കല്യാണരാമനിലെ ആ ഡയലോഗുകൾ മാത്രം മതി സുബ്ബലക്ഷ്‍മി എന്ന മലയാള സിനിമയിലെ മുത്തശ്ശിയെ ഓർമിക്കാൻ. സ്നേഹ സമ്പന്നരായ മുത്തശ്ശിമാരിൽ നിന്ന് വ്യത്യസ്‍തമായിരുന്നു സുബ്ബലക്ഷ്‍മി അമ്മാളുടെ മുത്തശ്ശി കഥാപാത്രങ്ങൾ. ആ കഥാപാത്രങ്ങൾക്ക് ഹാസ്യം മുതൽ ശൃംഗാരം വരെ നിരവധി ഭാവങ്ങൾ അവതരിപ്പിക്കാനുണ്ടായിരുന്നു.
സെറ്റ് സാരിയും ചന്ദനക്കുറിയും ധരിച്ച്, സ്നേഹിക്കാൻ മാത്രം അറിയുന്ന മലയാള സിനിമയിലെ അമ്മമാർക്കും മുത്തശ്ശിമാർക്കുമിടയിലാണ് പാണ്ടിപ്പടയിലൂടെ ചുരിദാറും ഹൈഹീൽ ചെരുപ്പുമിട്ട്സുബ്ബലക്ഷ്മി വേറിട്ട വേഷം അവതരിപ്പിച്ചിരിക്കുന്നത്. 69–ാം വയസ്സിലായിരുന്നു സുബ്ബലക്ഷ്മി അമ്മാളുടെ സിനിമയിലേക്കുള്ള വരവ്. നന്ദനം എന്ന സിനിമയിൽ .
വേശാമണിയമ്മാൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് സുബ്ബലക്ഷ്‍മിയുടെ തുടക്കം. കല്യാണരാമൻ, തിളക്കം, സിഐഡി മൂസ, പാണ്ടിപ്പട, ഗ്രാമഫോൺ, രാപ്പകൽ തുടങ്ങിയ സിനിമകളിലൂടെ സുബ്ബലക്ഷ്‍മി അമ്മാൾ മലയാളത്തിന്റെ സ്വന്തം മുത്തശ്ശിയായി മാറി പല്ലുകൾ ഇല്ലാതെ മോണ മാത്രം കാട്ടിയുള്ള ആ ക്ലാസിക് ചിരിക്ക് തന്നെ പ്രത്യേക ഫാൻ ബേസുണ്ട്.
മലയാളത്തിന്റെ മാത്രമല്ല. ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ചിത്രങ്ങളിലും മലയാളത്തിന്റെ മുത്തശ്ശി നിറഞ്ഞു നിന്നു. വിണ്ണൈത്താണ്ടി വരുവായ എന്ന സിനിമയിൽ ജെസി എന്ന നായിക കഥാപാത്രത്തിന്റെ മുത്തശ്ശിയായി ഗൗതം മേനോൻ കാസ്റ്റ് ചെയ്തത് സുബ്ബലക്ഷ്മിയെയായിരുന്നു. അതുപോലെ കല്യാണരാമന്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്തപ്പോൾ തിരക്കഥയ്ക്കൊപ്പം സുബ്ബലക്ഷ്‍മിയെയും അങ്ങോട്ട് കൊണ്ടുപോയി.
സുശാന്ത് സിംഗ് രാജ്പുത് മുതൽ ദളപതി വിജയ് വരെയുള്ള നായകന്മാർക്കൊപ്പം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ തിളങ്ങിയ സുബ്ബലക്ഷ്മി അമ്മാൾ മധുസമൃതം എന്ന സംസ്‌കൃത ചിത്രത്തിലും ഇൻ ദി നെയിം ഓഫ് ഗോഡ് എന്ന ഇംഗ്ലീഷ് സിനിമയിലും അഭിനയിച്ചു. ഒരുപിടി സിനിമകളിലൂടെ മലയാളികൾക്ക് എന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്ന കഥാപാത്രങ്ങൾ സമ്മാനിച്ച് സുബ്ബലക്ഷ്മി വിട പറയുമ്പോൾ ആ കണ്ണിറുക്കിയുള്ള ചിരിയും തല കുലുക്കിയുള്ള വർത്തമാനവും മലയാളികൾ എങ്ങനെ മറക്കും.
#Veshamaniyammal #grandmother #churidarandheels #Subbalakshmi #played #handful #roles