(moviemax.in)ദളപതി വിജയ് ആരാധകർ കാത്തിരിക്കുന്ന വെങ്കട് പ്രഭു ചിത്രം 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.
വിജയ്‌യുടെ അറുപത്തിയെട്ടാമത് ചിത്രമായ ഗോട്ടിന്റെ ഓരോ അപ്ഡേറ്റിനും വലിയ സ്വീകാര്യതയാണ് ആരാധകർക്കിടയിൽ ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയിലെ ഗാനങ്ങളുമായി ബന്ധപ്പെട്ട് വമ്പൻ അപ്ഡേറ്റാണ് വന്നിരിക്കുന്നത്.
യുവൻ ശങ്കർ രാജ സംഗീതം നൽകുന്ന സിനിമയിൽ ഇളയരാജയുടെ ക്ലാസിക് ഗാനവും ഉപയോഗിക്കുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്. ഏത് ഗാനമാണ് ഉപയോഗിക്കുന്നത് എന്ന് സിനിമയുടെ അണിയറപ്രവർത്തകർ വെളിപ്പെടുത്തിയിട്ടില്ല.
പിതാവ് ഇളയരാജയുടെ ഹിറ്റ് ഗാനം യുവൻ റീമിക്സ് ചെയ്യുമ്പോൾ അത് ആരാധകർക്ക് ഇരട്ടി മധുരമാകും. അതേസമയം റിലീസിന് മൂന്ന് ദിവസം ബാക്കി നിൽക്കെ അഡ്വാൻസ് റിസർവേഷനിൽ ചിത്രം റെക്കോർഡിട്ടിരിക്കുകയാണ്.
പ്രീ സെയിലിൽ ഇതുവരെ ആഗോളതലത്തിൽ 31 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഓവർസീസ് മാർക്കറ്റ് ആയ യുഎസ്, യുകെ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലും ചിത്രത്തിന് മികച്ച ബുക്കിങ് ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 700 സ്‌ക്രീനുകളിലായി 4000 ഷോകളുമായി ആണ് 'ഗോട്ട്' കേരളത്തിൽ പ്രദർശനത്തിന് എത്തുന്നത്.
സെപ്റ്റംബർ അഞ്ചിനാണ് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.
മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രശാന്ത്, പ്രഭുദേവ, ജയറാം, മോഹൻ, യോഗി ബാബു, വി ടി വി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംഗി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ്മ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ് എന്നിവരുമുണ്ട്.
#DalapatiAttam #only #Yuen #Song #remix #Gotil #Ilayarajas #hit #song