ബോളിവുഡിലെ മിന്നും താരമാണ് മല്ലിക ഷെറാവത്ത്. രണ്ടായിരങ്ങളില്‍ ഗ്ലാമറസ് റോളുകളിലൂടെ ബോളിവുഡ് തരംഗം സൃഷ്ടിച്ച നടിയാണ് മല്ലിക ഷെറാവത്ത്. മര്‍ഡര്‍ അടക്കമുള്ള സിനിമകളിലെ മല്ലികയുടെ ബോള്‍ഡ് കഥാപാത്രങ്ങള്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ബോളിവുഡും കടന്ന് ഹോളിവുഡിലും മല്ലിക സാന്നിധ്യം അറിയിച്ചിരുന്നു. ഇന്ന് ബോള്‍ഡ് വേഷങ്ങള്‍ സാധാരണമാണ്. എന്നാല്‍ തന്റെ കാലത്തെ നായിക സങ്കല്‍പ്പങ്ങള്‍ തിരുത്തിയെഴുതിയ താരമായിരുന്നു മല്ലിക.
ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്‍ബലമോ ഗോഡ്ഫദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ് മല്ലിക ഷെറാവത്ത് കടന്നു വരുന്നത്. തന്റെ കഠിനാധ്വാനവും കഴിവുമാണ് മല്ലികയെ താരമാക്കുന്നത്. ഇമ്രാന്‍ ഹാഷ്മിയും മല്ലികയും ഒരുമിച്ച് അഭിനയിച്ച മര്‍ഡറിലെ ചൂടന്‍ രംഗങ്ങള്‍ മല്ലികയെ താരമാക്കി മാറ്റുന്നതായിരുന്നു. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും ബോള്‍ഡ് ആയിരുന്നു മല്ലിക.
ഓണ്‍ സ്‌ക്രീനിലെ പ്രകടനത്തിന് കയ്യടി കിട്ടിയത് പോലെ തന്നെ വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരുന്നു മല്ലിക ഷെറാവത്ത്. എന്നാല്‍ അതിനെയെല്ലാം അതിജീവിച്ചാണ് മല്ലിക താരമായി വളര്‍ന്നത്. ജീവിതത്തില്‍ പല വെല്ലുവിളികളും നേരിടേണ്ടി വന്നിട്ടുണ്ട് മല്ലികയ്ക്ക്. നടിയാകാനുള്ള മല്ലികയുടെ തീരുമാനം കുടുംബം അംഗീകരിച്ചിരുന്നില്ല.
അതിനാല്‍ മല്ലികയെ വീട്ടില്‍ നിന്നും പുറത്താക്കുകയായിരുന്നു. പക്ഷെ തന്റെ സ്വപ്‌നം ഉപേക്ഷിക്കാന്‍ മല്ലിക തയ്യാറായിരുന്നില്ല. മല്ലികയുടെ ദാമ്പത്യ ജീവിതവും വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു. 1997 ലാണ് മല്ലിക കരണ്‍ സിംഗിനെ വിവാഹം കഴിക്കുന്നത്. പക്ഷെ ഒരു വര്‍ഷം മാത്രമാണ് ആ ബന്ധത്തിന് ആയുസുണ്ടായിരുന്നത്.
അതേസമയം തന്റെ വിവാഹക്കാര്യം മല്ലിക മറച്ചുവെക്കുകയായിരുന്നു. വിവാഹിതയാണെന്ന് അറിഞ്ഞാല്‍ അവസരം ലഭിക്കുന്നത് കുറയുമെന്ന ഭയമായിരുന്നു മല്ലികയുടെ തീരുമാനത്തിന് പിന്നില്‍. അന്നത്തെ കാലത്ത് മാത്രമല്ല, ഇന്നും വിവാഹ ശേഷം നടിമാര്‍ക്ക് അവസരം ലഭിക്കുന്നത് കുറയുന്നുണ്ടെന്ന വസ്തുത മല്ലികയുടെ ആശങ്കയെ സാധൂകരിക്കുന്നതാണ്.
തനിക്കെതിരെയുള്ള വിമര്‍ശനങ്ങളെക്കുറിച്ച് ഒരിക്കല്‍ മല്ലിക സംസാരിച്ചിരുന്നു. പുരുഷന്മാരേക്കാള്‍ തന്നെ എതിര്‍ക്കുകയും അധിക്ഷേപിക്കുകയും ചെയ്തിരുന്നത് സ്ത്രീകളാണെന്നാണ് ഒരിക്കല്‍ മല്ലിക പറഞ്ഞത്. ''ഒരു വിഭാഗം മീഡിയക്കാര്‍ എന്നെ അധിക്ഷേപിക്കുകയും കടന്നാക്രമിക്കുകയും ചെയ്തു. അത് എന്നെ വല്ലാതെ അലട്ടിയതായിരുന്നു.
കാരണം അവരില്‍ കൂടുതലും സ്ത്രീകളായിരുന്നു. പുരുഷന്മാര്‍ക്ക് എന്നോട് പ്രശ്‌നമില്ലായിരുന്നു. പുരുഷന്മാര്‍ എപ്പോഴും എന്നെ അഭിനന്ദിക്കുകയേ ചെയ്തിട്ടുള്ളൂ. എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് എന്നോട് വെറുപ്പെന്ന് അറിയില്ല. അവര്‍ എന്നോട് വളരെ മോശമായിട്ടാണ് പെരുമാറിയത്. അത് കാരണം ഞാന്‍ രാജ്യം തന്നെ വിടാന്‍ തീരുമാനിച്ചിരുന്നു. പക്ഷെ ഇന്ന് കാലം മാറി. അവര്‍ എന്നെ അംഗീകരിക്കുന്നുണ്ട്. എന്നെ സ്‌നേഹിക്കുന്നു. അത് ഞാന്‍ നന്നായി ആസ്വദിക്കുന്നുണ്ട്'' എന്നാണ് മല്ലിക പറഞ്ഞത്.
''എനിക്കെതിരെ ഒരുപാട് ആരോപണങ്ങളുണ്ടായിരുന്നു. കുട്ടിയുടുപ്പ് ധരിക്കുകയോ സ്‌ക്രീനില്‍ ചുംബിക്കുകയോ ചെയ്താല്‍ നിങ്ങള്‍ മോശം സ്ത്രീയാകും. അതോടെ പുരുഷന്മാര്‍ നമ്മളോട് അധികം സ്വാതന്ത്ര്യം കാണിക്കും. എനിക്കും അത് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നെ സിനിമകളില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. സ്‌ക്രീനില്‍ ചെയ്യാന്‍ പറ്റുമെങ്കില്‍ പിന്നെ എനിക്കൊപ്പം മുറിയില്‍ വച്ച് ഇതൊക്കെ ചെയ്യുന്നതില്‍ എന്താണ് പ്രശ്‌നമെന്ന് ചോദിച്ച നായകന്മാരുണ്ട്.
ഒരുപാട് അവസരങ്ങള്‍ എനിക്ക് നഷ്ടമായി. സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്നതിന്റെ പ്രതിഫലനമാണതെല്ലാം'' എന്നും മല്ലിക പറയുന്നുണ്ട്. പതിയെ മല്ലിക സിനിമയില്‍ നിന്നും ഇടവേളയെടുത്തു. ഇതിനിടെ 2018 ല്‍ മല്ലിക വീണ്ടും വാര്‍ത്തകളില്‍ ഇടം നേടി. പാരീസിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും മല്ലികയേയും കാമുകനേയും കോടതി പുറത്താക്കുകയായിരുന്നു.
വാടക നല്‍കാത്തതിനെ തുടര്‍ന്നാണ് ഇരുവരും പുറത്താക്കപ്പെട്ടത്. വിവാദങ്ങളൊക്കെ പതിയെ കെട്ടടങ്ങി. താരം ഇപ്പോള്‍ ലോസ് ആഞ്ചല്‍സിലാണ് താമസം. പോയ വര്‍ഷം അഭിനയത്തിലേക്കം മല്ലിക തിരികെ വന്നു. വിക്കി വിദ്യ കാ വോ വാല വീഡിയോ എന്ന ചിത്രത്തിലൂടെയാണ് മല്ലിക തിരിച്ചുവന്നത്. ചിത്രത്തിലെ മല്ലികയുടെ പ്രകടനം വലിയ കയ്യടി നേടുകയും ചെയ്തിരുന്നു.
#mallikasherawat #once #said #women #media #hated #her #but #things #changed #now