റീ റിലീസ് ചെയ്യപ്പെട്ട ഒരു ചിത്രം നേടുന്ന അപൂര്‍വ്വ വിജയം നേടുകയാണ് മലയാള ചിത്രം ദേവദൂതന്‍. 2000 ല്‍ ആദ്യമായി തിയറ്ററുകളിലെത്തി ഒറ്റ ദിവസം കൊണ്ട് ബോക്സ് ഓഫീസില്‍ വീണ ചിത്രം നീണ്ട 24 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് തിയറ്ററുകളില്‍ എത്തിയത്.
ജൂലൈ 26 നായിരുന്നു 4കെ, ഡോള്‍ബി അറ്റ്മോസിലേക്ക് റീമാസ്റ്റര്‍ ചെയ്യപ്പെട്ട ചിത്രത്തിന്‍റെ റീ റിലീസ്. മികച്ച പ്രീ റിലീസ് പബ്ലിസിറ്റിയോടെയാണ് അണിയറക്കാര്‍ ചിത്രം വീണ്ടും തിയറ്ററുകളിലെത്തിച്ചത്. മികച്ച തിയറ്റര്‍ അനുഭവമെന്ന് ആദ്യദിനം തന്നെ അഭിപ്രായം വന്ന ചിത്രം തുടര്‍ദിനങ്ങളിലും പ്രേക്ഷകരെ തിയറ്ററുകളില്‍ എത്തിച്ചു.
കേരളത്തിലെ 56 തിയറ്ററുകളിലാണ് ജൂലൈ 26 ന് ചിത്രം റിലീസ് ചെയ്യപ്പെട്ടതെങ്കില്‍ ചിത്രം ജനം ഏറ്റെടുത്തതോടെ രണ്ടാം ദിനം തന്നെ സ്ക്രീന്‍ കൗണ്ട് വര്‍ധിപ്പിച്ചിരുന്നു. 56 ല്‍ 100 തിയറ്ററുകളിലേക്കാണ് രണ്ടാം ദിനം ചിത്രം പ്രദര്‍ശനം വര്‍ധിപ്പിച്ചത്. ഇപ്പോഴിതാ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ സ്ക്രീന്‍ കൗണ്ട് വീണ്ടും വര്‍ധിപ്പിച്ചിരിക്കുകയാണ് ഈ സിബി മലയില്‍ മോഹന്‍ലാല്‍ ചിത്രം.
കേരളത്തിലെ തിയറ്റര്‍ കൗണ്ട് 100 ല്‍ നിന്ന് 143 ആക്കിയിരിക്കുകയാണ് രണ്ടാം വാരത്തില്‍ ദേവദൂതന്‍. കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലെ സ്ക്രീന്‍ കൗണ്ടിലും രണ്ടാം വാരം വര്‍ധന ഉണ്ടായിട്ടുണ്ട്. കേരളത്തിന് പുറത്ത് 21 തിയറ്ററുകളിലാണ് ചിത്രം രണ്ടാം വാരം പ്രദര്‍ശിപ്പിക്കുക.
ബെംഗളൂരു, മംഗളൂരു, മൈസൂരു, ചെന്നൈ, കോയമ്പത്തൂര്‍, മുംബൈ എന്നീ സെന്‍ററുകളിലാണ് കേരളത്തിന് പുറത്ത് ചിത്രത്തിന് പ്രദര്‍ശനമുള്ളത്. യുഎഇയിലും ജിസിസിയിലും 26 ന് തന്നെ ചിത്രം പ്രദര്‍ശനം ആരംഭിച്ചിരുന്നു.
#devadoothan #into #more #screens #second #week #mohanlal #sibimalayil #siyadkoker