(moviemax.in) ആസിഫ് അലി നായകനായ രേഖാചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. ചിത്രം പ്രദർശനം തുടരുന്നതിനിടെ സഹതാരത്തെ ആശ്വസിപ്പിക്കുന്ന ആസിഫ് അലിയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.
രേഖാചിത്രത്തിൽ ആസിഫ് അലിക്കൊപ്പം അഭിനയിച്ച താരമാണ് സുലേഖ. നാടക നടി കൂടിയായ സുലേഖയ്ക്ക് രേഖ ചിത്രത്തിൽ രണ്ട് ഷോട്ടുകളെ ഉണ്ടായിരുന്നുള്ളുവെങ്കിലും താൻ അഭിനയിച്ച സിനിമ കാണാനായി സുഹൃത്തുക്കളും ബന്ധുക്കളുമായി തിയറ്ററിൽ എത്തി.
എന്നാൽ സിനിമയിൽ തന്റെ ഭാഗം കട്ടായത് അറിഞ്ഞിരുന്നില്ല. ഇത് അവരെ ഒത്തിരി വേദനിപ്പിച്ചു. കണ്ണുകൾ നിറഞ്ഞൊഴുകി. ഇക്കാര്യം അറിഞ്ഞ ആസിഫ് അലി ഉടൻ തന്നെ സുലേഖയെ കണ്ട് ആശ്വസിപ്പിക്കുകയായിരുന്നു.
എന്നാൽ ഇപ്പോൾ തിങ്ക് മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെ സിനിമയില്‍ നിന്നും ഒഴിവാക്കിയ സുലേഖയുടെ രംഗം പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ.
ആസിഫ് അലിയുടെ കഥാപാത്രം അന്വേഷണത്തിന്റെ ഭാഗമായി സുലേഖ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അടുത്ത് എത്തുന്നതും പിന്നീട് നടക്കുന്ന ചിരിപ്പിക്കുന്ന നിമിഷങ്ങളുമാണ് വീഡിയോയിലുള്ളത്.
‘ഇതാണ് സുലേഖ ചേച്ചിയുടെ ഡിലീറ്റായി പോയ സീൻ. “സിനിമ ഇറങ്ങിയ ദിവസം തന്നെ ഞങ്ങൾ ചേച്ചിയോട് പറഞ്ഞിരുന്നു ഈ സീൻ ചേച്ചിക്ക് വേണ്ടി ഞങ്ങൾ പുറത്തിറക്കുമെന്ന് ആ വാക്ക് പാലിക്കുന്നു” ഡിലീറ്റായ സീന്‍ പങ്കുവച്ച് കൊണ്ട് സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ എഴുതി.
#rekhachithram #deleted #scene #asifali