(ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയ ചിത്രമാണ് ഓഫിസര്‍ ഓണ്‍ ഡ്യൂട്ടി. ചിത്രത്തിന്റെ സംവിധായകന്‍ ജിത്തു അഷ്‌റഫ് ആണ്. നായകനായി കുഞ്ചാക്കോ ബോബന്‍ പൊലീസ് വേഷത്തിലെത്തിയ ചിത്രം മയക്കുമരുന്നിന് അടിമകളായ യുവാക്കളുടെ കഥയാണ് പറയുന്നത്.
ചിത്രത്തില്‍ കുഞ്ചാക്കോ ബോബനെ പോലെ തന്നെ കയ്യടി നേടുകയാണ് വില്ലന്‍ വേഷത്തിലെത്തിയ യുവാക്കളും. ലഹരിയ്ക്ക് അടിമകളായ വില്ലന്മാരുടെ സംഘത്തെ അവതരിപ്പിച്ച് കയ്യടി നേടുകയാണ് താരങ്ങള്‍. ഇപ്പോഴിതാ എങ്ങനെയാണ് തങ്ങള്‍ കഥാപാത്രങ്ങളായി മാറാന്‍ തയ്യാറെടുത്തത് എന്ന് പറയുകയാണ് താരങ്ങള്‍.
സിനിമകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ടെന്നാണ് ഐശ്വര്യ പറയുന്നത്. കുറേ സിനിമകള്‍ റഫറന്‍സായി തന്നിരുന്നു. ഞങ്ങളായിട്ട് തന്നെ കണ്ടു പിടിച്ചതുമുണ്ട്. പിന്നെ ലഹരിയ്ക്ക് അടിമകളായിട്ടുള്ളവരുടെ അഭിമുഖങ്ങളും കണ്ടിരുന്നുവെന്നും ഐശ്വര്യ പറയുന്നു. അതില്‍ നിന്നും കുറേ മനസിലാക്കിയിട്ടുണ്ട്. ഓരോ ലഹരിയ്ക്കും ഓരോ എഫക്ടായിരിക്കും ഉണ്ടാവുക. അതൊക്കെ സിനിമയില്‍ ഉപയോഗിക്കാന്‍ പറ്റിയിട്ടുണ്ട്. ഓരോന്ന് ഉപയോഗിക്കുമ്പോഴും ഹൈ ആകുന്നത് എങ്ങനെയാണെന്ന് മനസിലാക്കി ചെയ്യണം. ഇല്ലെങ്കില്‍ അറിയുന്നവര്‍ ഇവരെന്താണ് ഇങ്ങനെ ചെയ്യുന്നത് എന്ന് ചിന്തിക്കും എന്നും ഐശ്വര്യ പറയുന്നു.
''ആദ്യം കോമഡിയായിരുന്നു. ഗ്ലൂക്കോസ് പൊടിയാണ് വലിച്ച് കേറ്റുന്നത്. ഷോട്ടിന് മുമ്പ് റിഹേഴ്‌സല്‍ ചെയ്യണമല്ലോ. ഇതെങ്ങനെയാണ് വലിച്ചു കേറ്റുന്നത് എന്ന് അറിയണമല്ലോ. വലിച്ച് വലിച്ച് ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ മധുരം താഴേക്ക് ഇറങ്ങി വരും'' എന്നാണ് ലയ പറയുന്നത്. രാത്രി മൊത്തം മധുരം ഇറങ്ങി വന്ന് വന്ന് തലവേദനയാകും. മൂന്നാല് പ്രാവശ്യം ചെയ്യേണ്ടി വരുമല്ലോ. അപ്പോഴേക്കും എല്ലാവര്‍ക്കും തലവേദനയാകുമെന്നും ലയ പറയുന്നു.
''ജിത്തു സര്‍ നമ്മളോട് പറഞ്ഞത് അടിച്ച് പടമായി കിടക്കുന്നവര്‍ എന്നാണ്, അതായിരുന്നു വാക്ക്. അത് പറയുന്ന രീതി കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് അറിയാം എത്രത്തോളം ഹൈ ആയിരിക്കണമെന്ന്. ആ ഫീല്‍ പിടിച്ച് പോവുകയായിരുന്നു'' എന്ന് വിഷ്ണു പറയുന്നു. തങ്ങളുടെ ഗ്രൂപ്പിനുണ്ടാകേണ്ട സ്വഭാവം മനസിലാക്കാന്‍ സംവിധായകന്‍ നല്‍കിയ മൃഗത്തിന്റെ റഫറന്‍സിനെക്കുറിച്ചും താരങ്ങള്‍ സംസാരിക്കുന്നുണ്ട്.
അദ്ദേഹം പറഞ്ഞത് ഞങ്ങള്‍ ഹൈനയെ പോലെ പെരുമാറണം എന്നാണ്. അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്ന വിഷ്വല്‍ ഹൈനയുടേതായിരുന്നു എന്നാണ് ലയ പറയുന്നത്. ഫൈറ്റ് സീനില്‍ എന്നെ കാണുമ്പോള്‍ ചിലയിടത്തൊക്കെ ചെറുതായി അതുപോലെ വന്നിട്ടുണ്ടെന്ന് സ്വയം തോന്നിയിട്ടുണ്ടെന്നും ലയ പറയുന്നു. ഹൈനകള്‍ ഫൈറ്റ് ചെയ്യുമ്പോള്‍ ഒരാള്‍ കഴിയുമ്പോള്‍ അടുത്തയാള്‍ വരും. ഞങ്ങളും അതുപോലെ ഒന്നിന് പുറകെ ഒന്നായി ചാക്കോച്ചന് നേരെ പോകണം എന്നാണ് സംവിധായകന്‍ പറഞ്ഞതെന്നും ലയ കൂട്ടിച്ചേര്‍ക്കുന്നു.
കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രത്തില്‍ പ്രിയാമണി, വിശാഖ് നായര്‍, ജഗദീഷ്, തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. ഷാഹി കബീര്‍ ആണ് സിനിമയുടെ രചന നിര്‍വ്വഹിച്ചത്. ചിത്രം ഇപ്പോഴും ബോക്‌സ് ഓഫീസില്‍ നിറഞ്ഞോടുകയാണ്.
#officeronduty #drag #dust #become #villains #Aishwarya #Laya #Vishnu #minds