ഉത്തരേന്ത്യ കടുത്ത ഉഷ്ണതരംഗത്തിലൂടെ കടന്ന് പോവുകയാണ്. കടുത്ത ചൂട് ഭൂമിയിലെ സകല ജീവജാലങ്ങളെയും ഒരു പോലെ ബാധിക്കുന്നു. കർഷകരും ട്രാഫിക് പോലീസും തെരുവില്‍ ജോലി ചെയ്യുന്നവരും മറ്റ് സാധാരണക്കാരും കടുത്ത ഉഷ്ണതരംഗത്തെ നേരിടേണ്ടി വരുന്നു. ഇത് പോലെ തന്നെയാണ് മൃഗങ്ങളുടെ കാര്യവും. പലപ്പോഴും കുടിക്കാനുള്ള വെള്ളം പോലും കിട്ടാതെ പല മൃഗങ്ങളും വഴിവക്കില്‍ തളര്‍ന്ന് വീഴുന്നു.
രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, ഡൽഹി, ഉത്തർപ്രദേശ് തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെല്ലാം ഉഷ്ണതരംഗത്തിന്‍റെ പിടിയിലാണ്. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ ഇത്തരത്തില്‍ വഴിയരികില്‍ കടുത്ത ചൂടിനെ തുടര്‍ന്ന് വഴിയരികില്‍ തളര്‍ന്ന് വീണ ഒരു കുരങ്ങന് സിപിആര്‍ നല്‍കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെതായിരുന്നു.
https://x.com/PATH_network_/status/1796112819819360666
പോലീസ് ഉദ്യോഗസ്ഥന്‍റെ പ്രവര്‍ത്തി സമൂഹ മാധ്യമ ഉപയോക്താക്കളുടെ അഭിനന്ദനം നേടി. ഉത്തര്‍പ്രദേശിലെ ബുലന്ദ്സറിലെ ഛത്താരി പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്സ്റ്റബിള്‍ വികാസ് തോമറാണ് കുരങ്ങിന് സിപിആര്‍ നല്‍കിയ രക്ഷാ പ്രവര്‍ത്തനം നടത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
അദ്ദേഹം കുട്ടിക്കുരങ്ങന്‍റെ നെഞ്ചില്‍ ശക്തമായി അമര്‍ത്തുകയും തലയും ശരീരവും തുടച്ച് ശക്തമായി കുലുക്കി വിളിക്കുകയും ചെയ്യുന്നത് കാണാം. ഇതിനിടെ മൃഗഡോക്ടര്‍ ഡോ.ഹരി ഓം ശർമ്മ വന്ന് കുരങ്ങിന് ഒരു ആന്‍റിബയോട്ടിക് ഇഞ്ചക്ഷന്‍ എടുക്കുന്നതും വീഡിയോയില്‍ കാണാം.
വീഡിയോ മൃഗസ്നേഹികളായി സമൂഹ മാധ്യമ ഉപയോക്താക്കളെ സ്വാധീനിച്ചു. നിരവധി പേര്‍ പോലീസ് ഉദ്യോഗസ്ഥന് അഭിനന്ദനവുമായി രംഗത്തെത്തി. 'മനുഷ്യരുടെയും കുരങ്ങുകളുടെയും ശരീരങ്ങൾ വളരെ സാമ്യമുള്ളതാണെന്നും ഇത്തരം കാര്യങ്ങള്‍ക്ക് തങ്ങള്‍ക്ക് പരിശീലനം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കുട്ടിക്കുരങ്ങന്‍ ദിവസവും പോലീസ് സ്റ്റേഷനിലേക്ക് വരാറുണ്ടെന്നും അവന്‍ കളികള്‍ തന്നെ സന്തോഷിപ്പിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമിതമായ ചൂട് കാരണം കുരങ്ങന്‍ മരത്തില്‍ നിന്നും ബോധരഹിതനായി താഴെ വീഴുകയായിരുന്നു. നിർജ്ജലീകരണം മൂലം കുരങ്ങിന് ബോധക്ഷയം സംഭവിച്ചതാണെന്ന് ഡോക്ടർ ഹരി ഓം ശർമ്മ കൂട്ടിച്ചേർത്തു.
#video #police #officer #giving #cpr #monkey #who #fainted #scorching #heat