സോഷ്യൽ മീഡിയ വഴി വലിയ ജനശ്രദ്ധ ലഭിച്ച നിർമാതാക്കളിൽ ഒരാളാണ് ലിസ്റ്റിൻ സ്റ്റീഫൻ. കരിയറിൽ ലിസ്റ്റിനുണ്ടായ വളർച്ച ഏവരും എടുത്ത് പറയാറുണ്ട്. തുടക്കത്തിലെ പരാജയത്തെ നേരിട്ട് മുന്നോട്ട് നീങ്ങിയ ലിസ്റ്റിൻ ഇന്ന് മലയാള സിനിമാ ലോകത്തെ പ്രബല സാന്നിധ്യങ്ങളിൽ ഒരാളാണ്. പ്രൊഡ്യൂസേർസ് അസോസിയേഷൻ ഭാരവാഹികളിൽ ഒരാൾ കൂടിയാണ് ലിസ്റ്റിൻ സ്റ്റീഫൻ. നിർമാതാവിന്റെ പുതിയ ചിത്രമാണ് ഇ.ഡി (എക്സ്ട്രാ ഡീസന്റ്).
സുരാജ് വെഞ്ഞാറമൂട്, ഗ്രേസ് ആന്റണി, വിനയ പ്രസാദ്, സുധീർ കരമന, ശ്യാം മോഹൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രസ് മീറ്റിൽ മാധ്യമ പ്രവർത്തകരുമായുള്ള ലിസ്റ്റിന്റെ രസകരമായ സംഭാഷണങ്ങൾ ശ്രദ്ധ നേടുകയാണിപ്പോൾ. എക്സ്ട്രാ ഡീസന്റ് പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന മികച്ച സിനിമയാണെന്ന് സുരാജും ലിസ്റ്റിനും പ്രസ്മീറ്റിൽ ഒന്നിലേറെ തവണ പറയുന്നുണ്ട്.
ഇതേക്കുറിച്ച് ഒരു റിപ്പോർട്ടർ നിർമാതാവിനോട് ചോദിച്ചു. ലിസ്റ്റിനും സുരാജും ഈ സിനിമ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുമെന്ന് ഉറപ്പ് തരുന്നുണ്ട്. ഇത്രയും ഉറപ്പ് തന്ന സിനിമ വേറെ ഉണ്ടോയെന്ന് സംശയമാണ്. ഈ സിനിമ വിജയിക്കുമെന്ന് അത്രയും ഉറപ്പാണോ എന്നായിരുന്നു റിപ്പോർട്ടറുടെ ചോദ്യം.
ഇതിന് സുരാജ് മറുപടി പറയാനിരിക്കെ ലിസ്റ്റിൻ ഇടപെട്ടു. നിങ്ങളുടെ അഭിമുഖം കാണുമ്പോൾ ഒരു ഇടി കൊടുക്കാതെ രക്ഷയില്ലെന്ന് പലർക്കും തോന്നിയിട്ടുണ്ട്. അതാണ് ഈ സിനിമയിലെ ഏറ്റവും വലിയ പ്രതീക്ഷ. സിനിമയിൽ സുരാജിന്റെ പ്രവൃത്തികൾ കാണുമ്പോൾ ഇവനിട്ട് ഒന്ന് കൊടുക്കാൻ നമുക്ക് തോന്നും. ഇറിറ്റേഷനുണ്ടാക്കുന്ന സൈക്കോ ക്യാരക്ടറാണ്. അതാണ് ഈ സിനിമയെന്ന് ലിസ്റ്റിൻ പറഞ്ഞു. ലിസ്റ്റിന്റെ മറുപടി കേട്ട് ചുറ്റുമുള്ളവർ ചിരിച്ചു.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായ കോട്ട് ധരിച്ചാണ് ലിസ്റ്റിനും അഭിനേതാക്കളുമെല്ലാം പ്രസ് മീറ്റിനെത്തിയത്. ലിസ്റ്റിനെക്കുറിച്ച് നടി വിനയ പ്രസാദും പ്രസ്മീറ്റിൽ സംസാരിച്ചു. കോട്ട് തന്നപ്പോൾ ഈ സാരിക്ക് ഒട്ടും ചേരുന്നില്ല, കോട്ട് വേണ്ടെന്ന് ഞാൻ പറഞ്ഞു. മറ്റുള്ളവരും കോട്ട് വേണ്ടെന്ന് പറഞ്ഞു. അപ്പോൾ ലിസ്റ്റിൻ വന്ന് പത്ത് മിനുട്ട് മതി, ഇതൊരു വാർത്തയാകും എന്ന് പറഞ്ഞു. അങ്ങനെ പറഞ്ഞ് സമ്മതിപ്പിക്കാനുള്ള കഴിവ് ലിസ്റ്റിനുണ്ട്. അത് കൊണ്ടാണ് ലിസ്റ്റിന്റെ സിനിമകൾ വ്യത്യസ്തമാകുന്നതെന്നും വിനയ പ്രസാദ് പറഞ്ഞു.
ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത ഡാർക് ഹ്യൂമർ ചിത്രമാണ് ഇ.ഡി. ആഷിഫ് കക്കോടി തിരക്കഥയൊരുക്കിയ ചിത്രം ഡിസംബർ 20 ന് റിലീസ് ചെയ്യും. ഒരു കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള കഥയാണ് ഇഡി പറയുന്നത്. സുരാജ് വ്യത്യസ്ത ഗെറ്റപ്പിലാണ് ചിത്രത്തിലെത്തുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസിനൊപ്പം സുരാജിന്റെ വിലാസിനി സിനിമാസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുരാജ് ആദ്യമായി നിർമാണ രംഗത്തേക്ക് കടന്ന് വന്ന സിനിമ കൂടിയാണിത്.
#Are #you #sure? #Listin #shuts #up #reporter #Vinaya #admits #Listin #brain #behind #coat