കോളിവുഡിന്റെ സ്വന്തം ജയം രവിക്ക് ഇന്ന് നാല്‍പത്തിനാലാം ജന്മദിനം. ഏറെ സന്തോഷിക്കേണ്ട ദിവസമാണ് ഇന്ന്. പക്ഷേ ജയം രവിക്കു അദ്ദേഹത്തിന്റെ ആരാധകർക്കും വേദനാജനകമായ പിറന്നാൾ ദിനമാണിത്. ഇന്നലെയാണ് വിവാഹ മോചനത്തെ കുറിച്ച് ജയം രവി പത്രക്കുറിപ്പ് പുറത്തിറക്കിയത്. ആരാധകരെല്ലാം ഇവരുടെ വിവാഹ മോചന വാർത്തയെ കുറിച്ചോർത്ത് ഏറെ ദുഖത്തിലാണ്. അതിനാൽ തന്നെ ഇന്നത്തെ ദിവസം ആശംസകൾ അറിയിക്കണോ എന്ന ആശയക്കുഴപ്പത്തിലാണ് ആരാധകർ.
സിനിമ - സീരിയല്‍ നിര്‍മാതാവായ സുജാത വിജയകുമാറിന്റെ മകളാണ് ആര്‍തി. ജയം രവിയുടേയും ആർതിയുടേയും വിവാഹം 2009ൽ ആയിരുന്നു. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടേയും ബന്ധം വീട്ടുകാർ സമ്മതിച്ചത്.
ആര്‍തി ജീവിതത്തിലേക്ക് വന്നതിന് ശേഷമാണ് തന്റെ ജീവിതത്തിന് അര്‍ത്ഥമുണ്ടായത് എന്ന് ജയം രവി മാസങ്ങള്‍ക്ക് മുന്‍പ് നല്‍കിയ അഭിമുഖത്തിലും പറഞ്ഞിരുന്നു. മാത്രമല്ല ഇരുവരും തമ്മിലുള്ള പ്രണയത്തെ കുറിച്ച് സുഹൃത്തും നടിയുമായ തൃഷയും മുൻപൊരിക്കൽ വാതോരാതെ സംസാരിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് നാളുകളായി ജയം രവിയുടെയും ആർതിയുടേയും ബന്ധത്തിൽ വിള്ളൽ ഉണ്ടെന്ന തരത്തിൽ വാർത്തകൾ വരാൻ തുടങ്ങിയിരുന്നു. പിന്നീട് ഇരുവരും ബന്ധം വേർപെടുത്തുന്നു എന്ന രീതിയിലും വാർത്തകൾ പുറത്തു വന്നു.
അതിനു കാരണമായത് ആർതി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നും ജയം രവിയുടെ ചിത്രങ്ങൾ നീക്കം ചെയ്തതാണ്. അത് ഏറെ ചർച്ചാ വിഷയമായെങ്കിലും ഇരുവരും അതിനെ സംബന്ധിച്ച് ഒന്നും പറഞ്ഞിട്ടില്ല.
തമിഴിലും ഇംഗ്ലീഷിലുമായി പങ്കുവച്ച കുറിപ്പിലൂടെയാണ് താരം വിവാഹമോചന വാർത്ത പുറത്തുവിട്ടത്. "ജീവിതത്തിലെ വളരെ സ്വാകര്യമായ ഒരു കാര്യം വളരെയധികം ഹൃദയവേദനയോടെ ഞാൻ പങ്കുവയ്ക്കുകയാണ്.
ഏറെ നാളത്തെ ചർച്ചകൾക്കൊടുവിൽ ആരതിയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തുകയെന്ന പ്രയാസകരമായ തീരുമാനം ഞാൻ കൈക്കൊള്ളുകയാണ്. ഇത് പെട്ടെന്നുള്ള ഒരു തീരുമാനമല്ല. ഈ തീരുമാനം എല്ലാവരുടെയും നല്ലതിനായി മാറുമെന്നാണ് കരുതുന്നത്. ഈ ഘട്ടത്തിൽ ഞങ്ങളുടെ ഇരുവരുടെയും ഇരു കുടുംബങ്ങളുടെയും സ്വകാര്യതയെ നിങ്ങൾ മാനിക്കണമെന്ന് അഭ്യർഥിക്കുന്നു."
ഞാൻ എന്നും നിങ്ങളുടെ ജയം രവി തന്നെ ആയിരിക്കുമെന്നും. പ്രേക്ഷകരുടെ പിന്തുണയും സ്നേഹവും കൊണ്ടാണ് ഇതുവരെ എത്തിയതെന്നും ജയം രവി കുറിപ്പിൽ പറയുന്നുണ്ട്. അതിനാൽ ഇനിയും താൻ ഇവിടെ തന്നെയുണ്ടാവുമെന്ന് ജയം രവി കൂട്ടിച്ചേർത്തു. സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും സിനിമയുമായി അടുത്ത ബന്ധമുള്ളയാളാണ് ആർതി. സിനിമാ ജീവിതത്തിലും ജയം രവിയുടെ ഏറ്റവും വലിയ സപ്പോർട്ടും ആർതി തന്നെയായിരുന്നു.
2003ൽ ജയം എന്ന ചിത്രത്തിലൂടെയാണ് ജയം രവി പ്രേക്ഷകർക്ക് സുപരിചിതനാവുന്നത്. പിന്നീട് എം. കുമരൻ സൺ ഓഫ് മഹാലക്ഷ്മി, മഴ, ഉനക്കും എനക്കും, ദീപാവലി, സന്തോഷ് സുബ്രഹ്മണ്യം അങ്ങനെ നിരവധി സിനിമകളിൽ അഭിനയിച്ചു. സുജാത വിജയകുമാർ നിർമ്മിച്ച സൈറൺ എന്ന ചിത്രത്തിലാണ് ജയം രവി അവസാനമായി അഭിനയിച്ചത്. ബ്രദർ എന്ന ചിത്രമാണ് പുതിയ റിലീസ്.
എഡിറ്റര്‍ മോഹന്റെ മകനും സംവിധായകന്‍ മോഹന്‍രാജയുടെ സഹോദരനുമാണ് ജയം രവി. തെലുഗു ചിത്രത്തിലൂടെ ബാലതാരമായാണ് ജയം രവി സിനിമയിൽ എത്തുന്നത്. ആദ്യ ചിത്രത്തിന്റെ പേരിനൊപ്പം ആ കഥാപാത്രത്തിന്റെ പേരും ഒത്തു ചേർന്നപ്പോൾ മറ്റു താരങ്ങളിൽ നിന്നും ജയം രവിക്ക് വേറിട്ട ഒരു ഐഡന്റിറ്റി ലഭിച്ചു. കരിയറിലെ നാഴികക്കല്ലായി മാറിയത് മണിരത്നം ചിത്രം പൊന്നിയൻ സെൽവനിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ്.
#The #actor #jayamravi #with #painful #news #his #birthday