വഴി കണ്ടുപിടിക്കാന്‍ ഗൂഗിള്‍ മാപ്പിന്‍റെ സഹായം തേടുന്ന ഒരുപാട് പേരുണ്ട്. എന്നാൽ, കാണാതായ ഒരാളെ കണ്ടെത്താൻ ഗൂഗിൾ സ്ട്രീറ്റ് വ്യൂ സഹായിച്ച കാര്യം അറിയാമോ? ബെൽജിയത്തിൽ കാണാതായ ഒരു സ്ത്രീക്ക് എന്ത് സംഭവിച്ചു എന്ന് കണ്ടെത്താനാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂ സഹായകമായത്.
83 വയസ്സുള്ള പോളെറ്റ് ലാൻഡ്‌റിക്‌സിനെയാണ് രണ്ട് വർഷം മുമ്പ് കാണാതായത്. ഇവർക്ക് അൽഷിമേഴ്‌സ് ഉണ്ട്. അതിനാൽ തന്നെ പലപ്പോഴും ഇവർ വീട്ടിൽ നിന്നും ഇറങ്ങിപ്പോവാറുണ്ട്. ഭർത്താവാണ് വീടിന്റെ അടുത്തുതന്നെ എവിടെയെങ്കിലും ഇവരെ കണ്ടെത്താറ്.
അതുപോലെ, 2020 നവംബർ 2 -ന്, ഉച്ചയ്ക്ക് ഒരു മണിയോടെ സ്വന്തം വീട്ടിൽ നിന്നും ഇവർ അപ്രത്യക്ഷയായി. ആ സമയത്ത് വീട്ടിൽ ഇവരുടെ ഭർത്താവുണ്ടായിരുന്നു. ഭർത്താവ് തുണി അലക്കുന്നതിനിടയിലായിരുന്നു പോളെറ്റ് ഇറങ്ങിപ്പോയത്. ഉച്ച കഴിഞ്ഞാണ് പോളെറ്റിനെ കാണാനില്ല എന്ന കാര്യം ഭർത്താവ് മനസിലാക്കുന്നത്. അങ്ങനെ ഇയാൾ പൊലീസിൽ വിവരം അറിയിച്ചു.
എന്നാൽ, പൊലീസ് എത്ര അന്വേഷിച്ചിട്ടും ഇവർ എവിടെ പോയി എന്നോ ഇവർക്ക് എന്ത് സംഭവിച്ചു എന്നോ കണ്ടെത്താൻ സാധിച്ചില്ല. അങ്ങനെ 2022 -ൽ പൊലീസ് ഈ കേസ് ക്ലോസ് ചെയ്യാനൊരുങ്ങി. ആ സമയത്ത് എന്തെങ്കിലും തുമ്പ് കിട്ടുമോ എന്ന് അറിയുന്നതിന് വേണ്ടി ഗൂഗിൾ സ്ട്രീറ്റ് വ്യൂവിൽ തിരയുകയായിരുന്നു ഒരുദ്യോഗസ്ഥൻ.
അന്നേരമാണ് അയൽക്കാരന്റെ വീട്ടിലേക്ക് തെരുവ് മുറിച്ച് നടന്നു പോകുന്ന പോളറ്റിനെ കണ്ടത്. അതോടെ ഉദ്യോഗസ്ഥർ അന്വേഷണം ഊർജ്ജിതമാക്കി. ഒടുവിൽ, അയൽവാസിയുടെ പൂന്തോട്ടത്തിന് താഴെയുള്ള ഒരു കുന്നിന് താഴെ പോളറ്റിൻ്റെ മൃതദേഹം കണ്ടെത്തി. പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ, അവർ പൂന്തോട്ടത്തിനടുത്തു നിന്നും താഴേക്ക് വീണതാണെന്നും ഉടനടി മരണം സംഭവിച്ചു എന്നും കണ്ടെത്തി. അൾഷിമേഴ്സ് കാരണം ആശയക്കുഴപ്പമുണ്ടായതായിരിക്കാം അപകടത്തിന് കാരണം എന്നും കരുതുന്നു.
#83 #year #old #woman #missing #found #help #google #street #view