(moviemax.in) ആൻഡ്രോയിഡ് കുഞ്ഞപ്പൻ, വൈറസ്, ന്നാ താൻ കേസ് കൊട് അടക്കമുള്ള സിനിമകൾ നിർമ്മിച്ച് ശ്രദ്ധേയനായ നിർമാതാവ് സന്തോഷ് ടി കുരുവിള സംവിധായകൻ ആഷിഖ് അബുവിനെതിരെ പരാതിയുമായി രംഗത്ത്.
ആഷിഖ് അബുവിൽ നിന്നും രണ്ട് കോടിയിലധികം രൂപ തിരിച്ച് കിട്ടാനുണ്ടെന്ന് കാണിച്ച് നിർമാതാക്കളുടെ സംഘടനയ്ക്ക് സന്തോഷ് ടി കുരുവിള പരാതി നൽകി. സംവിധായകൻ എന്നതിലുപരിയായി നിർമാതാവ് കൂടിയാണ് ആഷിഖ് അബു.
നാരദൻ, മഹേഷിന്റെ പ്രതികാരം, മായാനദി എന്നീ മൂന്ന് സിനിമകളുമായി ബന്ധപ്പെട്ടുള്ള പണമിടപാടുകൾ മൂലമാണ് ഇരുവരും തമ്മിലുള്ള തർക്കം നിലനിൽക്കുന്നത്.
ഈ സിനിമകളുടെ വിതരണാവകാശം, മ്യൂസിക് റൈറ്റ്സ്, ലാഭവിഹിതം തുടങ്ങി പല വിഭാഗങ്ങളിലായി തനിക്ക് പണം ലഭിക്കാൻ ഉണ്ടെന്ന് നിർമാതാവ് സന്തോഷ് ടി കുരുവിള പരാതിയിൽ പറയുന്നു.
സന്തോഷ് ടി കുരുവിളയുടെ മൂൺഷോട്ട് എൻ്റർടെയ്ൻമെൻ്റ്സ്, ആഷിഖ് അബുവിന്റെ ഒപിഎം സിനിമാസ് ചേർന്നാണ് ഈ മൂന്ന് സിനിമകളും നിർമിച്ചത്. ഇതിൽ ഫഹദ് നായകനായ മഹേഷിന്റെ പ്രതികാരവും ടൊവിനോ തോമസ് നായകനായ മായാനദിയും സൂപ്പർ ഹിറ്റുകളാവുകയും ബോക്സ് ഓഫീസിൽ വിജയമായി തീരുകയും ചെയ്ത സിനിമകളാണ്.
നാരദൻ മാത്രമാണ് പരാജയപ്പെട്ടത്. ടൊവിനോ തോമസും അന്ന ബെന്നുമായിരുന്നു നാരദനിൽ പ്രധാന വേഷം ചെയ്തത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പുറമെ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനിലും സന്തോഷ് ടി കുരുവിള പരാതി നൽയിട്ടുണ്ട്.
പരാതി ലഭിച്ചതിനെ തുടർന്ന് നിർമ്മാതാക്കളുടെ സംഘടന ആഷിക് അബുവിനോട് വിശദീകരണം തേടി.
സംവിധായകന്റെ വിശദീകരണം ലഭിച്ചശേഷം ഇരുകൂട്ടരേയും ഒരുമിച്ചിരുത്തി വിഷയം ചർച്ച ചെയ്ത് പരിഹരിക്കാനാണ് നിർമാതാക്കളുടെ സംഘടന തീരുമാനിച്ചിരിക്കുന്നത്.
ടൊവിനോ നായകനായ നീലവെളിച്ചമാണ് അവസാനം ആഷിഖ് അബു സംവിധാനം ചെയ്ത് റിലീസ് ചെയ്ത സിനിമ. സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.
പരസ്യനിർമ്മാതാവായി കലാജീവിതം തുടങ്ങിയ ആഷിഖ് ദീർഘകാലം സംവിധായകൻ കമലിന്റെ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. ശേഷം 2009ൽ ഡാഡികൂൾ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര്യ സംവിധായകനാകുന്നത്.
2011ൽ പുറത്തിറങ്ങിയ സാൾട്ട് ആൻഡ് പെപ്പർ, 2012 ലെ 22 ഫീമെയിൽ കോട്ടയം എന്നീ സിനിമകൾ ആ വർഷത്തെ മികച്ച വാണിജ്യവിജയം നേടിയതോടെ ആഷിഖ് മലയാളത്തിലെ മുൻനിര സംവിധായകരുടെ പട്ടികയിലേക്ക് ഉയരുകയായിരുന്നു.
സംവിധാനം കൂടാതെ സിനിമ നിർമാതാവ്, വിതരണക്കാരൻ, അഭിനേതാവ് എന്നീ നിലകളിലും സജീവമാണ് ആഷിഖ് അബു. റൈഫിൾ ക്ലബ്ബാണ് റിലീസിനൊരുങ്ങുന്ന ആഷിഖ് അബുവിന്റെ പുതിയ സിനിമ.
പ്രകടനങ്ങൾ കൊണ്ട് ഞെട്ടിക്കാൻ പോകുന്ന അമ്പരപ്പിക്കുന്ന സ്റ്റാർ കാസ്റ്റാണ് ചിത്രത്തിലുള്ളത്. ക്രിസ്മസ് കെങ്കേമമാക്കാൻ റൈഫിൾ ക്ലബ് ഡിസംബർ 19 ന് വേൾഡ് വൈഡ് റിലീസിനെത്തും.
ശ്രീ ഗോകുലം മൂവീസ് ത്രു ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. തികച്ചും ഒരു റെട്രോ സ്റ്റൈൽ സിനിമയായാണ് ചിത്രം എത്തുന്നത്.
ബോളിവുഡിൽ ശ്രദ്ധേയ സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള വേറിട്ട വേഷങ്ങളിൽ വിവിധ ഭാഷകളിൽ അഭിനയിച്ചിട്ടുള്ള അനുരാഗ് കശ്യപിന്‍റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് റൈഫിള്‍ ക്ലബ്.
ഒ.പി.എം സിനിമാസിന്‍റെ ബാനറിൽ ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്‍റ് ടോണി എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.
#More #than #two #crore #rupees #recovered #Producer #SantoshTKuruvila #filed #complaint #against #AshiqAbu