ഒരിക്കൽ കേട്ടാൽ പിന്നേയും ആവർത്തിച്ച് കേട്ടുകൊണ്ടിരിക്കും... മലയാളികളുടെ പ്ലേ ലിസ്റ്റിൽ അടുത്തിടെ കേറി കൂടി ലൂപ് മോഡിൽ കിടക്കുന്ന ഗാനമാണ് ടൊവിനോ ചിത്രം അജയന്റെ രണ്ടാം മോഷണത്തിലെ അങ്ങ് വാനക്കോണില് എന്ന് തുടങ്ങുന്ന ഗാനം.
പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്താണ്. ദിബു നൈനാന്‍ തോമസ് ഈണം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വൈക്കം വിജയലക്ഷ്മിയാണ്.
അജയന്റെ രണ്ടാം മോഷണം എന്ന സിനിമയിൽ ഏറ്റവും വൈറലായ ഗാനവും ഇത് തന്നെയാണ്. റീൽസിലൂടെയാണ് ഗാനം വൈറലായതെങ്കിലും പാട്ട് കേൾക്കുമ്പോൾ മലയാളികളുടെ എല്ലാം മനസിലേക്ക് വരുന്നത് അടുത്തിടെ ഷിരൂരിൽ മരിച്ച അർജുന്റെയും അദ്ദേഹത്തിന്റെ മകന്റേയും മുഖമാണ്.
നാല് ദിവസം മുമ്പ് പാട്ടിന്റെ ലിറിക്കൽ വീഡിയോ പുറത്ത് വന്നപ്പോൾ പ്രത്യക്ഷപ്പെട്ട കമന്റുകളിലും അർജുനെ ഓർമ വരുന്നുവെന്നാണ് ആസ്വാദകർ ഏറെയും കുറിച്ചത്.
അർജുന് വേണ്ടി എഴുതിയ ഗാനം പോലെ തോന്നിയെന്നും കമന്റുകളുണ്ട്. അർജുന്റെ മരണാനന്തര ചടങ്ങുകളുടെ വീഡിയോയ്ക്ക് അടക്കം ബാഗ്രൗണ്ട് മ്യൂസിക്കായി ഈ ഗാനമാണ് ഏറെയും പേർ ഉപയോഗിച്ചിരിക്കുന്നത്.
ഗാനത്തെ കൂടുതൽ ഫീലുള്ളതാക്കിയത് പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയുടെ ശബ്ദമാണ്. തീയേറ്റർ സ്പീക്കറിൽ ഈ ഗാനം കേൾക്കാനായി മാത്രം വീണ്ടും വീണ്ടും അജയന്റെ രണ്ടാം മോഷണം സിനിമയ്ക്ക് ടിക്കറ്റെടുത്ത മലയാളികൾ വരെയുണ്ട്.
ഈ പാട്ടിന് വൈക്കം വിജയലക്ഷ്മിക്ക് അല്ലാതെ മറ്റാർക്കും ആത്മാവും ജീവനും നൽകാൻ കഴിയില്ലെന്നാണ് സംഗീത പ്രേമികൾ കുറിക്കുന്നത്.
വളരെ വിരളമായി മാത്രമാണ് വൈക്കം വിജയലക്ഷ്മി ആലപിച്ച സിനിമ ഗാനങ്ങൾ മലയാളത്തിൽ പുറത്തിറങ്ങുന്നത്. പക്ഷെ വിരളമായി മാത്രം സംഭവിക്കുന്നതാണെങ്കിലും അത്തരത്തിൽ വിജയലക്ഷ്മി പാടി വെക്കുന്നതെല്ലാം പിന്നീട് മലയാളിക്ക് മറക്കാൻ കഴിയാത്ത ഒന്നായി മാറുകയും ചെയ്ത ചരിത്രമേയുള്ളു.
അങ്ങ് വാനക്കോണില് വൈറലായി നിൽക്കുന്ന സാഹചര്യത്തിൽ പ്രിയ ഗായിക ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
പാട്ട് റെക്കോർഡിങ് സമയത്ത് തനിക്കും സങ്കടം വന്നിരുന്നുവെന്ന് വിജയലക്ഷ്മി പറയുന്നു. പാട്ടുകേട്ടിട്ട് ഒരുപാട് പേര്‍ വിളിച്ചു. നല്ല സന്തോഷം തോന്നി. പക്ഷെ അര്‍ജുന്റെ കാര്യം കേള്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു.
എങ്ങനെയാണ് അര്‍ജുന്റെ വീട്ടുകാരിതൊക്കെ സഹിക്കുന്നത്. എത്ര ദിവസം കാത്തുനില്‍ക്കേണ്ടി വന്നു.
മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയാതെ അവരിപ്പോള്‍ അനുഭവിക്കുന്നത് നമുക്കൊന്നും ചിന്തിക്കാന്‍ പോലും പറ്റില്ലെന്ന് പറഞ്ഞുകൊണ്ടാണ് വൈക്കം വിജയലക്ഷ്മി പാട്ടുമായി ബന്ധപ്പെട്ട വിശേഷങ്ങൾ പങ്കുവെച്ച് തുടങ്ങിയത്.
ദിബുവാണ് ഈ പാട്ടുപാടാന്‍ എന്നെ വിളിക്കുന്നത്. തമിഴില്‍ ദിബുവിന്റെ സംഗീതത്തില്‍ ഒരു പാട്ട് പാടിയിട്ടുണ്ട്. വായാടി പെത്ത പുള്ള എന്ന പാട്ട്. അതിനുശേഷം വിളിച്ചത് ഇതിലേക്കാണ്.
ഇങ്ങനെയൊരു പാട്ടുണ്ടെന്ന് മാത്രം പറഞ്ഞു. പഠിക്കാനായി ട്രാക്കും അയച്ച് തന്നു. എറണാകുളത്തായിരുന്നു റെക്കോഡിങ്. അവിടെ ചെന്നപ്പോഴാണ് സിനിമയുടെ പേരും അത് ത്രീഡി ആണെന്നുമൊക്കെ അറിയുന്നത്.
പിന്നെ പാട്ടിലെ സന്ദര്‍ഭങ്ങളെ കുറിച്ചും വിശദമാക്കി തന്നു. ഫീല്‍ വേണമെന്നും പറഞ്ഞു. അങ്ങനെയാണ് പാടിയത്. പാടുന്ന സമയത്ത് എനിക്കും സങ്കടം വന്നു. പ്രത്യേകിച്ച് നീ നടന്നുപോകുമാ, കൈവിരല്‍ പിടിക്കുവാന്‍ കൂടെയാരിനി എന്നൊക്കെയുള്ള വരികള്‍.
ആ വരികളൊക്കെ എന്ത് രസമാണ്... എന്തൊരു ഫീലാണ്. അത്രയും അര്‍ത്ഥമുള്ള വരികള്‍.ആ വരികളൊക്കെ കേള്‍ക്കുമ്പോള്‍ ശരിക്കും സങ്കടം വരും.
എന്തായാലും ആ പാട്ടിന്റെ ഫീല്‍ ഉള്‍ക്കൊണ്ട് പാടാന്‍ പറ്റിയെന്ന സന്തോഷമുണ്ട്. ആളുകള്‍ ഓരോ പാട്ടും നെഞ്ചിലേറ്റുന്നത് തന്നെയാണ് ഏറ്റവും വലിയ സന്തോഷം.
ഏതൊരു അവാര്‍ഡിനേക്കാളും വലുതാണതെന്നും ഗായിക പറയുന്നു. മലയാളത്തിൽ മാത്രമല്ല തമിഴിലും വൈക്കം വിജയലക്ഷ്മി പാടിയ ഗാനങ്ങളെല്ലാം ഹിറ്റാണ്.
#cant #imagine #what #Arjun #family #going #through #felt #sad #when #sang #it #VaikomVijayalakshmi