---
title: "#Lokesh | ആ ചിത്രം എന്നിൽ ഒരു മുദ്ര അവശേഷിപ്പിച്ചിരുന്നു; ലിയോ എൻറെ ആദരമാണ് - ലോകേഷ് "
english_title: "#film #impression #Leo#respect #Lokesh"
publisher: "moviemax.in"
canonical_url: "https://moviemax.in/news/160308/film-impression-leorespect-lokesh"
published_at: "2023-11-07T17:19:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654a2525afe37_lokesh.jpg"
keywords: []
---

# #Lokesh | ആ ചിത്രം എന്നിൽ ഒരു മുദ്ര അവശേഷിപ്പിച്ചിരുന്നു; ലിയോ എൻറെ ആദരമാണ് - ലോകേഷ് 

> **Lead Summary:** **[ സ**മീപകാലത്ത് കോളിവുഡിൽ നിന്നുള്ള ചിത്രങ്ങളിൽ ഏറ്റവുമധികം കാത്തിരിപ്പ് ഉയർത്തിയ സിനിമയായിരുന്നു ലിയോ. അമിതപ്രതീക്ഷ പലപ്പോഴും സിനിമകൾക്ക് വിനയാവാറുണ്ട്. ആദ്യദിനം എത്തിയ പ്രേക്ഷകാഭിപ്രായങ്ങളിൽ സമ്മിശ്ര പ്രതികരണം എത്തിയപ്പോൾ അത് ചിത്രത്തിൻറെ മുന്നോട്ടുള്ള ബോക്സ് ഓഫീസ് പ്രകടനത്തെ ബാധിക്കുമോ എന്നും സംശയിക്കപ്പെട്ടിരുന്നു.

## Article Content

**[ സ**മീപകാലത്ത് കോളിവുഡിൽ നിന്നുള്ള ചിത്രങ്ങളിൽ ഏറ്റവുമധികം കാത്തിരിപ്പ് ഉയർത്തിയ സിനിമയായിരുന്നു ലിയോ. അമിതപ്രതീക്ഷ പലപ്പോഴും സിനിമകൾക്ക് വിനയാവാറുണ്ട്. ആദ്യദിനം എത്തിയ പ്രേക്ഷകാഭിപ്രായങ്ങളിൽ സമ്മിശ്ര പ്രതികരണം എത്തിയപ്പോൾ അത് ചിത്രത്തിൻറെ മുന്നോട്ടുള്ള ബോക്സ് ഓഫീസ് പ്രകടനത്തെ ബാധിക്കുമോ എന്നും സംശയിക്കപ്പെട്ടിരുന്നു.

എന്നാൽ അത്തരത്തിലുള്ള എല്ലാ സംശയങ്ങളെയും മറികടന്ന് 500 കോടി ക്ലബ്ബിൽ ഇടംപിടിച്ചു ചിത്രം. നിർമ്മാതാക്കൾ പുറത്തുവിട്ട കണക്കനുസരിച്ച് ആദ്യ 12 ദിനങ്ങളിൽ ആ​ഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം നേടിയത് 540 കോടിയാണ്.

ചിത്രം 2005 ഹോളിവുഡ് ചിത്രം എ ഹിസ്റ്ററി ഓഫ് വയലൻസിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ഒന്നാണെന്ന് റിലീസിന് വളരെ മുൻപേ റിപ്പോർട്ടുകൾ എത്തിയിരുന്നതാണ്. ചിത്രത്തിൻറെ ടൈറ്റിൽ കാർഡിലും ഹിസ്റ്ററി ഓഫ് വയലൻസിൻറെയും സംവിധായകൻ ഡേവിഡ് ക്രോനെൻബെർ​ഗിൻറെയും പേര് ലോകേഷ് ഉൾപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ ലിയോ എന്ന ചിത്രം ക്രോനെൻബെർ​ഗിനുള്ള തൻറെ ആദരമായിരുന്നെന്ന് പറയുകയാണ് ലോകേഷ്. അമേരിക്കൻ മാധ്യമ സ്ഥാപനമായ വെറൈറ്റിക്ക് നൽകിയ പുതിയ അഭിമുഖത്തിലാണ് ലോകേഷ് ഇങ്ങനെ പറയുന്നത്.

> "ലിയോ എഴുതാൻ എനിക്ക് പ്രചോദനമായത് എ ഹിസ്റ്ററി ഓഫ് വയലൻസ് ആണ്. ആ ചിത്രം എന്നിൽ ഒരു മുദ്ര അവശേഷിപ്പിച്ചിരുന്നു. അതിൽ നിന്നാണ് ലിയോ ജനിച്ചത്. ലിയോ എൻറെ ആദരമാണ്. ലിയോയുടെ വിജയം എനിക്ക് മാത്രമല്ല മുഴുവൻ അണിയറക്കാരെ സംബന്ധിച്ചും ഏറെ പ്രാധാന്യമുള്ള കാര്യമാണ്", ലോകേഷ് പറഞ്ഞു.

ലിയോയ്ക്ക് ശേഷം ലോകേഷിൻറേതായി വരാനിരിക്കുന്ന എൽസിയു (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) ചിത്രങ്ങൾ കൈതി 2, വിക്രം 2, റോളക്സ് എന്നിവയാണ്. എന്നാൽ എൽസിയുവിന് പുറത്താണ് ലോകേഷിൻറെ അടുത്ത ചിത്രം.

രജനികാന്ത് ആണ് ഈ ചിത്രത്തിലെ നായകൻ. സൂര്യയെ നായകനാക്കി ലോകേഷ് ആലോചിക്കുന്ന ഇരുമ്പുകൈ മായാവിയും എൽസിയുവിന് പുറത്തുള്ള ചിത്രമാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/160308/film-impression-leorespect-lokesh)