കഴിഞ്ഞ കുറച്ച് നാളുകളിൽ മലയാളികളുടെ മനസിലും പ്രാർത്ഥനകളിലും എപ്പോഴും ഉണ്ടായിരുന്ന ഒരു പേരാണ് കോഴിക്കോട് സ്വദേശിയായ അർജുന്റേത്. കർണാടക ഷിരൂരുണ്ടായ മണ്ണിടിച്ചിലിലാണ് തടി കൊണ്ടുപോകാനായി കർണാടകയിൽ എത്തിയ അർജുന്റെ ലോറി കാണാതായത്. മണ്ണിടിച്ചിലിനെ തുടർന്ന് അർജുനും ലോറിയും പുഴയിലേക്ക് വീണു. എന്നാൽ രക്ഷാപ്രവർത്തനത്തിന്റെ ആദ്യഘട്ടത്തിൽ പുഴയിലേക്ക് ഇറങ്ങി തിരച്ചിൽ നടത്താൻ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞിരുന്നില്ല.
തുടക്കത്തിൽ റോഡിന് ഇരുവശവും കുന്ന് കൂടി കിടന്നിരുന്ന മൺകൂനയിലാണ് തിരച്ചിൽ നടന്നത്. എന്നാൽ അതിലൊന്നും അർജുനെ കണ്ടെത്താനായില്ല. എഴുപത്തിരണ്ട് ദിവസത്തോളം തിരിഞ്ഞശേഷമാണ് ഗംഗാവലി പുഴയിൽ നിന്നും ഡ്രഡ്ജർ സംവിധാനം ഉപയോഗിച്ച് അർജുന്റെ ലോറി കണ്ടെത്തിയത്. ലോറിക്കുള്ളിൽ ജീവനറ്റ് അർജുനേയും കണ്ടെത്താനായി.
തുടക്കം മുതൽ അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് ചുക്കാൻ പിടിച്ചതും എഴുപത്തിരണ്ട് ദിവസത്തോളം ഷിരൂരിൽ നിന്ന് കാര്യങ്ങൾ നോക്കി നടത്തിയതുമെല്ലാം ലോറി ഉടമ മനാഫായിരുന്നു. എന്നാൽ മനാഫ് കാരണം തങ്ങൾ വലിയൊരു വിഷമഘട്ടത്തിലേക്ക് വീണിരിക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം അർജുന്റെ കുടുംബാംഗങ്ങൾ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
ലോറി ഉടമയെന്ന് പറഞ്ഞ് മനാഫ് തങ്ങളെ വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുകയാണെന്ന് അർജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ മാധ്യമങ്ങളോട് പറഞ്ഞു. നിരവധി ഗുരുതരമായ ആരോപണങ്ങളാണ് മനാഫിനെതിരെ കുടുംബം ഉന്നയിച്ചത്. ഈശ്വര്‍ മാല്‍പെയ്‌ക്കെതിരെയും കുടുംബം രംഗത്തെത്തിയിരുന്നു. മൂന്നാം ഘട്ട തിരച്ചിലില്‍ മാല്‍പെയുടെ ആവശ്യമുണ്ടായിരുന്നില്ല. മാല്‍പെയും മനാഫും നാടകം കളിച്ച് രണ്ട് ദിവസം നഷ്ടമാക്കി.
മാല്‍പെ ഔദ്യോഗിക സംവിധാനത്തെ നോക്കുകുത്തിയാക്കി യുട്യൂബ് ചാനലിലൂടെ കാര്യങ്ങള്‍ പറഞ്ഞു എന്നെല്ലാമാണ് അർജുന്റെ കുടുംബം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. കുടുംബത്തിന്റെ വാർത്താസമ്മേളനം വൈറലായതോടെ മനാഫും മറുപടിയുമായി രംഗത്ത് എത്തിയിരുന്നു. മരിച്ച അർജുന്റെ പേരിൽ ഫണ്ടുപിരിവ് നടത്തിയിട്ടില്ലെന്നും തെറ്റ് ചെയ്തിട്ടില്ലെന്നുമാണ് മനാഫ് പറഞ്ഞത്.
തെറ്റ് ചെയ്തെന്ന് കണ്ടെത്തുകയാണെങ്കിൽ തന്നെ കല്ലെറിഞ്ഞുകൊല്ലാമെന്നും മനാഫ് പറഞ്ഞിരുന്നു. സാമൂഹമാധ്യമങ്ങളിൽ അടക്കം ഇരുകൂട്ടരുടെയും വാർത്താസമ്മേളനം വലിയ ചർച്ചയായി മാറി. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് നടൻ കിഷോർ സത്യ ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.
ഇരുകൂട്ടരും ചേർന്ന് വിഴുപ്പെല്ലാം അലക്കിയിട്ടത് അർജുന്റെ ആത്മാവിന് മേലേക്കാണെന്നാണ് കിഷോർ സത്യ കുറിച്ചത്. ഇരു കൂട്ടരോടുമായി പറയട്ടെ... ഈ വിഴുപ്പെല്ലാം നിങ്ങൾ അലക്കിയിട്ടത് അർജുന്റെ ആത്മാവിന് മേലേക്കാണ്. ഒഴിവാക്കാമായിരുന്നു. ഇന്നലെ വരെ നടന്നതും കണ്ടതും പറഞ്ഞതുമൊന്നും ഞങ്ങളാരും മറന്നിട്ടില്ല. അർജുൻ ഇപ്പോഴും മലയാളികളുടെ നെഞ്ചിൽ ഒരു വിങ്ങലാണ്. ഒഴിവാക്കാമായിരുന്നു... അല്ല ഒഴിവാക്കണമായിരുന്നു... എന്നായിരുന്നു കിഷോർ സത്യയുടെ കുറിപ്പിന്റെ പൂർണഭാഗം. കിഷോർ സത്യയുടെ അതേ അഭിപ്രായമാണ് മലയാളികളിൽ ഭൂരിഭാഗം പേർക്കുമെന്നത് കമന്റ് ബോക്സിൽ നിന്നും വ്യക്തമാണ്.
#All #this #bitterness #was #washed #over #Arjun's #soul #let #us #say #with #both #groups #KishoreSatya #with #note