വ്യത്യസ്തമായ ചിത്രങ്ങളിലൂടെ ബോളിവുഡിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് മനോജ് ബാജ്പേയി. മൂന്നുപതിറ്റാണ്ടിലധികമായി ചലച്ചിത്രരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന താരം നൂറിലധികം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.
വ്യക്തിപരവും സിനിമാരംഗത്തെ സംബന്ധിക്കുന്നതുമായ ഒട്ടുമിക്ക വിഷയങ്ങളിലും താരം പ്രതികരണം നടത്താറുമുണ്ട്. ഇപ്പോഴിതാ ബോളിവുഡ് പാര്‍ട്ടികളില്‍ താന്‍ പങ്കെടുക്കാത്തതിനെ സംബന്ധിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടന്‍.
എന്നെ ചുറ്റിപറ്റി വലിയ വിവാദങ്ങളൊന്നുമില്ല. എന്നാല്‍ ഞാന്‍ പാര്‍ട്ടികള്‍ക്ക് പോകാറില്ല. ഇപ്പോള്‍ ആളുകള്‍ എന്നെ അതിന് ക്ഷണിക്കാറുമില്ല.
കാരണം പരിപാടിയില്‍ ഞാന്‍ പങ്കെടുക്കാത്തതിനാല്‍ സ്വയം എന്തിനാണ് അപമാനിതരാകുന്നതെന്ന് അവര്‍ തിരിച്ചറിഞ്ഞു. എനിക്കതില്‍ സന്തോഷമാണുള്ളത്.
പാര്‍ട്ടികളില്‍ എന്നെ വിളിക്കരുത്. കാരണം രാത്രി 10-10.30 മണി ആകുമ്പോള്‍ ഉറങ്ങാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. - മനോജ് ബാജ്പേയി പറഞ്ഞു.
ഞാന്‍ അഹങ്കാരിയാണെന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കില്‍ അങ്ങനെ ആയിക്കോട്ടെ. എന്നാല്‍ എന്റെ ഒപ്പം അവര്‍ ഒരുമിച്ചിരിക്കുന്ന ദിവസം എന്നെക്കുറിച്ചറിയുമ്പോള്‍ അവര്‍ക്ക് ഇത് മനസിലാകും.
ഞാന്‍ നന്ദിയുള്ള മനുഷ്യനാണ്. അഹങ്കാരിയല്ല. പക്ഷേ എനിക്ക് ആത്മാഭിമാനമുണ്ട്. - മനോജ് ബാജ്പേയി കൂട്ടിച്ചേർത്തു.
നേരത്തേ ഒരു അഭിമുഖത്തിൽ സ്വന്തം അമ്മയേക്കുറിച്ച് താരം നടത്തിയ പരാമർശങ്ങൾ വലിയതോതിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. അച്ഛനും അമ്മയ്ക്കും തങ്ങൾ ആറുമക്കളാണെന്നും എപ്പോഴും സ്വതന്ത്രയായിരിക്കാനാണ് അമ്മ ആഗ്രഹിച്ചിരുന്നതെന്നും മനോജ് ബാജ്പേയി പറഞ്ഞു.
അന്ത്യനാളുകളിൽപ്പോലും അവർ അതിനേക്കുറിച്ചാണ് ചിന്തിച്ചുകൊണ്ടിരുന്നത്. ആരെയും ആശ്രയിച്ചുജീവിക്കാൻ അമ്മ ഇഷ്ടപ്പെട്ടിരുന്നില്ല.
ഒരിക്കൽ തന്റെ സഹോദരിയോട് അല്‍പം വിഷം വാങ്ങിത്തരാൻ അവർ ആവശ്യപ്പെട്ടിരുന്നതായും മനോജ് പറഞ്ഞു. മക്കളെ ആശ്രയിച്ചുകഴിയാൻ അമ്മയ്ക്ക് താത്പര്യമില്ലായിരുന്നതിനാലാണ് ഇങ്ങനെയൊരാവശ്യം സ്വന്തം മകളോട് പറഞ്ഞതെന്നും നടൻ പറഞ്ഞു.
#dont #go #parties #People #dont #invite #Frankly #ManojBajpai