മലയാള സിനിമയിലെ എക്കാലത്തേയും വലിയ കോമഡി ചിത്രങ്ങളിലൊന്നാണ് സി.ഐ.ഡി മൂസ.
ദിലീപിനെ നായകനാക്കി ജോണി ആന്‍റണി സംവിധാനം ചെയ്ത ചിത്രത്തിൽ ഹാസ്യ സാമ്രാട്ടുകളെല്ലാം ഒന്നിച്ചെത്തിയിരുന്നു.
ചിത്രത്തിൽ ഒരു ഭ്രാന്തന്‍റെ റോളിൽ സലീം കുമാറുമുണ്ട്, എന്നാൽ സി.ഐ.ഡി മൂസയുടെ സെറ്റിൽ നിന്നും ഇറങ്ങി പോയിട്ടുണ്ടെന്ന് പറയുകയാണ് സലീം കുമാറിപ്പോൾ.
തന്‍റെയും ക്യാപ്റ്റൻ രാജു അവതരിപ്പിച്ച കഥാപാത്രത്തെയും ഒന്നാക്കാമെന്ന ദിലീപിന്‍റെ തീരുമാനം ഇഷ്ടപ്പെടാത്തതുകൊണ്ടാണ് താൻ പിണങ്ങി പോയതെന്നും സലീം കുമാർ പറഞ്ഞു.
'സി.ഐ.ഡി. മൂസയുടെ സെറ്റിൽ നിന്ന് ഞാൻ ഇറങ്ങിപ്പോയിട്ടുണ്ട്. മിക്ക ദിവസവും രാത്രി വൈകിയായിരിക്കും ഷൂട്ട് തീരുന്നത്.
അത് കഴിഞ്ഞ് റൂമിൽ വിശ്രമിക്കാൻ പോകുമ്പോൾ ദിലീപ് അടുത്ത് വന്നിരുന്ന് അടുത്ത ദിവസം എടുക്കാൻ പോകുന്ന സീനിനെപ്പറ്റി സംസാരിക്കും.
'ആ സീൻ അങ്ങനെയെടുക്കാം, ഈ സീൻ ഇങ്ങനെയെടുക്കാം' എന്നൊക്കെ പറഞ്ഞ് കുറേ നേരം സംസാരിച്ചിരിക്കും.
ഒരിക്കൽ എന്റെയും ക്യാപ്റ്റൻ രാജു ചേട്ടന്റെയും കഥാപാത്രങ്ങളെ ഒന്നാക്കി. രാജു ചേട്ടന്‍റെ കഥാപാത്രമെന്ന് പറയുന്നത് ദിലീപിന്റെ അമ്മാവനാണ്, എന്‍റേതാണെങ്കിൽ ഒരു ഭ്രാന്തനും.
ഈ രണ്ട് കഥാപാത്രങ്ങളെയും ഒന്നാക്കി. അതെനിക്ക് ഇഷ്ടപ്പെട്ടില്ല. ഞാൻ ആ സെറ്റിൽ നിന്ന് ഇറങ്ങിപ്പോയി. ആ സമയത്തായിരുന്നു ലാൽ ജോസിൻന്‍റെ പട്ടാളം സിനിമ ഷൂട്ട് ചെയ്തത്. ആ പടത്തിൽ എനിക്ക് റോളുണ്ടായിരുന്നു.
കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞതാണ് ശരിയെന്ന് ദിലീപിന് മനസിലായി. എന്നെ വിളിച്ച് ആ കാര്യം പറഞ്ഞു.
അങ്ങനെയാണ് ഞാൻ ആ സിനിമ പൂർത്തിയാക്കിയത്,' സലിം കുമാർ പറഞ്ഞു. ആ കാലത്ത് നൂറ് ദിവസമെടുത്ത് ഷൂട്ട് ചെയ്തതാണ് സി.ഐ.ഡി മൂസയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
#like #left #set #CIDMusa #SalimKumar