---
title: "#vijayakanth |  അപ്രതീക്ഷ വിയോഗം; വിജയകാന്തിന്റെ വസതിയിലേക്ക് ഒഴുകിയെത്തി ആരാധകർ, വൻ സുരക്ഷാ സന്നാഹം"
english_title: "#unexpected #demise #Fans #flocked #Vijayakanth #residence #Massive #security"
publisher: "moviemax.in"
canonical_url: "https://moviemax.in/news/172849/unexpected-demise-fans-flocked-vijayakanth-residence-massive-security"
published_at: "2023-12-28T12:18:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658d1ac1c36ba_chennai.jpg"
keywords: []
---

# #vijayakanth |  അപ്രതീക്ഷ വിയോഗം; വിജയകാന്തിന്റെ വസതിയിലേക്ക് ഒഴുകിയെത്തി ആരാധകർ, വൻ സുരക്ഷാ സന്നാഹം

> **Lead Summary:** **നട**ൻ വിജയകാന്തിന്റെ വിയോഗ വാർത്ത പുറത്തുവന്നതിനു പിന്നാലെ തമിഴ്നാട്ടിലാകെ സുരക്ഷ ശക്തമാക്കി പൊലീസ്. സാലിഗ്രാമിലുള്ള വിജയകാന്തിന്റെ വസതിക്കു മുന്നിൽ ആരാധകപ്രവാഹമാണ്. ഇതു നിയന്ത്രിക്കാൻ വൻ പൊലീസ് സന്നാഹമാണ് സ്ഥലത്തുള്ളത്. ആളുകളും പൊലീസും തമ്മിൽ ഇടയ്ക്ക് ഉന്തുംതള്ളുമുണ്ടായി.

## Article Content

**നട**ൻ വിജയകാന്തിന്റെ വിയോഗ വാർത്ത പുറത്തുവന്നതിനു പിന്നാലെ തമിഴ്നാട്ടിലാകെ സുരക്ഷ ശക്തമാക്കി പൊലീസ്. സാലിഗ്രാമിലുള്ള വിജയകാന്തിന്റെ വസതിക്കു മുന്നിൽ ആരാധകപ്രവാഹമാണ്. ഇതു നിയന്ത്രിക്കാൻ വൻ പൊലീസ് സന്നാഹമാണ് സ്ഥലത്തുള്ളത്. ആളുകളും പൊലീസും തമ്മിൽ ഇടയ്ക്ക് ഉന്തുംതള്ളുമുണ്ടായി.

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ വ്യാഴാഴ്ച രാവിലെയാണ് വിജയകാന്തിന്റെ അന്ത്യം. കോവിഡും ന്യുമോണിയയും സ്ഥിരീകരിച്ചതിനു പിന്നാലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ആശുപത്രിക്കു മുന്നിൽ തടിച്ചുകൂടിയിരിക്കുന്ന ആരാധകരെ നിയന്ത്രിക്കാനും വൻ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. 

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് നവംബര്‍ 20ന് വിജയകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡിസംബര്‍ രണ്ടാം വാരമാണ് അദ്ദേഹം ആശുപത്രിയില്‍ നിന്ന് തിരിച്ചെത്തിയത്. ചൊവ്വാഴ്ചയാണ് വിജയകാന്തിനെ ആരോഗ്യ പരിശോധനയ്ക്കായി വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വ്യാഴാഴ്ച രാവിലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. നില വിഷളായതോടെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. എൺ‌പതുകളിലും തൊണ്ണൂറുകളിലും തമിഴിൽ നിരവധി സൂപ്പർഹിറ്റുകൾ നൽകിയ വിജയകാന്തിനെ ആരാധകർ ക്യാപ്റ്റനെന്നാണ് വിളിച്ചിരുന്നത്. ദേശീയ മുർ‌പോക്ക് ദ്രാവിഡ കഴകം എന്ന രാഷ്ട്രീയപാർട്ടിയുടെ സ്ഥാപകനേതാവാണ്.

രണ്ടുതവണ തമിഴ്നാട് നിയമസഭാംഗമായിരുന്നു. 1979 ൽ ഇനിക്കും ഇളമൈ എന്ന ചിത്രത്തിൽ വില്ലനായാണ് വിജയകാന്ത് അരങ്ങേറിയത്. 1981 ൽ പുറത്തിറങ്ങിയ സട്ടം ഒരു ഇരുട്ടറൈ ആണ് നായകനെന്ന നിലയിൽ അദ്ദേഹത്തിന്റെ വാണിജ്യമൂല്യമുയർത്തിയത്.

സിവപ്പു മല്ലി, ജാതിക്കൊരു നീതി തുടങ്ങിയ ചിത്രങ്ങളിലൂടെ സമൂഹത്തിലെ അനീതികൾക്കെതിരെ ശബ്ദിക്കുന്ന ‘ക്ഷോഭിക്കുന്ന യുവാവിനെ’ തമിഴ് പ്രേക്ഷകർ ഏറ്റെടുത്തു. 

നാടിനെ സ്നേഹിക്കുന്ന, നാട്ടുകാർക്കു നല്ലതു ചെയ്യുന്ന, നാടിനും കുടുംബത്തിനുമായി എന്തു ത്യാഗവും ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ പുരട്ചി കലൈഞ്ജർ എന്ന വിശേഷണം ലഭിച്ചു.

അഴിമതിക്കും അക്രമത്തിനുമെതിരെ ആഞ്ഞടിക്കുന്ന വീരനായകരുള്ള ആക്‌ഷൻ സിനിമകൾക്കൊപ്പം കുടുംബബന്ധങ്ങളുടെ തകർച്ചയിൽ നിസ്സഹായനാകുന്ന, അതു തിരികെപ്പിടിക്കാൻ ശ്രമിക്കുന്ന നായകന്മാരെ അവതരിപ്പിച്ചും വിജയകാന്ത് പ്രേക്ഷകരുടെ ഇഷ്ടം നേ‌ടി. അത്തരം സിനിമകളിൽ പലതും നിരൂപകപ്രശംസയും നേടിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/172849/unexpected-demise-fans-flocked-vijayakanth-residence-massive-security)