ഗ്ലാമർ വേഷങ്ങളും കൊമേഴ്സ്യൽ സിനിമകളും അല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. എടുത്ത് പറയാൻ നല്ലൊരു കഥാപാത്രമില്ല. പിന്നെ എങ്ങനെ ലേഡി സൂപ്പർ സ്റ്റാറെന്ന വിശേഷണത്തിന് നയൻതാര അർഹയാകും എന്നത് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഒരു വിഭാഗം പ്രേക്ഷകർ നിരന്തരമായി ചോദിക്കുന്ന ഒന്നാണ്.
ഉർവശി, ശോഭന തുടങ്ങി മികവുറ്റ കഥാപാത്രങ്ങൾ ചെയ്ത നിരവധിയായ നടിമാർ തെന്നിന്ത്യൻ സിനിമയിലുണ്ട്. അവർക്ക് മാത്രമെ ലേഡി സൂപ്പർസ്റ്റാർ വിശേഷണം ചേരുവെന്നും ഒരു വിഭാഗം പ്രേക്ഷകർ പറയാറുണ്ട്.
ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണം നടി സ്വന്തമായി പേരിനൊപ്പം എഴുതി ചേർത്തതാണെന്ന തരത്തിലും പ്രചാരമുണ്ട്. ഇത്തരമൊരു ടാഗിനൊപ്പം അറിയാൻ തുടങ്ങിയശേഷം നടി നേരിടുന്ന വിമർശനങ്ങളും വിവാദങ്ങളും പതിന്മടങ്ങായി.
എന്നാൽ അന്നും ഇന്നും ലേഡി സൂപ്പർസ്റ്റാറെന്ന വിശേഷണം നയൻതാരയെ ഭ്രമിപ്പിച്ചിട്ടില്ല. തന്നെ ലേഡി സൂപ്പർ സ്റ്റാറെന്ന് വിളിക്കരുതെന്ന് മുമ്പും താരം പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ദി ഹോളിവുഡ് റിപ്പോർട്ടറുമായുള്ള അഭിമുഖത്തിൽ ലേഡി സൂപ്പർസ്റ്റാറെന്ന തലക്കെട്ട് നൽകുന്ന പ്രശ്നങ്ങളെ കുറിച്ചും ബുദ്ധിമുട്ടികളെ കുറിച്ചും നടി സംസാരിച്ചു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി തന്റെ സിനിമകളിൽ ലേഡി സൂപ്പർസ്റ്റാറെന്ന് എഴുതി കാണിക്കരുതെന്ന് നിരന്തരമായി നിർമാതാക്കളോടും സംവിധായകരോടും യാചിച്ചുകൊണ്ടിരിക്കുകയാണെന്ന് നയൻതാര പറയുന്നു.
ലേഡി സൂപ്പർ സ്റ്റാറെന്ന ടൈറ്റിൽ തന്നെ ഒരു വിവാദമാണ്. ഇതിന്റെ പേരിൽ മാത്രം എനിക്കുണ്ടായ തിരിച്ചടികൾ അവിശ്വസനീയമാണ്. കഴിഞ്ഞ അഞ്ച്, ആറ് വർഷമായി എൻ്റെ നിർമ്മാതാക്കളോടും സംവിധായകരോടും എന്റെ സിനിമകളിൽ ടൈറ്റിൽ കാർഡ് ഇടരുതെന്ന് ഞാൻ പറയുന്നുണ്ട്. എന്തിന് യാചിക്കുന്നുണ്ടെന്ന് തന്നെ പറയാം. കാരണം എനിക്ക് പേടിയാണ്.
എൻ്റെ കരിയർ ആ ശീർഷകത്താൽ നിർവചിക്കപ്പെടുന്നില്ല. അത് എനിക്ക് ഒന്നും അർത്ഥമാക്കുന്നില്ല. ഒരുപക്ഷെ കുറച്ച് ആളുകൾക്ക് എന്നോട് സ്നേഹവും ബഹുമാനവും ഉള്ളതുകൊണ്ടായിരിക്കാം അങ്ങനെ വിശേഷിപ്പിക്കുന്നത്. ഞാൻ ഏറ്റവും മികച്ച അഭിനേത്രിയോ പെർഫോമറോ ഒന്നും ആയിരിക്കില്ല.
പക്ഷെ എന്നെ മാറ്റി നിർത്തുന്നത് അനീതിയാണ്. വിജയിച്ച ഒരു സ്ത്രീയെ കാണുമ്പോൾ എന്താണ് ഒരു വിഭാഗം ആളുകൾക്ക് പ്രശ്നമെന്ന് മനസിലാക്കാൻ ഞാൻ എപ്പോഴും ശ്രമിക്കാറുണ്ട്.
എനിക്ക് വരുന്ന വെറുപ്പിനെ സന്തോഷവും സങ്കടവും സമന്വയിപ്പിച്ചാണ് ഞാൻ സ്വീകരിക്കുന്നത്. സ്ത്രീകൾ അതത് മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നത് കാണുമ്പോൾ അത് എനിക്ക് ഉണ്ടായ വിജയം എന്നതുപോലെയാണ് ഞാൻ നോക്കി കാണാറുള്ളതെന്നും നയൻതാര പറയുന്നു.
ഇരുപത് വർഷമായി തെന്നിന്ത്യൻ സിനിമയുടെ ഭാഗമാണ് നയൻതാര.
ടെലിവിഷൻ അവതാരകയിൽ തുടങ്ങിയ യാത്ര സെന്നിന്ത്യയിലെ താരറാണിമാരിൽ ഒരാളായി തീരാൻ വേണ്ടി നയൻതാര അനുഭവിച്ചത് സങ്കൽപ്പിക്കാൻ കഴിയാവുന്നതിനും അപ്പുറമുള്ള തിരിച്ചടികളും പരിഹാസവും വിമർശനവുമാണ്.
പുരുഷമേധാവിത്വമുള്ള തെന്നിന്ത്യൻ സിനിമയിൽ സൂപ്പർസ്റ്റാറുകൾക്കൊപ്പം വന്ന് നിൽക്കുന്ന ഒരേയൊരു നടിയും നയൻതാര മാത്രമാണ്. ഏറ്റവും താരമൂല്യമുള്ള നായികയാണ് നയൻതാര.
സ്വയം പരീക്ഷിച്ചും നവീകരിച്ചും മാറ്റിയും മറിച്ചുമാണ് താരസിംഹാസനം നയൻതാര നേടിയെടുത്തത്. ജയറാമിനൊപ്പം സത്യൻ അന്തിക്കാട് സിനിമ മനസിനക്കരയിലൂടെയാണ് നയൻതാരയുടെ തുടക്കം.
സത്യൻ അന്തിക്കാടും മനസിനക്കരയുടെ തിരക്കഥാകൃത്തും ചേർന്നാണ് ഡയാനയ്ക്ക് നയൻതാരയെന്ന് പേര് നൽകിയത്. ശേഷം മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം മലയാളത്തിൽ നിരവധി സിനിമകൾ ചെയ്തു. പക്ഷെ ഇവയൊന്നും നടിയെന്ന രീതിയിൽ തിളങ്ങാൻ നയൻതാരയെ സഹായിച്ചില്ല.
ശേഷമാണ് തമിഴിലേക്ക് ചേക്കേറുന്നത്. അവിടെ നിന്ന് അങ്ങോട്ട് കൈ നിറയെ സിനിമകളായിരുന്നു. ഇപ്പോൾ തമിഴിൽ മാത്രമല്ല തെലുങ്കിലും ബോളിവുഡിലും വരെ സജീവ സാന്നിധ്യമാണ് നയൻതാര. സംവിധായകൻ വിഘ്നേഷ് ശിവനെയാണ് നടി വിവാഹം ചെയ്തിരിക്കുന്നത്.
#begging #producers #directors #past #five #years #scared #Nayanthara