---
title: "#vijayakanth | ആരാധകരുടെ പ്രിയപ്പെട്ട ആക്ഷൻ ഹീറോ; തമിഴിലെ ക്ലാസിക് ആയി മാറിയ നൂറാം ചിത്രം 'ക്യാപ്റ്റൻ പ്രഭാകർ "
english_title: "#fan #favorite #action #hero; #Captain #Prabhakar, #film #that #became#classic #Tamil"
publisher: "moviemax.in"
canonical_url: "https://moviemax.in/news/172805/fan-favorite-action-hero-captain-prabhakar-film-that-becameclassic-tamil"
published_at: "2023-12-28T09:40:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658cf5770078c_hhh.jpg"
keywords: []
---

# #vijayakanth | ആരാധകരുടെ പ്രിയപ്പെട്ട ആക്ഷൻ ഹീറോ; തമിഴിലെ ക്ലാസിക് ആയി മാറിയ നൂറാം ചിത്രം 'ക്യാപ്റ്റൻ പ്രഭാകർ 

> **Lead Summary:** **ആരാധകരുടെ** പ്രിയപ്പെട്ട ആക്ഷൻ ഹീറോയായിരുന്നു വിജയകാന്ത് എന്ന അവരുടെ പ്രിയപ്പെട്ട ക്യാപ്റ്റൻ. 1980 കളിലാണ് ആക്ഷൻ ഹീറോ പരിവേഷത്തിലേക്ക് വിജയകാന്ത് ഉയരുന്നത്.

## Article Content

**ആരാധകരുടെ** പ്രിയപ്പെട്ട ആക്ഷൻ ഹീറോയായിരുന്നു വിജയകാന്ത് എന്ന അവരുടെ പ്രിയപ്പെട്ട ക്യാപ്റ്റൻ. 1980 കളിലാണ് ആക്ഷൻ ഹീറോ പരിവേഷത്തിലേക്ക് വിജയകാന്ത് ഉയരുന്നത്.

നൂറാം ചിത്രമായ ക്യാപ്റ്റൻ പ്രഭാകർ ഇന്നും തമിഴിലെ ക്ലാസിക് ചിത്രമായാണ് അറിയപ്പെടുന്നത്. ഈ ചിത്രത്തോടെയാണ് ക്യാപ്റ്റനെന്ന് ആരാധകർ അദ്ദേഹത്തെ വിളിച്ചുതുടങ്ങിയത്. 1952 ആ​ഗസ്റ്റ് 25-ന് തമിഴ്നാട്ടിലെ മധുരൈയിലായിരുന്നു വിജയകാന്തിന്റെ ജനനം.

വിജയരാജ് അളകർസ്വാമി എന്നാണ് യഥാർത്ഥ പേര്. കരിയറിലുടനീളം തമിഴ് സിനിമയിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച ചുരുക്കം നടന്മാരിലൊരാളായിരുന്നു വിജയകാന്ത്. പുരട്ചി കലൈഞ്ജർ എന്നായിരുന്നു ആരാധകർക്കിടയിൽ അദ്ദേഹം അറിയപ്പെട്ടിരുന്നത്.

എം.എ. കാജാ സംവിധാനം ചെയ്ത് 1979-ൽ പുറത്തിറങ്ങിയ ഇനിക്കും ഇളമൈ ആയിരുന്നു ആദ്യചിത്രം. നടൻ വിജയ് യുടെ പിതാവ് എസ്.എ ചന്ദ്രശേഖർ സംവിധാനം ചെയ്ത ചിത്രങ്ങളായിരുന്നു തുടക്ക കാലത്ത് വിജയകാന്ത് ചെയ്തതിൽ അധികവും.

നൂറാവത് നാൾ, വൈദേഹി കാത്തിരുന്താൾ, ഊമൈ വിഴി​ഗൾ, പുലൻ വിസാരണൈ, സത്രിയൻ, കൂലിക്കാരൻ, വീരൻ വേലുത്തമ്പി, സെന്തൂരപ്പൂവേ, എങ്കൾ അണ്ണ, ​ഗജേന്ദ്ര, ധർമപുരി, രമണ തുടങ്ങി 154 ചിത്രങ്ങളിൽ അഭിനയിച്ചു. 2010-ൽ വിരുദ​ഗിരി എന്ന ചിത്രത്തിലൂടെ സംവിധായകനുമായി. പ്രധാനവേഷത്തിൽ അവസാനമായി എത്തിയ ചിത്രവും ഇതുതന്നെയാണ്.

2015-ൽ മകൻ ഷൺമുഖ പാണ്ഡ്യൻ നായകനായെത്തിയ സ​ഗാപ്തം എന്ന ചിത്രത്തിൽ അതിഥിവേഷത്തിലുമെത്തിയിരുന്നു. 1994-ൽ എം.ജി.ആർ പുരസ്കാരം, 2001-ൽ കലൈമാമണി പുരസ്കാരം, ബെസ്റ്റ് ഇന്ത്യൻ സിറ്റിസെൻ പുരസ്കാരം, 2009-ൽ ടോപ്പ് 10 ലെജൻഡ്സ് ഓഫ് തമിഴ് സിനിമാ പുരസ്കാരം, 2011-ൽ ഓണററി ഡോക്ടറേറ്റ് എന്നിവ വിജയകാന്തിനെ തേടിയെത്തി.

### Related Links & Sources
- [Original Story Source](https://moviemax.in/news/172805/fan-favorite-action-hero-captain-prabhakar-film-that-becameclassic-tamil)