logo

കലര്‍പ്പില്ലാതെയാണ് മണി സ്‌നേഹിച്ചത്;മമ്മൂട്ടി

Published at Jun 23, 2021 11:27 AM കലര്‍പ്പില്ലാതെയാണ്  മണി സ്‌നേഹിച്ചത്;മമ്മൂട്ടി

പ്രേക്ഷരും സിനിമാ ലോകവും ഏറെ വേദനയോടെ ഓർക്കുന്ന വിയോഗമാണ് നടൻ കലാഭവൻ മണിയുടേത്. ഇന്നും അദ്ദേഹത്തിന്റെ വിയോഗം ഏറെ സങ്കടമാണ്. സിനിമയ്ക്ക് അകത്തും പുറത്തും മണിക്ക് ഒരുപാട് സൗഹൃത്തുക്കളുണ്ടായിരുന്നു. തന്റെ ജീവിതാവസാനം വരെ എല്ലാവരോടും ഒരുപോലെയായിരുന്നു നടൻ പെരുമാറിയിരുന്നത്.

എല്ലാവരോടും അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന മണിയ്ക്ക് മമ്മൂട്ടിയുമായി വളരെ അടുത്ത ബന്ധമായിരുന്നു. അദ്ദേഹത്തിന് സഹോദരനെ പോലെയായിരുന്നു മണി. തമിഴിൽ നടന് ആദ്യം അവസരം വാങ്ങി കൊടുത്തതും മെഗാസ്റ്റാറായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മമ്മൂട്ടിയുടെ വാക്കുകളാണ്.കലാഭവൻ മണിയുടെ ചരമദിനത്തിൽ അദ്ദേഹം പങ്കുവെച്ചതായിരുന്നു ഇത്. ഇപ്പോഴിത വർഷങ്ങൾക്ക് ശേഷം ആ കുറിപ്പ് സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുകയാണ്. കാറിന്റെ ഡിക്കിയില്‍ മാങ്കോസ്റ്റീന്‍ തൈകളും കൂടയില്‍ നിറയെ മാങ്കോസ്റ്റീന്‍ പഴങ്ങളുമായി മമ്മൂക്കാ..എന്നു വിളിച്ചുകൊണ്ടു വരുന്ന മണി ഇനിയുണ്ടാകില്ലെന്നതു ഞെട്ടലിനും അപ്പുറത്തുള്ള എന്തോ ആണെന്നാണ് താരം പറയുന്നത്. മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ.


കാറിന്റെ ഡിക്കിയില്‍ മാങ്കോസ്റ്റീന്‍ തൈകളും കൂടയില്‍ നിറയെ മാങ്കോസ്റ്റീന്‍ പഴങ്ങളുമായി മമ്മൂക്കാ.... എന്നു വിളിച്ചുകൊണ്ടു വരുന്ന മണി ഇനിയുണ്ടാകില്ലെന്നതു ഞെട്ടലിനും അപ്പുറത്തുള്ള എന്തോ ആണ്. ടിവിയില്‍ മണിയുടെ വിയോഗം എന്നെഴുതിക്കാണിക്കുമ്പോള്‍ ഇവിടെ ബെംഗളൂരുവില്‍ ഞാനൊരു ഷൂട്ടിങ് തിരക്കില്‍ നില്‍ക്കുകയാണ്.

ഇത്തവണ മരണം കൊണ്ടുപോയത് എന്റെ അരികില്‍നിന്ന് ഒരാളെയാണ്. എന്തിനും കയ്യെത്തും ദൂരത്തുണ്ടായിരുന്നൊരു സഹോദരനെ. എന്തു പറഞ്ഞാണു ഞാന്‍ എന്നെത്തന്നെ സമാധാനിപ്പിക്കുക! തെറ്റു ചെയ്താല്‍ അരികില്‍വന്നു തലകുനിച്ചു കണ്ണു തുടയ്ക്കുന്നൊരു അനുജനായിരുന്നു മണി. എന്റെ വീട് അവന്റെ കൂടെ വീടാണെന്നു കരുതിയിരുന്ന ഒരാള്‍.

മണി എന്നെ കണ്ടതു ജേഷ്ഠനായാണ്. സിഗരറ്റ് വലിക്കുമ്പോള്‍ പോലും ഞാന്‍ വരുന്നതു കണ്ടാല്‍ ഒരുനിമിഷം അതു മറച്ചുപിടിക്കാന്‍ നോക്കും. അത് അറിയാതെ ചെയ്തു പോകുന്നതാണ്. കലര്‍പ്പില്ലാതെയാണു മണി സ്‌നേഹിച്ചത്. മറു മലര്‍ച്ചി എന്ന സിനിമയുടെ ഷൂട്ടിങ് തിരുവണ്ണാമലയില്‍ നടന്നുകൊണ്ടിരിക്കെ അഭിനയിക്കാമെന്നേറ്റ ഹാസ്യനടന്‍ പെട്ടെന്നു വരില്ലെന്നറിയിച്ചു. അതോടെ ആളില്ലാതായി. ഞാന്‍ പറഞ്ഞു മലയാളത്തില്‍ കലാഭവന്‍ മണിയെന്നൊരു നല്ല നടനുണ്ട്. അദ്ദേഹത്തെ വിളിക്കാമെന്ന്. അന്നു ഞാന്‍ പറഞ്ഞത്.


വിളിച്ചാല്‍ തിരിച്ചയയ്ക്കില്ലെന്ന് ഉറപ്പു തരണമെന്നാണ്. കാരണം അത്രയും നല്ലൊരു നടനെ തിരിച്ചയച്ചാല്‍ അതൊരു വേദനയാകും. അവര്‍ മണിയെ തിരിച്ചയയ്ക്കില്ലെന്ന് ഉറപ്പു നല്‍കി. അവര്‍ വിളിച്ചപ്പോള്‍ തമിഴ് അറിയില്ലെന്നു പറഞ്ഞു മുങ്ങി. അവസാനം ഞാന്‍ വിളിച്ച് ഇതു നല്ല അവസരമാണെന്നു പറഞ്ഞു. കുറച്ചു ദേഷ്യത്തില്‍ പറഞ്ഞു എന്നാണ് ഓര്‍മ ഉടന്‍ പറഞ്ഞു. ഉടന്‍ പറഞ്ഞു, നാളെ രാവിലെ ഞാനവിടെ എത്തുമെന്ന്. അതായിരുന്നു തമിഴിലെ തുടക്കം.

പിന്നീടു മണി തമിഴില്‍ വലിയ നടനായി. ചാലക്കുടിയിലോ തിരക്കില്ലാത്ത ലൊക്കേഷനിലോ ആണ് ഷൂട്ട് എങ്കില്‍ കോഴിയും ആടുമെല്ലാമായി മണിയും സംഘവും വരും. കൂടെയൊരു പാചകക്കാരനും കാണും. മണിയും നല്ല പാചകക്കാരനാണ്. എനിക്കിഷ്ടമുള്ളതെല്ലാം ഉണ്ടാകി മണി ഊട്ടിക്കും. ഭക്ഷണം കഴിച്ചു മതിവരുന്നതു മണിക്കു കാണണമായിരുന്നു. മണിയുടെ ഭക്ഷണത്തിലുണ്ടായിരുന്നതു സ്‌നേഹമാണ്. അളക്കാനാകാത്ത സ്‌നേഹം. മണി എന്തെങ്കിലും വേണ്ടാത്തതു കാണിച്ചുവെന്നു കേട്ടാല്‍ ഞാന്‍ വിളിക്കുമായിരുന്നു. ‘ഇനി ഉണ്ടാകില്ല' എന്നു പറഞ്ഞു ഫോണിന്റെ മറുവശത്തു മൂളിക്കൊണ്ടു മിണ്ടാതിരിക്കും പിന്നെ കണ്ടാല്‍ കുറ്റബോധത്തോടെ അടുത്തുവരും. കുറെ നേരം ഇരിക്കാതെ അടുത്തു നില്‍ക്കും.

വാഹനത്തില്‍ നിറയെ കൂട്ടുകാരുമായി സെറ്റിലെത്തി അവരെയെല്ലാം പരിചയപ്പെടുത്തി കൂടെനിന്നു പടമെടുത്തു വിടും എല്ലാ തലത്തിലുമുള്ളവരുടെ വലിയ സംഘം മണിക്കുണ്ടായിരുന്നു. എന്നെ ഒരിക്കല്‍ ചാലക്കുടിയിലെ ഒരു ഉത്സവ പറമ്പില്‍ കൊണ്ടുപോയി. ജനത്തിരക്കു കാരണം വേദിയുടെ തൊട്ടടുത്തുവരെ ജനം നിറഞ്ഞു തുളുമ്പി. പുറത്തുപോകുന്ന കാര്യം ആലോചിക്കാനെ വയ്യ. മണി നേരെ മുന്നിലേക്കിറങ്ങി ‘എല്ലാവരും സ്‌നേഹപൂര്‍വം മാറണം, മമ്മൂക്കയ്ക്ക് പോകണം' എന്നു കനത്ത ശബ്ദത്തില്‍ പറഞ്ഞതും ജനം ഇരുവശത്തേക്കും മാറി. മുന്നില്‍ ഒരാനയെപ്പോലെ എനിക്കു വഴിയൊരുക്കിക്കൊണ്ടു മണി നടന്നു. മണി ഒരു ശക്തിയായിരുന്നു.

ആദ്യകാലത്തു ഞങ്ങള്‍ കാള്‍ ലൂയിസ് എന്നാണു മണിയെ വിളിച്ചിരുന്നത്. അത്രയ്ക്കും മനോഹരമായ ശരീരമായിരുന്നു മണിയെന്ന കലാകാരനും വ്യക്തിയും നടനോളം തന്നെ വലുതായിരുന്നു. അമ്മയുടെ യോഗത്തില്‍ ഒരിക്കല്‍ ബാബുരാജും മണിയും തമ്മില്‍ വലിയ വഴക്കായി. അടി വീഴുമെന്നുവരെ തോന്നിച്ചു. യോഗം അവസാനിക്കുമ്പോള്‍ മണി ബാബുരാജിന്റെ തോളില്‍ കയ്യിട്ടു പുറത്തേക്കു കൊണ്ടുപോകുന്നതു കണ്ടു.


മലയാള സിനിമയിലും ഗാനശാഖയിലും നാടന്‍ പാട്ടെന്ന ശാഖ തിരിച്ചുകൊണ്ടുവന്നതു മണിയാണ്. നൂറുകണക്കിനു പാട്ടുകള്‍ മണി തേടിപ്പിടിച്ചു. അതറിയാവുന്നവരെക്കൊണ്ട് എഴുതിച്ചു. മണിയുടേതായ ഗായകസംഘമുണ്ടായി. മണിയുടെ പാട്ട് മണിയുടേതു മാത്രമായിരുന്നു. സത്യത്തില്‍ മണിയുടെ വലിയൊരു ബാന്‍ഡ് രൂപപ്പെടേണ്ടതായിരുന്നു ആയിരക്കണക്കിന് ആളുകള്‍ ഗള്‍ഫില്‍പ്പോലും മണിയുടെ പാട്ടിന്റെ താളത്തിനൊത്തു നൃത്തം ചവിട്ടുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. മലയാളം അറിയാത്തവരുടെ വലിയ സംഘങ്ങള്‍ പോലും അതിലുണ്ടായിരുന്നു. മണിയുടെ ശരീരഭാഷയും താളവും അവതരണവും ഭാഷയ്ക്കും അപ്പുറത്തേക്കു സംഗീതത്തെ കൊണ്ടുപോയി.

Mani fell in love without mixing; Mammootty

Related Stories
അനാർക്കലിയിൽ തിളങ്ങി ഭാവന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Aug 1, 2021 03:28 PM

അനാർക്കലിയിൽ തിളങ്ങി ഭാവന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

2012ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. ‘റോമിയോ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍...

Read More >>
അമ്മയും കുട്ടിയും; മകനൊപ്പമുള്ള ചിത്രങ്ങൾ  പങ്കുവെച്ച് നവ്യ നായർ

Aug 1, 2021 12:03 PM

അമ്മയും കുട്ടിയും; മകനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് നവ്യ നായർ

വിവാഹശേഷം ചില സിനിമകളിൽ അഭിനയിച്ചുവെങ്കിലും വേണ്ടത്ര രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. ഇതോടെ നവ്യ സിനിമ വിട്ട് ടെലിവിഷൻ ഷോ അവതാരകയായി...

Read More >>
Trending Stories