കഴിഞ്ഞ ദിവസമാണ് എആർ റഹ്മാന്റെ വിവാഹ മോചന വാർത്ത പുറത്ത് വന്നത്. 29 വർഷം നീണ്ട വിവാഹ ജീവിതം അവസാനിപ്പിക്കുകയാണെന്ന് റഹ്മാനും ഭാര്യ സൈറ ബാനുവും വ്യക്തമാക്കി.
വേദനയോടെയാണ് സൈറ ബാനു ഈ തീരുമാനമെടുക്കുന്നതെന്നും പരസ്പരം അഗാധമായി സ്നേഹിക്കുന്നുണ്ടെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കാനാകാത്ത അകൽച്ച ഇവർക്കിടയിൽ ഉണ്ടാക്കിയെന്നും സൈറ ബാനുവിന്റെ അഭിഭാഷക പുറത്ത് വിട്ട പ്രസ്താവനയിൽ വ്യക്തമാക്കി.
എല്ലാത്തിനും അദൃശ്യമായ അന്ത്യമുണ്ടെന്ന് തോന്നുന്നെന്നാണ് റഹ്മാൻ വേർപിരിയലിനെക്കുറിച്ച് പറഞ്ഞത്. വേർപിരിയൽ പ്രഖ്യാപനത്തിന് പിന്നാലെ റഹ്മാനെയും കുടുംബത്തെയും കുറിച്ച് പല അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ വന്നു.
തമിഴ് യൂട്യൂബ് ചാനലുകളിൽ പലരും അടിസ്ഥാന രഹിതമായ വാദങ്ങൾ ഉന്നയിച്ചു. വേർപിരിയലിനെക്കുറിച്ച് പല വ്യാഖ്യാനങ്ങളുമുണ്ടായി.
ഇപ്പോഴിതാ തെറ്റായ പ്രചരണങ്ങൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് എആർ റഹ്മാൻ. തന്റെ ലീഗൽ ടീം വഴിയാണ് വ്യാജ പ്രചരണങ്ങൾക്കെതിരെ റഹ്മാൻ മുന്നറിയിപ്പ് നൽകിയിരുന്നത്.
ഒരു മണിക്കൂറിനുള്ളിലോ പരമാവധി 24 മണിക്കൂറിനുള്ളിലോ തന്റെ വേർപിരിയലിനെക്കുറിച്ച് വന്ന അപകീർത്തികരമായ വിവരങ്ങൾ പിൻവലിക്കണമെന്ന് റഹ്മാൻ ആവശ്യപ്പെടുന്നു.
പുറത്ത് വരുന്ന കഥകളിൽ സത്യമില്ലെന്ന് റഹ്മാന്റെ ലീഗൽ ടീം വ്യക്തമാക്കി.
വിലകുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടി റഹ്മാനെ ഇവർ അപകീർത്തിപ്പെടുത്തുകയാണെന്നും പുറത്ത് വിട്ട പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഒരു മണിക്കൂറിനോ പരമാവധി 24 മണിക്കൂറിനോ ഉള്ളിൽ ഇവ നീക്കം ചെയ്യണം. അല്ലാത്ത പക്ഷം അപകീർത്തിപ്പെടുത്തിയതിന് കേസ് ഫയൽ ചെയ്യുമെന്നും പ്രസ്താവനയിൽ പറയുന്നു.
ഭാരതീയ നിയമ സംഹിതയിലെ സെക്ഷൻ 356 പ്രകാരം കുറ്റവാളികൾക്ക് പിഴയോട് കൂടിയോ അല്ലാതെയോ രണ്ട് വർഷം തടവ് ശിക്ഷ ലഭിക്കുമെന്നും എആർ റഹ്മാന്റെ ലീഗൽ ടീം ചൂണ്ടിക്കാട്ടി.
സോഷ്യൽ മീഡിയയിലെ പ്രചരണങ്ങൾ കടുത്തതോടെ റഹ്മാന്റെ മക്കളും പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. സ്വകാര്യതയിലേക്ക് കടന്ന് കയറരുതെന്നാണ് ഇവർ ആവശ്യപ്പെട്ടത്.
1995 ലാണ് എആർ റഹ്മാനും സൈറ ബാനുവും വിവാഹിതരായത്. റഹ്മാനൊപ്പം പൊതുവേദികളിൽ എപ്പോഴും സന്തോഷത്തോടെയാണ് സൈറ ബാനുവിനെ കണ്ടിരുന്നത്.
വിവാഹമോചന വാർത്ത ആരാധകരെയും നിരാശപ്പെടുത്തി. വിഷമഘട്ടത്തിൽ പിന്തുണച്ച കുടുംബത്തിനും സുഹൃത്തുക്കൾക്കും എആർ റഹ്മാൻ നേരത്തെ നന്ദി അറിയിച്ചിട്ടുണ്ട്.
57 കാരനായ എആർ റഹ്മാൻ ഇപ്പോഴും കരിയറിൽ സജീവമാണ്. മൂന്ന് മക്കളാണ് റഹ്മാനും സൈറ ബാനുവിനുമുള്ളത്.
#Must #removed #within #24 #hours #legal #action #ARRahman #warning