ ഛായാഗ്രഹണവും ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനവും പ്രസന്ന ജി.കെ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. എച്ച്ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയ ഷിബുവാണ് ചിത്രം നിർമ്മിക്കുന്നത്. മാർച്ച് 27ന് ‘വീര ധീര സൂരൻ’ തിയേറ്ററുകളിലെത്തും.
#Father #military #brother #military #Ilove #mimicry #Vikram #stop #laughing #hearing #Surajcounter