വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കളുടെ അറസ്റ്റ് തടഞ്ഞ ഇടക്കാല ഉത്തരവ് ഹൈകോടതി നീട്ടി. നിർമാതാക്കളായ നടൻ സൗബിൻ ഷാഹിർ, ഷോൺ ആന്‍റണി, ഷാഹിർ ബാബു എന്നിവരെ അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവാണ് ജസ്റ്റിസ് സി.എസ്. ഡയസ് നീട്ടിയത്.
ഇവരുടെ മുൻകൂർ ജാമ്യ ഹരജി ജൂലൈ 10ന് പരിഗണിക്കാൻ മാറ്റിയ സാഹചര്യത്തിലാണ് ഇടക്കാല ഉത്തരവും അതുവരെ നീട്ടിയത്. സിനിമക്കായി ഏഴുകോടി രൂപ നിക്ഷേപിച്ചിട്ടും ലാഭവിഹിതവും മുടക്കിയ പണവും നൽകിയില്ലെന്ന് ആരോപിച്ച് അരൂർ സ്വദേശി സിറാജ് വലിയതുറ നൽകിയ പരാതിയിലാണ് മരട് പൊലീസ് കേസെടുത്തത്.
ലാഭത്തുക ലഭിച്ചിട്ടും ഹരജിക്കാരന്‍റെ കടം വീട്ടാതെ നിർമാതാക്കളിൽ ഒരാൾ സ്ഥിരനിക്ഷേപം നടത്തിയതടക്കം ആരോപണങ്ങളുന്നയിച്ച് കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. ഒത്തുതീർപ്പിനുള്ള ശ്രമം നടക്കുകയാണെന്ന് ഹരജിക്കാരും അറിയിച്ചിട്ടുണ്ട്.
നേരത്തെ, മഞ്ഞുമ്മൽ ബോയ്്സ് നിർമാതാക്കൾക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരെ ഇ.ഡി അന്വേഷണമുണ്ട്. ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളിയായ ഷോൺ ആന്റണിയിൽ നിന്ന് ഇ.ഡി മൊഴിയെടുക്കുകയും ചെയ്തിരുന്നു.
#ban #arrest #producers #manjummalboys #has #been #extended