(moviemax.in)ദുരന്തങ്ങള്‍ക്ക് മുമ്പ് പ്രകൃതി ചില സൂചനകള്‍ നല്കുമെന്നൊരു വിശ്വാസം നൂറ്റാണ്ടുകളായി വിവിധ ദേശങ്ങളിലെ മനുഷ്യരുടെ ഇടയില്‍ സജീവമാണ്. അതിനാൽ തന്നെ അത്തരത്തില്‍ എന്തെങ്കിലും കണ്ടാല്‍ മനുഷ്യരില്‍ അസാധാരണമായ ഒരു ഭയം ഉടലെടുക്കുന്നു.
കാലാവസ്ഥാ വ്യതിയാനം മൂലം ഇത്തരം അസാധാരണമായ സംഭവങ്ങള്‍ ലോകത്തിന്റെ പല ഭാഗത്തും ഇന്ന് സാധാരണമാണെന്നും കാണാം. കഴിഞ്ഞ ദിവസങ്ങളില്‍ വെല്‍സ് ദ്വീപുകളുടെ തീരങ്ങളില്‍ ആയിരക്കണക്കിന് ചിലന്തി ഞണ്ടുകളുടെ പുറന്തോടുകള്‍ കണ്ടെത്തിയത് പ്രദേശവാസികളില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചത്.
കടല്‍ത്തീരത്തെത്തിയ സഞ്ചാരികളാണ് ചിലന്തി ഞണ്ടുകള്‍ കൂട്ടത്തോടെ തീരത്തടിഞ്ഞ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇതോടെ ഈ ചിത്രങ്ങള്‍ വൈറലായി. വിശാലമായ തീരത്ത് ആയിരക്കണക്കിന് ചിലന്തി ഞണ്ടുകളെയാണ് കണ്ടെത്തിയത്.
ഇതോടെ തീരദേശവാസികളും ആശങ്കയിലായി. എന്നാല്‍, ഭയക്കേണ്ടതില്ലെന്നാണ് വിദഗ്ദാഭിപ്രായം. വെയിൽസിലെ ആംഗ്ലെസി എന്ന ദ്വീപില്‍ അനുഭവപ്പെട്ട കടുത്ത ചൂടിനെത്തുടർന്നാണ് ഈ ചിലന്തി ഞണ്ടുകൾ അബർഫ്രോയിലെ തീരത്തേക്ക് എത്തിയതെന്ന് കരുതുന്നു.
അടുത്ത കാലത്തായി താപനിലയിലുണ്ടായ വർദ്ധനവ് ഒരേ സമയം ഞണ്ടുകളുടെ തോടുകൾ പൊഴിക്കാൻ കാരണമായേക്കാമെന്ന് കരുതുന്നു. ഇതിനായാകാം ഇവ തീരത്തെത്തിയത്. തീരത്ത് കണ്ടെത്തിയ ഞണ്ടുകള്‍ മരിച്ചവയല്ലെന്നും മറിച്ച് അവയുടെ പുറന്തോടുകള്‍ മാത്രമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇവ സ്പൈനി സ്പൈഡർ ക്രാബ് ഷെല്ലുകളാണെന്നും ചത്ത ഞണ്ടുകളല്ലെന്നും ആംഗൽസി സീ മൃഗശാലയുടെ ഡയറക്ടർ ഫ്രാങ്കി ഹോബോറോ അവകാശപ്പെട്ടു. സ്പൈനി സ്പൈഡർ ഞണ്ടുകള്‍ ബ്രിട്ടീഷ് ഞണ്ട് ഇനങ്ങളില്‍ ഏറ്റവും വലിയ ഇനമാണ്.
ഇവ പലപ്പോഴും കടൽത്തീരത്ത് കാണപ്പെടുന്നു. കടൽ മൃഗശാലയിലെ തങ്ങളുടെ പ്രദർശനത്തിൽ ധാരാളം സ്പൈനി സ്പൈഡർ ഞണ്ടുകൾ ഉണ്ടെന്നും ഹോബോറോ അവകാശപ്പെട്ടു. പൂർണ്ണ വളർച്ചയെത്തിയ ഒരു ആണ് ഞണ്ടിന് 50 സെന്റീമീറ്റർ വരെ നീളമുണ്ടാകുമ്പോള്‍ അവയുടെ പുറംപാളിക്ക് അഥവാ കാരപ്പേസിന് ഏകദേശം 20 സെന്റീമീറ്റർ നീളമുണ്ടാകും.
വളര്‍ച്ചയുടെ ഘട്ടത്തില്‍ ചെമ്മീനുകളെയും കക്കകളെയും പോലെ ഞണ്ടുകളും തങ്ങളുടെ ഷെല്ലുകള്‍ മാറുന്നു. അതായത് ഞെണ്ടുകളുടെ ഷെല്ലുകള്‍ അവയുടെ മരണത്തെ സൂചിപ്പിക്കുന്നില്ല. മറിച്ച് അവയുടെ വളര്‍ച്ചാ ഘട്ടത്തെയാണ് സൂചിപ്പിക്കുന്നത്. ഒരേസമയം തന്നെ ഇത്രയേറെ ഞെണ്ടുകള് ഷെല്ലുകള്‍ പൊഴിക്കാന്‍ കാരണം ചൂട് കൂടിയതാകാമെന്നും കരുതുന്നു.
#sign #disaster #Mass #graves #beach #spider #crabs #concern #Authorities #say #no #fear