ചിലപ്പോഴൊക്കെ ദൈവമെന്ന ശക്തിയെ മനുഷ്യൻ പഴിക്കാൻ തുടങ്ങുന്നത് പ്രിയപ്പെട്ടവരുടെ വേദനകൾ കാണുമ്പോഴാണ്. സംഗീത ലോകത്തിന്റെ രാജ്ഞിയായ കെഎസ് ചിത്രയുടെ മുഖം കാണുമ്പോഴെല്ലാം ദൈവം എത്ര ക്രൂരനാണെന്ന് അറിയാതെ പറഞ്ഞുപോകും. കഴിഞ്ഞ പത്ത്, പതിമൂന്ന് വർഷമായി ഏക മകളുടെ വേർപാടുണ്ടാക്കിയ വേദന കടിച്ചമർത്തിയാണ് പ്രിയ ഗായികയുടെ ജീവിതം.
പതിനഞ്ച് വര്‍ഷത്തോളം കുട്ടികളില്ലാതിരുന്ന ചിത്രയ്ക്ക് ഏറെ നാളത്തെ കാത്തിരിപ്പിനും പ്രാര്‍ഥനകള്‍ക്കും ശേഷമാണ് കുഞ്ഞ് ജനിച്ചത്. ആറ്റുനോറ്റ് കിട്ടിയ മകളെ സ്നേഹത്തിൽ പൊതിഞ്ഞാണ് ചിത്ര വളർത്തിയത്. മകളായിരുന്നു ചിത്രയുടെ ലോകം. സായിബാബ ഭക്തയായ ചിത്രയുടെ മകള്‍ക്ക് നന്ദനയെന്ന് പേര് നല്‍കിയത് സത്യസായി ബാബയായിരുന്നു. 2011ലാണ് നന്ദനയുടെ വേർപാട് സംഭവിക്കുന്നത്.
ദുബായ് എമിറേറ്റ് ഹില്‍സിലുള്ള വില്ലയിലെ നീന്തല്‍കുളത്തില്‍ വീണായിരുന്നു എട്ട് വയസുകാരി നന്ദനയുടെ മരണം. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും നന്ദന മരിച്ചിരുന്നു. ഷാര്‍ജയില്‍ എ.ആര്‍ റഹ്മാന്‍ അവതരിപ്പിക്കുന്ന സംഗീതനിശയില്‍ പങ്കെടുക്കാനായിരുന്നു ചിത്രയും മകളോടൊപ്പം ദുബയിലെത്തിയത്. രാവിലെ സംഗീതനിശയുടെ റിഹേഴ്സലിന് പോകാനൊരുങ്ങുന്ന വേളയിലാണ് ദുരന്തമുണ്ടായത്.
കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ നീന്തല്‍കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മകളുടെ നഷ്ടമുണ്ടാക്കിയ വേദനയിൽ മുങ്ങി ഏറെക്കാലം ചിത്ര ശ്വാസമായ സംഗീതത്തിൽ നിന്ന് പോലും അകലം പാലിച്ചിരുന്നു. ഇപ്പോഴിതാ മകളുടെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് പ്രിയ ഗായിക.
ഓരോ ജന്മത്തിനും ഓരോ ലക്ഷ്യമുണ്ടെന്നും അത് പൂർത്തിയാക്കി കഴിയുമ്പോൾ അവർ അനന്തമായ ലോകത്തേക്ക് പോകുമെന്നും ആളുകൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. കൂടാതെ കാലം എല്ലാവിധ മുറിവുകളെയും ഉണക്കി രോഗശാന്തി നൽകുമെന്നും കേട്ടിട്ടുണ്ട്. എന്നാൽ അത്തരം മുറിവുകളിലൂടെ കടന്നുപോയ ആളുകൾക്ക് അത് സത്യമല്ലെന്നത് ബോധ്യമുള്ള ഒന്നാണ്.
മുറിവ് ഇപ്പോഴും പച്ചയായും വേദനാജനകവുമാണ്. മിസ് യു നന്ദന എന്നാണ് കെഎസ് ചിത്ര മകളുടെ പിറന്നാൾ ദിനത്തിൽ കുറിച്ചത്. 2002ലാണ് ചിത്രയ്ക്ക് നന്ദന പിറക്കുന്നത്. ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ നന്ദനയ്ക്കിപ്പോൾ ഇരുപത്തിയൊന്ന് വയസുണ്ടാകുമായിരുന്നു. ഗായികയുടെ മകളെ കുറിച്ചുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് ഗായികയ്ക്ക് ആശ്വാസ വാക്കുകളുമായി എത്തിയത്.
ചില മുറിവുകൾ കാലം മായ്ക്കില്ലെന്നത് പച്ചയായ സത്യമാണെന്നും കെ.എസ് ചിത്രയ്ക്ക് സംഭവിച്ചതുപോലുള്ള നഷ്ടങ്ങൾ അനുഭവിച്ചിട്ടുള്ളവരിൽ ചിലർ കുറിച്ചു. അടുത്തിടെ ആര്‍ട്ടോമാനിക് എന്ന ഇൻസ്റ്റഗ്രാം പേജ് ഉടമയും കലാകാരനുമായ അബ്ദു നന്ദനയുടെ ഇപ്പോഴത്തെ രൂപം ഡിജിറ്റലില്‍ ചെയ്ത് പങ്കുവെച്ചപ്പോൾ വൈറലായിരുന്നു. നന്ദനയുടെ പഴയ ഫോട്ടോകൾ ഉപയോഗിച്ചാണ് ഇപ്പോഴത്തെ രൂപം നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ അബ്ദു വരച്ചത്.
സാരിയുടുത്ത് ചന്ദനക്കുറിതൊട്ട് സുന്ദരിയായി ചിത്രയോട് ചേര്‍ന്ന് നില്‍ക്കുന്ന നന്ദനയാണ് അബ്ദു ഡിസൈന്‍ ചെയ്ത പുതിയ ഫോട്ടോയിലുള്ളത്. നന്ദനയുടെ വേർപാടിനുശേഷം ഒരു തരത്തിലുള്ള ആഘോഷങ്ങളും ചിത്ര വീട്ടിൽ നടത്തുകയോ ആഘോഷിക്കുകയോ ചെയ്യാറില്ല. മകളുടെ ജനനം ഭഗവാന്റെ അനുഗ്രഹമാണെന്ന് പലപ്പോഴും ചിത്ര പറഞ്ഞിട്ടുള്ളത്. കൃഷ്ണ ഭക്ത കൂടിയാണ് ചിത്ര. ഒരു വിഷു ദിനത്തിലാണ് മകളെ ചിത്രയ്ക്ക് നഷ്ടപ്പെട്ടത്.
എന്റെ മകൾ വളരെ അഡ്ജസ്റ്റബിളായിരുന്നു. അതുകൊണ്ട് തന്നെ മകൾ ജനിച്ചശേഷവും എനിക്ക് പാട്ട് പാടാൻ സാധിച്ചു. ഒരമ്മയെന്ന നിലയിൽ എന്റെ മകൾക്ക് എല്ലാം മനസിലാകണം എന്ന രീതിയിലാണ് ഞാൻ കാര്യങ്ങൾ ഒരുക്കിയത്. അവളുണ്ടായിരുന്ന സമയത്ത് എല്ലാ ആഘോഷങ്ങളും അവൾക്ക് തിരിച്ചറിയാൻ വേണ്ടി ഞങ്ങൾ സജ്ജീകരിച്ചു. ഈശ്വരനല്ലേ എല്ലാം തീരുമാനിക്കുന്നത്. എന്റെ കാര്യത്തിൽ ഈശ്വരൻ ഇങ്ങനെയായിരിക്കും നിശ്ചയിച്ചിട്ടുണ്ടാവുക എന്നാണ് മുമ്പൊരിക്കൽ ചിത്ര പറഞ്ഞത്.
#singer #kschithra #shared #heart #wrenching #note #late #daughter #birthday