സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിൽ ഒരു സ്കോട്ടിഷ് യുവതി അടുത്തിടെ തന്‍റെ പൂന്തോട്ടത്തിൽ നേരിട്ട ഒരു സവിശേഷമായ സാഹചര്യത്തെക്കുറിച്ച് വിവരിച്ചു. പെട്ടെന്ന് ഒരു ദിവസം വീടിന് പുറത്തെ തന്‍റെ പൂന്തോട്ടത്തിൽ നിന്നും വിചിത്രമായ ശബ്ദങ്ങൾ കേട്ട് അവർ അല്പം പരിഭ്രാന്തിയിലായി.
സംഗതി എന്താണെന്ന് അറിയാൻ അവർ വാതിൽ തുറന്നു. അപ്പോഴാണ് അത്ഭുതപ്പെടുത്തുന്ന ആ കാഴ്ച കണ്ടത്. പൂന്തോട്ടം നിറയെ താറാവുകൾ. തനിക്കോ തന്‍റെ അയൽവാസികൾക്കോ താറാവുകൾ ഇല്ലാതിരുന്നത് കൊണ്ട് തന്നെ ആ കാഴ്ച തന്നെ അത്ഭുതപ്പെടുത്തി എന്നാണ് യുവതി പറയുന്നത്.
ഒരു ചെറിയ അരുവിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന അവരുടെ പൂന്തോട്ടത്തിൽ അതിഥികളായി എത്തിയ ഒരു കൂട്ടം താറാക്കളുടെ ചിത്രവും യുവതി റെഡ്ഡിറ്റിൽ പങ്കുവെച്ചു. ചിത്രത്തിൽ പൂന്തോട്ടം നിറയെ താറാവുകൾ ദൂരെ യാത്ര കഴിഞ്ഞ് വിശ്രമിക്കുന്നത് കാണാം.
യുവതിയുടെ പോസ്റ്റ് സമൂഹ മാധ്യമത്തില്‍ വൈറൽ ആയതോടെ താറാവുകൾ ഇത്തരത്തിൽ കൂട്ടത്തോടെ എത്താൻ പലവിധ കാരണങ്ങൾ ഉണ്ടാകാമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.
പൂന്തോട്ടത്തിന് തൊട്ടരികിലുള്ള അരുവിയിലൂടെ നീന്തിയെത്തിയ താറാക്കൂട്ടം തങ്ങൾക്ക് ചേക്കേറാൻ പറ്റിയ ഒരിടം കണ്ടപ്പോൾ വിശ്രമിക്കാനായി കയറിയതാകാം എന്നാണ് ചിലർ അഭിപ്രായപ്പെട്ടത്. അരുവികളോട് ചേർന്നുള്ള ചതിപ്പുനിലങ്ങളും പുൽത്തകിടികളും താറാവുകൾക്ക് വിശ്രമിക്കാൻ ഏറെ ഇഷ്ടമുള്ള ഇടങ്ങളാണെന്ന് മറ്റ് ചിലർ കുറിച്ചു.
സമാനമായ മറ്റൊരു സംഭവം അമേരിക്കയിലെ കാലിഫോർണിയയിൽ നിന്നും അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കൊറിന്ന ബുബെൻഹൈം തന്‍റെ ഉച്ചമയക്കത്തിനിടയിൽ ശക്തമായി എന്തോ ശ്വസിക്കുന്ന ശബ്ദം കേട്ടു.
എന്താണെന്നറിയാൻ മുറിയുടെ വാതിൽ തുറന്ന അവർ കണ്ടത് ഒരു സിംഹത്തെ. ഉടൻതന്നെ അവർ മുറിയുടെ വാതിൽ അടയ്ക്കുകയും രക്ഷാപ്രവർത്തകരുമായി ബന്ധപ്പെടുകയും ചെയ്തു. ലോസ് ഏഞ്ചൽസ് അനിമൽ സർവീസസ് പറയുന്നതനുസരിച്ച്, കൊറിനയുടെ വീട്ടിലെത്തിയത് പർവ്വത സിംഹം ആയിരുന്നു. ഏറെ ആക്രമണകാരികളായ ഇവ, വന്യമൃഗങ്ങളിൽ ഏറെ ഭയപ്പെടേണ്ട ഒന്നാണെന്നാണ് അനിമൽ സർവീസ് ടീം തന്നെ കണക്കാക്കുന്നത്.
#lady #opened #door #after #hearing #noise #shocked #yard #was #full #ducks