പ്രശസ്ത ഫിലിം ക്യാറ്റലോഗ് ആപ്പ് ആയ ലെറ്റർബോക്സ്ഡ് തിരഞ്ഞെടുത്ത, 2024 ൽ ലോകത്ത് വിവിധ ജോണറുകളിലെ റിലീസായ മികച്ച സിനിമകളുടെ പട്ടികയിൽ 4 മലയാളം ചിത്രങ്ങളെയും തിരഞ്ഞെടുത്തു. ഓരോ ജോണറിലും വർഷാന്ത്യം 10 സിനിമകൾ വീതം ലെറ്റർബോക്സ്ഡ് തിരഞ്ഞെടുക്കാറുണ്ട്. ചിത്രങ്ങൾ കണ്ട പ്രേക്ഷകർ നൽകുന്ന റേറ്റിംഗിന്റെ അടിസ്ഥാനത്തിൽ ആണ് ചിത്രങ്ങളെ തിരഞ്ഞെടുക്കുന്നത്.
ആക്ഷൻ അഡ്വെഞ്ചർ വിഭാഗത്തിൽ ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് 3 ആം സ്ഥാനത്തും, ജിത്തു മാധവൻ സംവിധാനം ചെയ്ത ആവേശം 5 ആം സ്ഥാനത്തും എത്തിയിട്ടുണ്ട്. ലിസ്റ്റിൽ ഒന്നാം സ്ഥാനം ഡെന്നിസ് വില്യനോവിന്റെ ബ്രഹ്‌മാണ്ഡ ചിത്രം ഡൂൺ 2 ആണ്. ഡ്രാമ വിഭാഗത്തിൽ 8 ആം സ്ഥാനത്ത് ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം ഇടം പിടിച്ചു.
‘ആം സ്റ്റിൽ ഹിയർ’ ബ്രസീലിയൻ ചിത്രമാണ് 1 ആം സ്ഥാനത്ത്. ഹൊറർ വിഭാഗത്തിൽ രാഹുൽ സദാശിവൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഭ്രമയുഗം 4 ആം സ്ഥാനം കരസ്ഥമാക്കി. ഇപ്പോൾ തിയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന റോബർട്ട് എഗേഴ്സ് ചിത്രം ‘നൊസ്‌ഫെറാട്ടു’ ആണ് ഒന്നാമതെത്തിയത്.
മികച്ച നിലവാരം പുലർത്തുന്ന റീജ്യണൽ സിനിമ ഇൻഡസ്ട്രികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ലെറ്റർബോക്സ്ഡ്, ‘സ്പോട്ട്ലൈറ്റ് ഓൺ സിനിമ’ എന്ന പേരിൽ ഏതെങ്കിലും ഒരു ഭാഷയിലെ ആ വർഷമിറങ്ങിയ ഇറങ്ങിയ മികച്ച 10 സിനിമകൾ പട്ടികപ്പെടുത്താറുണ്ട്.
ഈ വർഷം തിരഞ്ഞെടുത്തത് മലയാളം സിനിമയെ ആയിരുന്നു. യഥാക്രമം ആട്ടം,മഞ്ഞുമ്മൽ ബോയ്സ്,കിഷ്കിന്ധാ കാണ്ഡം,ഓൾ വി ഇമാജിൻ അസ് ലൈറ്റ്,ഭ്രമയുഗം,പ്രേമലു,ഉള്ളൊഴുക്ക്,സൂക്ഷ്മദർശിനി,റൈഫിൾ ക്ലബ്ബ് എന്നീ ചിത്രങ്ങളാണ് പട്ടികയിലുള്ളത്.
തമിഴിൽ നിന്നും മെയ്യഴകൻ ഡ്രാമ വിഭാഗത്തിലും,മഹാരാജ ആക്ഷൻ അഡ്വെഞ്ചർ വിഭാഗത്തിലും ഇടം നേടിയിട്ടുണ്ട്. ലെറ്റർബോക്സ്ഡ് പട്ടിക പ്രസിദ്ധീകരിച്ചതിനെ തുടർന്ന് വിവിധ സോഷ്യൽ പ്ലാറ്റ്‌ഫോമുകളിലായി രാജ്യത്തിനകത്തും പുറത്തുനിന്നുമായി മലയാളം സിനിമക്ക് ധാരാളം പ്രശംസകൾ ലഭിക്കുന്നുണ്ട്.
#letterboxd #selected #4 #malayalam #movies #their #top #rated #movies #list #various #categorys