ചെരിപ്പിടാതെ നടക്കുന്നവർ ഇന്ന് വളരെ വളരെ കുറവാണ്. പ്രത്യേകിച്ച് പുറത്തിറങ്ങുമ്പോൾ നിർബന്ധമായും നമ്മൾ ചെരിപ്പ് ധരിക്കും.
അത്രയേറെ മലിനമാണ് നമ്മുടെ പരിസരം എന്നതാണ് അതിന് ഒരു കാരണം. എന്തായാലും ചെരിപ്പുകൾ ധരിക്കുന്നത് കാലിന്റെ സംരക്ഷണത്തിനാണല്ലോ? എന്നാൽ, ഓസ്ട്രേലിയയിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ ശ്രദ്ധയാകർഷിക്കുന്നത്.
ചെരിപ്പ് ധരിക്കാതെ ആളുകൾ പുറത്തിറങ്ങി നടക്കുന്നതാണ് വീഡിയോയിൽ കാണാനാവുന്നത്. സൂപ്പർ മാർക്കറ്റിലും പാർക്കിലും റോഡുകളിലൂടെയും ഒക്കെ ആളുകൾ ചെരിപ്പിടാതെ നടക്കുന്നത് കാണാം.
ഓസ്ട്രേലിയയിൽ ഇത് സാധാരണമാണോ എന്ന് ചോദിച്ചു കൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. Censored Men എന്ന അക്കൗണ്ടിൽ നിന്നാണ് വീഡിയോ എക്സിൽ (ട്വിറ്ററിൽ) പങ്കുവച്ചിരിക്കുന്നത്.
അതിൽ നിരവധിപ്പേർ ചെരിപ്പ് ധരിക്കാതെ നടക്കുന്നത് കാണാം. ശരിക്കും ആളുകൾ ഇങ്ങനെ ചെരിപ്പ് ധരിക്കാതെ നടക്കുന്നതിന് പിന്നിലെ കാരണം എന്താണ്? ന്യൂയോർക്ക് ടൈംസിലെ ഒരു റിപ്പോർട്ട് പ്രകാരം, ഓസ്‌ട്രേലിയക്കാരും ന്യൂസിലാൻഡുകാരും ഇങ്ങനെ ചെരിപ്പിടാതെ നടക്കാറുണ്ടത്രെ.
സൂപ്പർമാർക്കറ്റിലേക്കും മറ്റും പോകുമ്പോൾ അവർ ചെരിപ്പിടുന്നതിനെ കുറിച്ച് ഓർക്കാറേ ഇല്ല എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
സൂപ്പർമാർക്കറ്റുകളിലും പബ്ബുകളിലും ഒക്കെ പോകുമ്പോൾ ചെരിപ്പ് ധരിച്ച് പോകുന്നതിനേക്കാൾ നഗ്നപാദരായി പോകാൻ അവർ ഇഷ്ടപ്പെടുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.
“ആളുകൾ നഗ്നപാദരായിട്ടാണ് നടക്കുന്നത്. തെരുവുകളിലും സൂപ്പർമാർക്കറ്റുകളിലും എല്ലായിടത്തും അങ്ങനെ തന്നെ. എന്നാൽ, എല്ലാവരും ചെരിപ്പ് ധരിക്കാതെയല്ല നടക്കുന്നത്.
പക്ഷേ, ചിലർ അങ്ങനെ ചെയ്യുന്നു. തീർച്ചയായും, നഗരത്തിലെ നടപ്പാതകൾ വൃത്തിയുള്ളത് തന്നെയാണ്. പക്ഷേ, അവ ഇപ്പോഴും നഗരത്തിലെ നടപ്പാതകൾ തന്നെയാണല്ലോ” എന്നാണ് 2012 -ൽ ന്യൂസിലാൻഡ് സന്ദർശനത്തിനിടെ ന്യൂയോർക്ക് ടൈംസ് എഴുത്തുകാരനായ സേത്ത് കുഗൽ എഴുതിയത്.
2019 -ലെ ഇംഗ്ലണ്ട് പര്യടനത്തിൽ ഈ കാരണം കൊണ്ടുതന്നെ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം വാർത്തകളിൽ ഇടംനേടിയിരുന്നു. അന്ന് അവർ ഫീൽഡിലൂടെ നഗ്നപാദരായി നടന്നതിനെ തുടർന്നായിരുന്നു ഇത്.
ഭൂമിയിൽ നിന്ന് പോസിറ്റീവ് എനർജി സ്വീകരിക്കാൻ വേണ്ടി എന്നാണ് അവർ ഇങ്ങനെ നഗ്നപാദരായി നടക്കുന്നതിന് കാരണമായി പറഞ്ഞത്.
#natives #sandals #goout? #video #viral