പ്രേക്ഷകർക്ക് ബിഗ് സ്ക്രീനിൽ കണ്ട് കൊതി തീരും മുമ്പ് സിനിമാ രംഗം വിട്ട അഭിനേതാക്കൾ ഏറെയാണ്. ഇവരിൽ ഒരാളാണ് ഗിരിജ ഷെട്ടാർ. വന്ദനം എന്ന ഒറ്റ സിനിമ മതി ഗിരിജ ഷെട്ടാറിനെ ഓർക്കാൻ. ചിത്രത്തിലെ റൊമാന്റിക് രംഗങ്ങളും ഗാനങ്ങളും ഇന്നും പ്രേക്ഷക മനസിലുണ്ട്. സിനിമാ ലോകത്ത് മുൻനിര നായിക നടിയായി ഗിരിജ ഷെട്ടാർ മാറുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നു. മണിരത്നത്തിന്റെ ഗീതാഞ്ജലി എന്ന സിനിമയിലും ശ്രദ്ധേയ വേഷമാണ് ഗിരിജയ്ക്ക് ലഭിച്ചത്.
നാഗാർജുനയായിരുന്നു ഈ സിനിമയിലെ നായകൻ. തെലുങ്കിൽ ചെയ്ത അടുത്ത ചിത്രം ഹൃദയാഞ്ജലിയും വൻ ജനശ്രദ്ധ നേടി. വലിയ അവസരങ്ങൾ വന്ന് കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഗിരിജ ഷെട്ടാർ സിനിമാ രംഗം വിടുന്നത്. പാതി ഇന്ത്യക്കാരിയാണ് ഗിരിജ ഷെട്ടാർ. ബ്രിട്ടീഷുകാരിയാണ് നടിയുടെ അമ്മ. അച്ഛൻ കർണാടകക്കാരനും. തൊട്ടതെല്ലാം ഹിറ്റാക്കി സിനിമാ രംഗത്ത് മുന്നോട്ട് പോകവെയാണ് ഗിരിജ ഷെട്ടാർ കരിയർ വിടുന്നത്. മൻസൂർ ഖാന്റെ 'ജോ ജീത വോ ശിഖന്തർ' എന്ന സിനിമയ്ക്ക് ഒപ്പുവെച്ച നടി ഷൂട്ടിംഗിനെത്തിയതുമാണ്.
വ്യക്തിപരമായ ആവശ്യങ്ങളാൽ ഈ സിനിമ വിട്ട് നടിക്ക് ലണ്ടനിലേക്ക് തിരിച്ച് പോകേണ്ടി വന്നു. ഇതോടെ ഈ സിനിമയിലേക്ക് നടി ആയിഷ ജുൽക പകരമെത്തി. സിനിമ ഗിരിജ ഷെട്ടാറിന്റെ സ്വപ്നമായിരുന്നു. സിനിമാ ലോകം വിട്ട് തിരിച്ച് പോകേണ്ടി വന്നതിൽ നടിക്ക് വിഷമമുണ്ടായിരുന്നു. ഒരു അഭിമുഖത്തിൽ ഇതേക്കുറിച്ച് ഗിരിജ ഷെട്ടാർ സംസാരിച്ചിട്ടുണ്ട്. കുറേക്കാലത്തേക്ക് ഇന്ത്യൻ സിനിമകൾ കാണുന്നത് പോലും താൻ നിർത്തിയെന്നാണ് ഗിരിജ ഷെട്ടാർ പറഞ്ഞത്.
കരിയർ വിട്ടതിൽ ഉള്ളിലുള്ള കുറ്റബോധം ഉണരുമെന്നതിനാലാണ് ഗിരിജ ഷെട്ടാർ ഇന്ത്യൻ സിനിമകൾ കാണാതിരുന്നത്. വളർന്ന് വരുമ്പോൾ സിനിമ എന്റെയുള്ളിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. തന്റെ ഭാവനയെ ഉണർത്തിയ ആഴത്തിലുള്ള അനുഭവമായിരുന്നു സിനിമയെന്നും ഗിരിജ ഷെട്ടാർ പറഞ്ഞു. 25 വർഷങ്ങൾക്ക് ശേഷം സിനിമാ രംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഗിരിജ ഷെട്ടാർ. 'ഇബ്ബാനി തബ്ബിഡ ഇല്ലയലി' എന്ന കന്നഡ ചിത്രത്തിലൂടെയാണ് തിരിച്ച് വരവ് നടത്തിയത്.
സെപ്റ്റംബർ മാസത്തിലാണ് സിനിമ റിലീസ് ചെയ്തത്. ഒരു സിംഗിൾ മദറുടെ കഥാപാത്രമാണ് സിനിമയിൽ നടി അവതരിപ്പിച്ചത്. താൻ പ്ലാൻ ചെയ്ത സിനിമയല്ല ഇത്. അതിന്റേതായ സമയത്താണ് ഈ അവസരം വന്നത്. ഇങ്ങനെയൊന്ന് വരുമെന്ന തോന്നൽ എനിക്കുണ്ടായിരുന്നു. പക്ഷെ എപ്പോൾ വരുമെന്ന് തനിക്കറിയില്ലായിരുന്നു എന്നാണ് പുതിയ സിനിമയെക്കുറിച്ച് ഗിരിജ ഷെട്ടാർ പറഞ്ഞത്.
സിനിമാ രംഗം വിട്ട കാലത്ത് ഗിരിജ ഷെട്ടാർ യോഗ ഫിലോസഫിയിലും സിപിരിച്വൽ സൈക്കോളജിയിലും തീസിസുകൾ പൂർത്തിയാക്കി. എഴുത്തുകാരി കൂടിയാണ് ഗിരിജ ഷെട്ടാർ. ആത്മീയത പാതയിലാണ് ഗിരിജ ഷെട്ടാർ മുന്നോട്ട് നീങ്ങുന്നത്. ധ്യാനവും യോഗയും എഴുത്തുമായി തന്റേതായ തിരക്കുകളിലായിരുന്നു ഇക്കാലമത്രയും ഗിരിജ ഷെട്ടാർ.
#girijashettar #come #back #to #movies #here #details #about #her #life