(moviemax.in) തിരുവനന്തപുരത്തെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ട നടന്‍ ദിലീപ് ശങ്കറിന്റെ വേര്‍പാട് അമ്പരപ്പോടെയാണ് അഭിനയലോകം കേട്ടത്.
25 വര്‍ഷമായി സീരിയല്‍-സിനിമാ രംഗത്ത് സജീവമായിരുന്നു ദിലീപ്. ജൂഡ് അട്ടിപ്പേറ്റിയുടെ റോസസ് അറ്റ് ഡിസംബര്‍ എന്ന സീരിയലിലൂടെ അഭിനയരംഗത്തെത്തിയ അദ്ദേഹം തമിഴ് ഉള്‍പ്പെടെ 50 -ലേറെ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്.
എം.ജി. യൂണിവേഴ്സിറ്റിയുടെ കലാപ്രതിഭ ബഹുമതിയുമായാണ് അദ്ദേഹം ക്യാമറയ്ക്ക് മുന്നിലെത്തിയത്. മനോജ് സംവിധാനം ചെയ്യുന്ന പഞ്ചാഗ്‌നി എന്ന സീരിയലില്‍ അഭിനയിക്കാനാണ് തലസ്ഥാനത്തെത്തിയത്.
മൂന്നുദിവസമായി ഷൂട്ടിങ് ഇല്ലായിരുന്നു. തിങ്കളാഴ്ച ഷൂട്ടിങ്ങിനായി കാത്തിരിക്കുമ്പോഴാണ് മരണം. ഗ്രാമഫോണ്‍, മഹേഷും മാരുതിയും തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിവിന്‍പോളിയും നയന്‍താരയും അഭിനയിച്ച പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.
സഹപ്രവര്‍ത്തകരോട് അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന അദ്ദേഹം വ്യക്തിജീവിതത്തില്‍ അധികം ശ്രദ്ധ കാട്ടിയിരുന്നില്ലെന്ന് അടുപ്പമുള്ളവര്‍ പറഞ്ഞു.
കരള്‍സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. അതിന്റെ തീവ്രത വകവെയ്ക്കാതെയാണ് പലപ്പോഴും ഷൂട്ടിങ്ങുകളില്‍ പങ്കെടുത്തിരുന്നത്. അപ്രതീക്ഷിതമായ ദുരന്തത്തിലേക്ക് എത്തിച്ചതും രോഗത്തോട് കാട്ടിയ അലംഭാവമാണെന്നാണ് കരുതുന്നത്. മരണകാരണത്തില്‍ അവ്യക്തതയുണ്ടെന്നാണ് പോലീസ് പറയുന്നത്.
സിനിമ-സീരിയൽ താരം എറണാകുളം തെക്കൻ ചിറ്റൂർ മത്തശ്ശേരിൽ തറവാട്ടിൽ ദേവാങ്കണത്തിൽ ദിലീപ് ശങ്കറിനെ (50) നഗരത്തിലെ ഹോട്ടൽമുറിയിൽ ഞായറാഴ്ച ഉച്ചയോടെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന്റെ ലക്ഷണങ്ങളൊന്നും മുറിയിൽ കണ്ടില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നശേഷമേ മരണകാരണം അറിയാൻ കഴിയൂവെന്നും കന്റോൺമെന്റ് പോലീസ് പറഞ്ഞു.
ചാപ്പാ കുരിശ്, നോർത്ത് 24 കാതം തുടങ്ങിയ സിനിമകളിലും നിരവധി സീരിയലുകളിലും ദിലീപ് ശങ്കർ അഭിനയിച്ചിട്ടുണ്ട്. സീരിയൽ ഷൂട്ടിങ്ങിനായി എത്തിയ ദിലീപ് ശങ്കർ നാലു ദിവസം മുൻപാണ് ഹോട്ടലിൽ മുറിയെടുത്തത്.
ഇടയ്ക്ക് രണ്ടു ദിവസം ഷൂട്ടിങ് ഇല്ലായിരുന്നു. ഷൂട്ടിങ് പുനരാരംഭിക്കുന്നതു സംബന്ധിച്ച വിവരമറിയിക്കാൻ സീരിയലിന്റെ അണിയറ പ്രവർത്തകർ ഫോൺ വിളിച്ചെങ്കിലും അദ്ദേഹം ഫോൺ എടുത്തിരുന്നില്ല.
ഇതിനിടെ ഞായറാഴ്ച മുറിയിൽനിന്നു ദുർഗന്ധം വമിച്ചതിനെത്തുടർന്ന് ഹോട്ടൽ ജീവനക്കാർ പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി തുറന്നു നോക്കിയപ്പോഴാണ് നടനെ മരിച്ചനിലയിൽ കണ്ടത്. മൃതദേഹത്തിന് രണ്ടിലേറെ ദിവസത്തെ പഴക്കമുണ്ട്.
അഭിനയത്തിനു പുറമേ ബിസിനസ് രംഗത്തും സജീവമായിരുന്നു ദിലീപ് ശങ്കർ. ചപ്പാത്തി, ദോശമാവ് തുടങ്ങിയ റെഡി ടു ഈറ്റ് വിഭവങ്ങളാണ് ഇദ്ദേഹത്തിന്റെ കമ്പനി വിപണിയിലെത്തിക്കുന്നത്.
ഭാര്യ സുമയാണ് ബിസിനസ് കാര്യങ്ങൾ കൂടുതലും നോക്കിയിരുന്നത്. ബെംഗളൂരുവിൽ ജോലിചെയ്യുന്ന ദേവ, വിദ്യാർഥിയായ ധ്രുവ് എന്നിവരാണ് മക്കൾ. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി കൊച്ചിയിലേക്കു കൊണ്ടുപോയി.
തിങ്കളാഴ്ച രാവിലെ ആറു മുതൽ 11 വരെ ചിറ്റൂരിലെ വീട്ടിലും 12 മണിവരെ ചിറ്റൂർ സെന്റ് മേരീസ് സ്കൂളിലും മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. സംസ്‌കാരം ചേരാനെല്ലൂർ ശ്മശാനത്തിൽ.
#Actor #DileepShankar #demise #shock #acting #world.