മലയാളത്തിന്റെ കവിയൂർ പൊന്നമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ നൂറ് കണക്കിന് പേരാണ് എത്തിച്ചേരുന്നത്.
എറണാകുളം കളമശ്ശേരി ടൗൺഹാളിൽ ഇന്ന് രാവിലെ ഒമ്പത് മണിയോടെ എത്തിച്ച മൃതദേഹം പൊതുദർശനത്തിനു ശേഷം ആലുവയിലെ വസതിയിൽ എത്തിച്ചു. ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു.
സിനിമയില്‍ ആറ് പതിറ്റാണ്ടിന്‍റെ അനുഭവ പരിചയമുള്ള കവിയൂര്‍ പൊന്നമ്മയ്ക്ക് ഏറ്റവും പുതിയ തലമുറ താരങ്ങളുമായിപ്പോലും ഹൃദയബന്ധം ഉണ്ടായിരുന്നു.
കളമശ്ശേരി ടൗണ്‍ഹാളില്‍ നടന്ന പൊതുദര്‍ശനത്തില്‍ ബിഗ് സ്ക്രീനിലെ അമ്മയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെ മലയാള സിനിമയിലെ പ്രമുഖരുടെ നിരയെത്തി.
ആന്‍റണി പെരുമ്പാവൂര്‍, എന്‍ എം ബാദുഷ, കുഞ്ചന്‍, സിദ്ദിഖ്, ജയന്‍ ചേര്‍ത്തല, രമേഷ് പിഷാരടി, ബി ഉണ്ണികൃഷ്ണന്‍, ബാബു ആന്‍റണി, രവീന്ദ്രന്‍, രണ്‍ജി പണിക്കര്‍, മനോജ് കെ ജയന്‍ തുടങ്ങിയവരൊക്കെ കളമശ്ശേരി ടൗണ്‍ ഹാളില്‍ എത്തി.
ഇന്നലെ വൈകിട്ട് ആയിരുന്നു കവിയൂര്‍ പൊന്നമ്മയുടെ വിയോഗം. 79 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മെയ് മാസത്തിൽ അർബുദം സ്ഥിരീകരിച്ചിരുന്നു.
അപ്പോഴേക്കും രോഗം നാലാം ഘട്ടത്തിലേക്ക് കടന്നിരുന്നു. സെപ്തംബർ മൂന്നിന് തുടർ പരിശോധനകൾക്കും ചികിത്സക്കുമായിട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. അമ്മ വേഷങ്ങളാണ് കവിയൂര്‍ പൊന്നമ്മയെ മലയാളി സിനിമാപ്രേമികളുടെ പ്രിയങ്കരി ആക്കിയത്. 20-ാം വയസില്‍ത്തന്നെ സത്യന്‍റെയും മധുവിന്‍റെയും അമ്മയായി അഭിനയിച്ചിട്ടുണ്ട് കവിയൂര്‍ പൊന്നമ്മ.
നാനൂറിലധികം സിനിമകളിൽ അഭിനയിച്ചു. കെപിഎസി നാടകങ്ങളില്‍ അഭിനയിച്ചായിരുന്നു തുടക്കം. 1962 മുതല്‍ സിനിമയില്‍ സജീവമായി. ശ്രീരാമ പട്ടാഭിഷേകം ആയിരുന്നു ആദ്യ സിനിമ. 1964ല്‍ കുടുംബിനി എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു.
നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയിരുന്നു. നിരവധി സിനിമകളില്‍ ഗായികയായും തിളങ്ങിയിരുന്നു. തിരുവല്ലക്കടുത്ത് കവിയൂരിൽ ടി.പി ദാമോദരന്റെയും ഗൗരിയുടെയും മൂത്തമകളായാണ് ജനിച്ചത്. നടി കവിയൂർ രേണുക ഉൾപെടെ ആറ് സഹോദരങ്ങളുണ്ട്.
#kaviyoorponnamma #motherland #Malayalam #Return #official #honors