സംവിധായകൻ രഞ്ജിത്തിനെതിരായ യുവാവിന്റെ ലൈംഗിക പീഡന പരാതിയിൽ തുടർ നടപടി താൽക്കാലികമായി സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി.
കോഴിക്കോട് സ്വദേശിയായ യുവാവിനെ പീഡിപ്പിച്ച കേസ് തീര്‍പ്പാകുന്നതുവരെ എല്ലാ തുടർ നടപടികളും കോടതി തടഞ്ഞു.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജിത്ത് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
പച്ചക്കള്ളം പരാതിയായി ഉന്നയിക്കുന്നതിന്റെ ക്ലാസിക് ഉദാഹരണമാണ് ഈ കേസെന്ന് സ്റ്റേ അനുവദിച്ചുകൊണ്ടുള്ള ഇടക്കാല ഉത്തരവിൽ കോടതി പറയുന്നു.
2012ൽ ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന് സമീപത്തെ താജ് ഹോട്ടലിലെ നാലാമത്തെ നിലയിലെ മുറിയിൽവെച്ച് രഞ്ജിത്ത് പീഡിപ്പിച്ചെന്നാണ് യുവാവിന്റെ പരാതി.
‘ബാവൂട്ടിയുടെ നാമത്തിൽ’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നടന്മാരെ കാണാൻ പോയപ്പോഴാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത്. അന്ന് പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു.
സിനിമയിൽ അവസരം വാഗ്ദാനംചെയ്ത് ക്രൂരമായി പീഡിപ്പിച്ചെന്നുമാണ് രഞ്ജിത്തിനെതിരെയുള്ള പരാതിയിൽ യുവാവ് വെളിപ്പെടുത്തിയത്.
അന്നുതന്നെ ഇക്കാര്യം ഒരു പ്രമുഖ നടിയെ അറിയിച്ചിരുന്നുവെന്നും എന്നാൽ പ്രതികരിച്ചില്ലെന്നും യുവാവ് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.
എന്നാൽ യുവാവിന്റെ ആരോപണം പ്രഥമദൃഷ്ട്യാ അല്ല, മുഖദാവിൽ തന്നെ തെറ്റാണെന്ന് കോടതി വ്യക്തമാക്കി. ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന് സമീപത്തെ താജ് ഹോട്ടൽ ഈ പേരിൽ പ്രവർത്തനം തുടങ്ങിയത് 2016ലാണ്.
അതായത് സംഭവം ഉണ്ടായെന്ന് പറയുന്നതിന് നാലുവർഷത്തിനുശേഷമാണ്. അതുകൊണ്ടുതന്നെ ഈ വാദം അക്ഷരാർത്ഥത്തില്‍ തെറ്റാണ്. അടിസ്ഥാന രഹിതമായ ആരോപണമാണ്.
പരാതി ഉന്നയിച്ചത് 12 വർഷത്തിനുശേഷം 2024ലാണ്. ഇത്രയും കാലതാമസമുണ്ടായതും പൂർണമായി വിശദീകരിക്കാൻ സാധിച്ചിട്ടില്ല.
അതുകൊണ്ടുതന്നെ ഈ ഘടകങ്ങളെല്ലാം പരിഗണിക്കുമ്പോൾ വ്യാജ ആരോപണത്തിന്റെ ക്ലാസിക് ഉദാഹരണമാണ് ഇതെന്നും കോടതി വ്യക്തമാക്കി.
കോഴിക്കോട് കസബ പൊലീസിന് നൽകിയ പരാതി പിന്നീട് ബെംഗളീരു പൊലീസിന് കൈമാറുകയായിരുന്നു.
#Youngman #sexualharassment #complaint #Ranjith #court #called #classic #example #false #accusation #Interim #stay #proceedings