(moviemax.in)സിനിമാ രംഗം വിട്ടിട്ട് വർഷങ്ങളായെങ്കിലും അസിനെ പ്രേക്ഷകർ മറന്നിട്ടില്ല. തെന്നിന്ത്യൻ സിനിമാ രംഗത്തെ താര റാണിയായിരുന്ന അസിൻ നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി.
നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന മലയാള സിനിമയിലൂടെയാണ് അസിൻ അഭിനയ രംഗത്തേക്ക് കടക്കുന്നത്. എന്നാൽ ഇ സിനിമ ശ്രദ്ധിക്കപ്പെട്ടില്ല.
തമിഴ്, തെലുങ്ക് സിനിമാ രംഗത്തേക്ക് കടന്നതോടെയാണ് അസിന്റെ ഭാഗ്യം തെളിയുന്നത്. ഗജിനി, പോക്കിരി, ദശാവതാരം തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ അസിൻ നായികയായെത്തി.
ഗജിനി കരിയറിൽ വഴിത്തിരിവായി. ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോഴും അസിൻ നായികയായി. ഹിന്ദിയിൽ ഒരുപിടി ഹിറ്റ് സിനിമകളുടെ ഭാഗമായെങ്കിലും തെന്നിന്ത്യയിലേത് പോലെ ശ്രദ്ധിക്കപ്പെടാൻ അസിന് സാധിച്ചില്ല.
ബോളിവുഡിലെ പല രീതികളുമായും പൊരുത്തപ്പെട്ട് പോകാൻ അസിന് കഴിഞ്ഞില്ല. ഇത് കരിയറിനെ ബാധിച്ചിട്ടുണ്ട്.
2016 ൽ വിവാഹിതയായ ശേഷം നടി സിനിമാ രംഗം പൂർണമായും വിട്ടു. മൈക്രോമാക്സ് കോ ഫൗണ്ടറായ രാഹുൽ ശർമയെയാണ് അസിൻ വിവാഹം ചെയ്തത്.
അരിൻ എന്ന മകളും ദമ്പതികൾക്ക് പിറന്നു. സിനിമാക്കഥ പോലെയാണ് അസിന്റെയും രാഹുൽ ശർമയുടെയും പ്രണയ കഥ. ഹൗസ് ഫുൾ 2 എന്ന സിനിമയുടെ പ്രൊമോഷന് വേണ്ടി നടൻ അക്ഷയ് കുമാറിനൊപ്പം ധാക്കയിലേക്ക് പോകുകയായിരുന്നു നടി.
പ്രെെവറ്റ് ജെറ്റിലാണ് പോയത്. അക്ഷയ് കുമാർ രാഹുൽ ശർമയെ അസിന് പരിചയപ്പെടുത്തി. പിന്നീടാണ് താൻ യാത്ര ചെയ്ത പ്രെെവറ്റ് ജെറ്റിന്റെ ഉടമ രാഹുൽ ശർമയാണെന്ന് അസിൻ അറിയുന്നത്. ഇത്രയും വലിയ ധനികനായിട്ടും സാധാരണക്കാരനെ പോലെയാണ് രാഹുൽ ശർമ പെരുമാറിയത്. ഇത് അസിന് ഇഷ്ടപ്പെട്ടു.
പരസ്പരം അടുത്ത രാഹുലും അസിനും കുറച്ച് കാലം ഡേറ്റ് ചെയ്തു. ഇതിന് ശേഷമാണ് വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്.
മലയാളത്തിലാണ് അസിനെ രാഹുൽ ശർമ പ്രൊപ്പോസ് ചെയ്യുന്നത്. ഇതിന് വേണ്ടി ഏറെനാൾ രാഹുൽ മലയാളം സംസാരിക്കാൻ പഠിച്ചു.
എആർ എന്നെഴുതിയ മോതിരവും നടിയെ അണിയിച്ചു. ആറ് കോടി രൂപ വിലമതിക്കുന്ന മോതിരമാണ് അസിനെ രാഹുൽ അണിയിച്ചത്.
ആഘോഷപൂർവം നടന്ന വിവാഹത്തിന് ബോളിവുഡിലെ നിരവധി താരങ്ങളെത്തി. രാഹുൽ ശർമയുടെ അടുത്ത സുഹൃത്താണ് നടൻ അക്ഷയ് കുമാർ. ഒരിക്കൽ രാഹുലിനെക്കുറിച്ച് അക്ഷയ് കുമാർ സംസാരിച്ചിട്ടുണ്ട്.
രാഹുൽ വളരെ നല്ല വ്യക്തിയാണ്. വളരെ പോസിറ്റീവാണ്. ഭാര്യയുമായും മകളുമായും ഭ്രാന്തമായ സ്നേഹത്തിലാണ്. അവൻ അവളെ ദേവതയെ പോലെ കാണുന്നു.
ഞങ്ങൾ തമ്മിൽ ആഴത്തിലുള്ള സൗഹൃദമുണ്ട്. ചിലപ്പോൾ രണ്ട് മൂന്ന് ആഴ്ചകൾ സംസാരിക്കാതിരിക്കും. എന്നാൽ പിന്നീട് നിർത്തിയിടത്ത് തന്നെ വീണ്ടും തുടങ്ങുമെന്നും അക്ഷയ് കുമാർ പറഞ്ഞു.
സിനിമാ രംഗം വിട്ട ശേഷം ലൈം ലൈറ്റിൽ നിന്നും പൂർണമായും മാറി നിൽക്കുകയാണ് അസിൻ. സോഷ്യൽ മീഡിയയിൽ തന്റെ ഫോട്ടോ പോലും അസിൻ പങ്കുവെക്കാറില്ല.
#asin #rahulsharma #love #story #married #life #rahul #proposed #him #cinematic #way