ഏറെ പ്രതീക്ഷയോടെ തിയറ്ററുകളിലെത്തി പല കാരണങ്ങളാൽ വിജയം നേടാനാകാതെ പോയ സിനിമകളുണ്ട്. സിനിമ മോശമായി എന്നതിനപ്പുറമുള്ള കാരണങ്ങളും പരാജയങ്ങൾക്കുണ്ടാകാറുണ്ട്.
റിലീസിംഗ് സമയം, മാർക്കറ്റിംഗിൽ പറ്റുന്ന പിഴവ് എന്നിങ്ങനെ ഈ കാരണങ്ങൾ നീളുന്നു. നടൻ മമ്മൂട്ടിയുടെ കരിയറിലും ഇത്തരം സിനിമകളുണ്ടായിട്ടുണ്ട്. 2010 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമാണ് ദ്രോണ.
എകെ സാജന്റെ തിരക്കഥയിൽ ഷാജി കെെലാസ് സംവിധാനം ചെയ്ത ആക്ഷൻ-ഹൊറർ സിനിമ. വൻ ഹെെപ്പിൽ വന്ന സിനിമയാണ് ദ്രോണ. എന്നാൽ പ്രേക്ഷകർ ഈ സിനിമ സ്വീകരിച്ചില്ല. ഹൊററും സസ്പെൻസും എല്ലാം ഇടകലർന്ന തിരക്കഥ എവിടെയൊക്കെയോ പാളിപ്പോയെന്നായിരുന്നു അഭിപ്രായം.
മമ്മൂട്ടി ആരാധകരെ തൃപ്തിപ്പെടുത്തുന്ന പല ഘടകങ്ങളും ദ്രോണയിലുണ്ടായിരുന്നു. താരത്തിന്റെ സ്ക്രീൻ പ്രസൻസിനെ പൂർണമായും ഉപയോഗപ്പെടുത്തിയ ചിത്രം. ഡബിൾ റോളിൽ മികച്ച പ്രകടനവും മമ്മൂട്ടി കാഴ്ച വെച്ചു. ഏറെ ശ്രദ്ധ നേടിയത് പട്ടാഴി മാധവൻ നമ്പൂതിരി എന്ന വേഷമാണ്.
ദീപക് ദേവിന്റെ സംഗീതം ദ്രോണയുടെ കഥാപശ്ചാത്തലത്തോട് പൂർണമായും നീതി പുലർത്തി. മമ്മൂട്ടിയുടെ എൻട്രി സീനുകൾ, നടന്റെ നിർണായക സീനുകളിലെ ബിജിഎം എന്നിവയെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. സിനിമോട്ടോഗ്രാഫിയും ലക്ഷണമൊത്തെ ഹൊറർ സിനിമയ്ക്ക് ചേർന്നത്. മനോജ് കെ ജയൻ, തിലകൻ തുടങ്ങിയവരുടെ മികച്ച പ്രകടനവും.
ഇതെല്ലാമുണ്ടായിട്ടും ദ്രോണ പരാജയപ്പെട്ടു. ദ്രോണയ്ക്ക് പറ്റിയ പിഴവുകളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചയാണിപ്പോൾ ശ്രദ്ധ നേടുന്നത്. പോസിറ്റീവ് ഘടകങ്ങളെയെല്ലാം ഇല്ലാതാക്കി കളഞ്ഞ ക്ലെെമാക്സായിരുന്നു ദ്രോണയിലേതെന്ന് പ്രേക്ഷകർ പറയുന്നു.
മനോജ് കെ ജയൻ ചെയ്ത വില്ലൻ കഥാപാത്രത്തിന്റെ ഡ്യുവൽ പേഴ്സണലാറ്റിയാണ് കഥയുടെ ക്ലെെമാക്സിൽ കാണിക്കുന്നത്. ഈ ട്വിസ്റ്റ് പലർക്കും ഇഷ്ടപ്പെട്ടില്ല. ഹെവി ബിജിഎം, ഇക്കയുടെ ലാർജർ ദാൻ ലഫ് സ്ക്രീൻ പ്രസൻസ്... ഫാൻസിന് വലിയ പ്രതീക്ഷയുണ്ടായിരുന്നു.
ചില ഭാഗങ്ങളിൽ എന്റർടെയിനിംഗ് ആയിരുന്നു. പക്ഷെ അവസാന ഭാഗത്ത് സിനിമ കുന്നംകുളം മണിച്ചിത്രത്താഴ് പോലെയായി' ഒരാളുടെ കമന്റിങ്ങനെ. ഹൊറർ, ത്രില്ലർ, മാസ് എന്നീ പല ഘടകങ്ങളുള്ള തിരക്കഥ അവിയൽ പരുവത്തിലായിരുന്നെന്നും അഭിപ്രായമുണ്ട്.
സുരാജ് വെഞ്ഞാറമൂടിന്റെ കോമഡി രംഗങ്ങൾ ആരാധകർ എടുത്ത് പറയുന്നുണ്ട്. സിനിമയെ രസകരമാക്കാൻ സുരാജിന് സാധിച്ചെന്ന് അഭിപ്രായങ്ങൾ വരുന്നു.
നവ്യ നായർ ചെറിയ വേഷം ചെയ്ത ദ്രോണയിൽ നായികയായത് കനിഹയാണ്. ധന്യ മേരി വർഗീസിനും ശ്രദ്ധേയ വേഷമാണ് ലഭിച്ചത്. ഒരുപക്ഷെ ഇന്നായിരുന്നു റിലീസ് ചെയ്തതെങ്കിൽ ദ്രോണ ഇതിലേറെ ചർച്ചയായേനെ.
ഷാജി കെെലാസ് ചിത്രങ്ങളിൽ പലരും ഇന്ന് സോഷ്യൽ മീഡിയ ചർച്ചകളിൽ വരാറുണ്ട്. അതേസമയം സിനിമ ഇഷ്‌ടപ്പെട്ടവരും ഏറെയാണ്. ഷാജി കെെലാസിന്റെ കരിയറിലെ മികച്ച സമയത്ത് വന്ന സിനിമകളിലൊന്നാണ് ദ്രോണ.
#Fans #high #hopes #end #movie #dhrona #turned #flop