മലയാള സിനിമാ രംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ഡബ്ല്യുസിസിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് വരുന്നത്. 2017 ൽ നടി ആക്രമിക്കപ്പെട്ട ശേഷമാണ് സിനിമാ രംഗത്തെ ഒരു പറ്റം സ്ത്രീകൾ ഒത്തുചേർന്ന് ഡബ്ല്യുസിസി എന്ന സംഘടന രൂപീകരിച്ചപ്പോൾ അന്ന് എതിർത്തവർ ഏറെയാണ്. പലപ്പോഴും കടുത്ത അവഹേളനങ്ങൾ അംഗങ്ങൾക്ക് നേരിടേണ്ടി വന്നു. സംഘടനയിലെ അംഗങ്ങളായ നടിമാരിൽ ഭൂരിഭാഗം പേർക്കും അവസരങ്ങൾ നഷ്ടപ്പെട്ടു.
ഇത്രയൊക്കെ പ്രശ്നങ്ങൾ നേരിട്ടിട്ടും ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരാൻ വേണ്ടി ഡബ്ല്യുസിസി നടത്തിയ പ്രയത്നങ്ങളെ ഇന്ന് നിരവധി പേർ അഭിനന്ദിക്കുന്നു. അതേസമയം ഡബ്ല്യുസിസിക്കുള്ളിൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്ന് നേരത്തെ അഭ്യൂഹങ്ങൾ വന്നിരുന്നു. നടി മഞ്ജു വാര്യർ സംഘടനയുടെ പല പ്രതിസന്ധി ഘട്ടങ്ങളിലും സഹകരിക്കാത്ത സാഹചര്യം വന്നു. സുരഭി ലക്ഷ്മി, വിധു വിൻസെന്റ് എന്നിവർ സംഘടന വിട്ടു.
മഞ്ജു വാര്യർ ഡബ്ല്യുസിസിയിൽ നിന്നും അകന്ന് നിൽക്കുന്നത് നിരവധി തവണ ചർച്ചയായതാണ്. ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് എങ്ങും തൊടാതെയുള്ള മറുപടിയാണ് മഞ്ജു വാര്യർ അന്ന് നൽകിയത്. ഇപ്പോഴിതാ മഞ്ജു വാര്യർ ഡബ്ല്യുസിസിയിൽ ഉണ്ടോയെന്ന് വ്യക്തമാക്കുകയാണ് സംഘടനയിലെ അംഗമായ നടി സജിത മഠത്തിൽ.
കൂടെ ഒരുപാട് പേരുണ്ട്. പക്ഷെ ചിലപ്പോൾ ചിലർക്ക് ആക്ടീവാകാൻ പറ്റണമെന്നില്ല. എനിക്ക് എന്റെ ജീവിതത്തിലെയോ കരിയറിലെയോ പ്രശ്നങ്ങൾ കാരണം ആക്ടീവ് ആകണമെന്നില്ല.
അതിനർത്ഥം ഞാൻ അവിടെ ഇല്ലെന്നല്ല. അതിന് പകരം വേറൊരാൾ ഭയങ്കരമായി ആക്ടീവ് ആയിരിക്കും. ഇങ്ങനെയാണ് അത് പോയിക്കൊണ്ടിരിക്കുന്നത്. മഞ്ജു അവിടെയുണ്ട്. പക്ഷെ തിരക്കിനിടയിൽ അവർക്കത് പറ്റിക്കോളണമെന്നില്ല.
പക്ഷെ അവർ ഒരിക്കലും ഡബ്ല്യുസിസിയെ തള്ളിപ്പറഞ്ഞതായി എനിക്ക് തോന്നിയിട്ടില്ല. തിരിച്ച് ഡബ്ല്യുസിസിയും തള്ളിപ്പറഞ്ഞിട്ടില്ല. ഞങ്ങൾ പരസ്പരം കൈ പിടിക്കേണ്ട സ്ഥലത്തൊക്കെ കൈ പിടിച്ചിട്ടുണ്ട്. ഒന്നിച്ച് നിന്നിട്ടുണ്ട്. അങ്ങനെയാണ് അത് വേണ്ടതെന്നും സജിത മഠത്തിൽ വ്യക്തമാക്കി. മൂവി വേൾഡ് മീഡിയയുമായുള്ള അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.
#manjuwarrier #current #equation #with #wcc #actress #sajithamadathil #clarifies