(moviemax.in)രണ്ട് വർഷം മുമ്പ് വരെ അടുത്ത സുഹൃത്തുക്കളായിരുന്നു നടൻ ബാലയും ഉണ്ണി മുകുന്ദനും. വർഷങ്ങളായുള്ള സൗഹൃദമായിരുന്നു ഇരുവരുടേതും. ഏക മകൾക്ക് പിറന്നാൾ ആശംസിക്കാൻ മറന്നാലും ഉണ്ണിയുടെ പിറന്നാൾ ബാല മറക്കാറില്ലായിരുന്നു.
ഗുരുതരമായ കരൾ രോഗവുമായി നടൻ പോരാടിക്കൊണ്ടിരിക്കുന്ന സമയത്ത് തന്റെ സിനിമയിലേക്ക് വിളിച്ച് കേന്ദ്രകഥാപാത്രങ്ങളിൽ ഒന്നിൽ ബാലയെ ഉണ്ണി അഭിനയിപ്പിച്ചിരുന്നു.
അവസാനം ബാല ചെയ്ത സിനിമകളിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടതും ഷെഫീക്കിന്റെ സന്തോഷം എന്ന് പേരുള്ള ആ ചിത്രമായിരുന്നു.
എന്നാൽ ഇതേ സിനിമ കാരണം തന്നെ ഇരുവരുടെയും സൗഹൃദത്തിലും വിള്ളൽ വീണു. സിനിമയിൽ അഭിനയിച്ചതിന് ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകിയില്ലെന്നായിരുന്നു ബാലയുടെ ആരോപണം.
രണ്ട് വർഷം മുമ്പ് പ്രതിഫലവുമായി ബന്ധപ്പെട്ട് ഇരുവർക്കും ഇടയിലുണ്ടായ വഴക്ക് വലിയ വിവാദമാവുകയും ചെയ്തിരുന്നു.
എന്നിരുന്നാലും ബാല അസുഖം മൂർച്ഛിച്ച് ആശുപത്രിയിലായപ്പോൾ ആദ്യം ഓടി എത്തിയവരിൽ ഉണ്ണിയും ഉണ്ടായിരുന്നു. പ്രതിഫലവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിവാദങ്ങൾ കത്തിപടർന്നപ്പോൾ അന്ന് ബാലയുടെ ഭാര്യയായിരുന്ന എലിസബത്തും ഉണ്ണിക്കും ടീമിനുമെതിരെ രംഗത്ത് എത്തിയിരുന്നു.
ഡബ്ബിങ് കാണാനെത്തിയ എലിസബത്തിന്റെ മാതാപിതാക്കളെ ഉണ്ണിയുടെ ടീം ഇറക്കിവിട്ടുവെന്നും ബാല ആരോപിച്ചിരുന്നു. ഇപ്പോഴിതാ ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ സിനിമ മാർക്കോ പാൻ ഇന്ത്യൻ ലെവലിൽ വൻ വിജയമായി പ്രദർശനം തുടരുമ്പോൾ എലിസബത്ത് സിനിമയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
വയലൻസ് കാണാൻ ഇഷ്ടപ്പെടാത്ത താൻ മാർക്കോ കണ്ടുവെന്നും വളരെ ഇഷ്ടപ്പെട്ടുവെന്നും താൻ ജോലി ചെയ്യുന്ന ആശുപത്രിയിലെ ജീവനക്കാർക്കിടയിൽ പോലും മാർക്കോയാണ് ഇപ്പോൾ ചർച്ച വിഷയമെന്നും എലിസബത്ത് പറയുന്നു.
ഈ വീഡിയോ ഞാൻ പോസ്റ്റ് ചെയ്ത് കഴിയുമ്പോൾ ട്രോളും നെഗറ്റീവ് കമന്റ്സും വരാൻ ചാൻസുണ്ട്. പക്ഷെ ഇത് പറയണമെന്ന് വിചാരിച്ചിട്ട് രണ്ട്, മൂന്ന് ദിവസമായി. അതുകൊണ്ടാണ് ഇന്ന് പറയുന്നത്. മാർക്കോ സിനിമയാണ് വിഷയം.
വയലൻസ് ഒരുപാടുള്ള സിനിമകൾ കാണാത്തയാളാണ് ഞാൻ. മുമ്പൊക്കെ കാണുമായിരുന്നു. ഇപ്പോൾ ഭയങ്കര വയലൻസാണല്ലോ. അതുകൊണ്ടാണ് ഇപ്പോൾ കാണാത്തത്. ഞാൻ ഗുജറാത്തിലാണുള്ളത്. ഇവിടെയുള്ള ടെക്നീഷ്യന്മാർ, ഡോക്ടേഴ്സ്, ഇന്റേൺസ് തുടങ്ങി എല്ലാവർക്കിടയിലും മാർക്കോയാണ് ചർച്ച വിഷയം.
മലയാളിയാണ് ഞാനെന്ന് അറിയാവുന്നതുകൊണ്ട് എന്നോടും മാർക്കോയെ കുറിച്ച് ചോദിച്ചിരുന്നു. സോങ്സൊക്കെ ആളുകൾ റിപ്പീറ്റ് മോഡിലിട്ട് കേൾക്കുന്നതും ഞാൻ കണ്ടു. എല്ലാവരും മാർക്കോ തിയേറ്ററിൽ പോയി കണ്ട് കഴിഞ്ഞു. ഭയങ്കരമായി ഇഷ്ടപ്പെട്ടു.
വേറെ ലെവൽ പടം എന്നാണ് എല്ലാവരും പറയുന്നത്. വേറൊരു സംസ്ഥാനത്ത് താമസിക്കുമ്പോൾ കേരളത്തിലുള്ള കാര്യങ്ങളെ കുറിച്ച് ആളുകൾ പൊക്കി പറയുമ്പോൾ നമുക്ക് ഒരു സന്തോഷം വരുമല്ലോ.
ആ സന്തോഷം കൊണ്ടാണ് ഈ വീഡിയോ ഇടുന്നത്. അല്ലു അർജുനെ ഇഷ്ടമാണെങ്കിലും പുഷ്പ 2 കാണാൻ പോയിരുന്നില്ല. വയലൻസ് കാണാൻ വയ്യെന്ന് പറഞ്ഞാണ് പോകാതിരുന്നത്. പിന്നെ അല്ലു അർജുൻ മലയാളിയാണെന്നാണ് ഇവിടെയുള്ളവർ കരുതിയിരിക്കുന്നത്.
കേരളത്തിലെ കുറച്ച് താരങ്ങളെ മാത്രമെ ഇവിടെയുള്ളവർക്ക് അറിയുകയുള്ളു എന്നാണ് എലിസബത്ത് പറഞ്ഞത്. പഴയ കഥകളൊന്നും മനസിൽ സൂക്ഷിക്കാതെ നല്ലത് കണ്ടപ്പോൾ മടി കൂടാതെ പ്രശംസിച്ച എലിസബത്തിനെ ആരാധകരും അഭിനന്ദിച്ചു.
ഗുജറാത്തിലെ ഒരു ആശുപത്രിയിൽ ഡോക്ടറായി ജോലി ചെയ്യുകയാണിപ്പോൾ എലിസബത്ത്.
ഒന്നര വർഷം മുമ്പാണ് ബാലയും എലിസബത്തും വേർപിരിഞ്ഞത്. അടുത്തിടെ ബാല വീണ്ടും വിവാഹിതനായി. മാമന്റെ മകൾ കോകിലയെയാണ് നടൻ വിവാഹം ചെയ്തത്. എലിസബത്തിന്റെയും ബാലയുടേയും വിവാഹം ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിരുന്നില്ല.
#film #broke #friendship #two #person #caused #parents #humiliated #Elizabeth