---
title: "#MTVasudevanNair | ഓരോ സീനെടുക്കുമ്പോഴും ഞാനദ്ദേഹത്തെ നോക്കും, പ്രത്യേകിച്ച് ചിരിയോ അഭിനന്ദനമോ ആ മുഖത്തുണ്ടായിരുന്നില്ല'; എംടി ഓർമ്മകളിൽ മനോജ് കെ ജയൻ"
english_title: "#Manojkjayan #memory #late #great #genius #MTVasudevanNair."
publisher: "moviemax.in"
canonical_url: "https://moviemax.in/news/259037/manojkjayan-memory-late-great-genius-mtvasudevannair"
published_at: "2024-12-26T13:04:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676d07e82aa2b_mt.jpg"
keywords: []
---

# #MTVasudevanNair | ഓരോ സീനെടുക്കുമ്പോഴും ഞാനദ്ദേഹത്തെ നോക്കും, പ്രത്യേകിച്ച് ചിരിയോ അഭിനന്ദനമോ ആ മുഖത്തുണ്ടായിരുന്നില്ല'; എംടി ഓർമ്മകളിൽ മനോജ് കെ ജയൻ

> **Lead Summary:** ** **അന്തരിച്ച മഹാ പ്രതിഭ എംടി വാസുദേവൻ നായരെ അനുസ്മരിച്ച് മനോജ്. കെ.ജയൻ. വളരെ അപ്രതീക്ഷിതമായി വന്ന മഹാഭാഗ്യമായിരുന്നു എംടിയുടെ തിരക്കഥയിലൊരുക്കിയ പെരുന്തച്ചൻ എന്ന സിനിമയിലേക്കുളള ക്ഷണമെന്നും

## Article Content

** **അന്തരിച്ച മഹാ പ്രതിഭ എംടി വാസുദേവൻ നായരെ അനുസ്മരിച്ച് മനോജ്. കെ.ജയൻ. വളരെ അപ്രതീക്ഷിതമായി വന്ന മഹാഭാഗ്യമായിരുന്നു എംടിയുടെ തിരക്കഥയിലൊരുക്കിയ പെരുന്തച്ചൻ എന്ന സിനിമയിലേക്കുളള ക്ഷണമെന്നും

എം.ടി സാർ എന്നെ തിരിച്ചയക്കുമോ എന്ന പേടിയോടെയാണ് അഭിനയിക്കാൻ എത്തിയതെന്നും മനോജ്.കെ.ജയൻ ഓർമ്മിച്ചു.

**മനോജ് കെ ജയന്റെ വാക്കുകൾ**

*ഒരു വേഷമുണ്ടെന്നും മംഗലാപുരത്തേക്ക് വരണമെന്നാണ് പെരുന്തച്ചൻ സിനിമയുടെ പ്രൊഡ്യൂസർ വിളിച്ച് ആവശ്യപ്പെട്ടത്. പെരുന്തച്ചൻ എംടി സാറിന്റെ തിരക്കഥയിലുളളതാണെന്നും വലിയ നടന്മാർ ചെയ്യണമെന്ന് കരുതി വെച്ച വേഷമാണെന്നും നിങ്ങൾ ചെയ്താൽ നന്നായിരിക്കുമെന്ന് ചില സിനിമാ സുഹൃത്തുക്കൾ പറഞ്ഞതിനാലാണ് വിളിച്ചതെന്നും പ്രൊഡ്യൂസർ അറിയിച്ചു. *

*അതിനൊപ്പം എംടി സാറിന് ഇഷ്ടപ്പെട്ടാൽ മാത്രമേ ആ വേഷം കിട്ടൂവെന്നും ചിലപ്പോൾ മടങ്ങിപ്പോകേണ്ടി വരുമെന്നും പറഞ്ഞിരുന്നു.*

*എം.ടി. സാറിന്റെ ഒരു സ്‌ക്രിപ്റ്റിന് വിളിച്ചുവെന്നെങ്കിലും പറയാമല്ലോ തിരിച്ച് പോകേണ്ടിവന്നാലും കുഴപ്പമില്ലെന്ന് മനസിൽ കരുതി തന്നെയാണ് പോയത്. *

*മംഗലാപുരത്ത് എത്തി 3 ദിവസം കാത്തിരുന്നു. എംടി സാർ എത്തിയിരുന്നില്ല. എംടി സാർ എത്തുന്നതിന് തലേ ദിവസം ആ സിനിമയിലെ ഒരു വേഷം നെടുമുടി വേണുച്ചേട്ടന്റെ കൂടെ അഭിനയിച്ച് നോക്കി. *

*പിറ്റേ ദിവസം എംടി സാറെത്തി. ചില സീനുകൾ ചെയ്യുന്നതിനിടെയാണ് ആൾക്കൂട്ടത്തിൽ കസേരയിട്ട് ബീഡിയും വലിച്ചിരിക്കുന്ന അദ്ദേഹത്തെ ഞാൻ കണ്ടത്. *

*ഓരോ സീനെടുക്കുമ്പോഴും ഞാനദ്ദേഹത്തെ നോക്കും. പ്രത്യേകിച്ച് ചിരിയോ അഭിനന്ദനമോ ആ മുഖത്തുണ്ടായിരുന്നില്ല. അതോടെ പരിപാടി കഴിഞ്ഞു, തിരികെ പോകേണ്ടി വരുമെന്ന് ഞാൻ കരുതി. *

*സീനെടുത്ത് കഴിഞ്ഞ് ഞാൻ അദ്ദേഹത്തെ പോയി കണ്ടു. സാർ മനോജ് കെ ജയനാണ്. രാവിലെ അഭിനയിച്ച ആളാണെന്ന് പറഞ്ഞു. ഞാൻ കണ്ടിരുന്നു. നന്നായി ചെയ്തിട്ടുണ്ട്. നല്ല വേഷമാണ്. നന്നായി ചെയ്യുക എന്ന് പറഞ്ഞ് എംടി സാർ അനുഗ്രഹിച്ചു.*

*പെരുന്തച്ചന് ശേഷം, പരിണയം, സുകൃതം, കേരള വർമ്മ പഴശ്ശിരാജ തുടങ്ങിയ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ അഭിനയിച്ചു. ആ മനസിലൊരു ഇടം ഉണ്ടാക്കിയത് കൊണ്ടാകണം അദ്ദേഹത്തിന്റെ നാല് ചിത്രങ്ങളിൽ അഭിനയിക്കാൻ ഭാഗ്യം കിട്ടിയത്. *

*അദ്ദേഹത്തിന്റെ സിനിമയിലൂടെ എനിക്ക് സംസ്ഥാന അവാർഡും ലഭിച്ചു. അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ പുണ്യമാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ വേഷമെന്നും മനോജ് കെ ജയൻ അനുസ്മരിച്ചു.*

*
*

### Related Links & Sources
- [Original Story Source](https://moviemax.in/news/259037/manojkjayan-memory-late-great-genius-mtvasudevannair)